| Saturday, 18th May 2013, 10:04 pm

ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്താന്‍ എസ്&പി യുടെ ശ്രമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:  കേന്ദ്ര ഗവണ്‍മെന്റ് കൂടുതല്‍ സാമ്പത്തിക പരിഷ്‌കരണ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കിയില്ലെങ്കില്‍  നടപ്പ് കലണ്ടര്‍ വര്‍ഷം ഇന്ത്യയുട ക്രെഡിറ്റ് റേറ്റിംഗ് കുത്തനെ താഴ്ത്തുമെന്ന് രാജ്യാന്തര റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേഴ്‌സ് (എസ്&പി) മുന്നറിയിപ്പ് നല്‍കി.[]

കറന്റ് അക്കൗണ്ട് കമ്മി പിടിച്ചു നിര്‍ത്തുന്നതുള്‍പ്പെടെ കാര്യക്ഷമമായ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ അടിയന്തരമായി ഇന്ത്യ സ്വീകരിക്കണമെന്നാണ് എസ് ആന്‍ഡ് പിയുടെ ആവശ്യം.[]

നടപ്പു കലണ്ടര്‍ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ഇന്ത്യ ഇക്കാര്യത്തില്‍ നടപടികളൊന്നും എടുത്തില്ലെങ്കില്‍ റേറ്റിംഗ് താഴ്ത്താനാണ് എസ് ആന്‍ഡ് പിയുടെ നീക്കം.

ഇന്ത്യയുടെ വ്യോമയാന, ഇന്‍ഷൂറന്‍സ് മേഖലകളില്‍ കൂടുതല്‍ വിദേശ നിക്ഷേപം അനുവദിക്കുന്നത് ഉള്‍പ്പെടെ കഴിഞ്ഞ സാമ്പത്തികവര്‍ഷം കേന്ദ്രസര്‍ക്കാര്‍ ചില സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ പ്രഖ്യാപിച്ചെങ്കിലും അവക്കൊന്നും പ്രതീക്ഷിച്ച ഫലം നല്‍കാന്‍ കഴിഞ്ഞില്ലെന്നാണ് എസ് ആന്‍ഡ് പി പറയുന്നത്.

നിലവില്‍ താരതമ്യേന കുറഞ്ഞ റേറ്റിംഗായ “ബി.ബി.ബി മൈനസ്” ആണ് ഇന്ത്യയുടെ റേറ്റിംഗ്. മികച്ച നിക്ഷേപ സൗഹൃദ രാജ്യങ്ങള്‍ക്ക് എസ് ആന്‍ഡ് പി നല്‍കുന്ന ഏറ്റവും കുറഞ്ഞ റേറ്റിംഗ് ആണ് ബി.ബി.ബി മൈനസ്. റേറ്റിംഗ് ബി.ബി.ബി മൈനസിലും താഴെ എത്തിയാല്‍ ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപങ്ങളുടെ ഒഴുക്കിനെ അത് സാരമായി ബാധിക്കും.

ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി ഉയര്‍ന്ന തലത്തിലാണെന്നത് നിക്ഷേപകര്‍ക്ക് തിരിച്ചടിയാണെന്നും അതുകൊണ്ട് വിദേശ നിക്ഷേപകരെ പിടിച്ചു നിറുത്തുന്നതിന് ഇന്ത്യ കൂടുതല്‍ മികച്ച സാമ്പത്തിക പരിഷ്‌കരണ പദ്ധതികള്‍ സ്വീകരിക്കണമെന്നും എസ് ആന്‍ഡ് പി ചീഫ് ഇക്കണോമിസ്റ്റ് തകാഹിറ ഒഗാവ പറഞ്ഞു. കാര്‍ഷിക, വ്യാവസായിക, നിര്‍മ്മാണ മേഖലകളിലെ ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

We use cookies to give you the best possible experience. Learn more