തിരുവനന്തപുരം: കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് ബംഗാള്‍ മാല്‍ഡ സ്വദേശി മണിക് റോയിയെ (50) മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്. റൂറല്‍ എസ്.പി ബി.അശോകനാണ് അന്വേഷണത്തില്‍ പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
മണിക് റോയിയുടെ മൊഴിയെടുക്കുന്നതിലും പൊലീസിന് വീഴ്ചവന്നു. ജൂണ്‍ 24ന് രാത്രി ഏഴ് മണിയോടെ താമസ സ്ഥലത്തിനടുത്താണ് മണിക് റോയ് അഞ്ചംഗ സംഘത്തിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായത്.
എന്നാല്‍ മണിക് റോയിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയത് അന്ന് രാത്രി 12 മണിക്കായിരുന്നു. പിന്നീട് ഈ കേസില്‍ തുടരന്വേഷണത്തിനും പൊലീസ് തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ALSO READ: നവാസ് ഷെരീഫിനെയും മകളെയും ഇസ്‌ലാമാബാദിലെ ജയിലിലേക്ക് മാറ്റി
സംഭവവുമായി ബന്ധപ്പെട്ട് ശശിധരക്കുറുപ്പ്, ആസിഫ് (23) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
മണിക്കിന് മര്‍ദ്ദനമേറ്റ സമയത്ത് ആസിഫ് ബൈക്കില്‍ സംഭവ സ്ഥലത്ത് എത്തിയിരുന്നു. ശശിധരക്കുറുപ്പാണ് ആസിഫിനെ ഇതിനായി വിളിച്ചുവരുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മണിക്കിനെ മര്‍ദ്ദിച്ചശേഷം പിന്നീട് അവിടെ നിന്ന് പോയ ആസിഫിന്റെ ബൈക്ക് കണ്ടെത്താന്‍ എസ്.ഐ രാജേഷ് ശ്രമിച്ചില്ലെന്ന് എസ്.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഐ.ജിക്ക് കൈമാറിയിട്ടുണ്ട്.