| Tuesday, 28th February 2023, 10:54 pm

യേശുദാസ് നന്ദികേടിന്റെ ആള്‍രൂപമായി മാറി, വയലാറിനെ പറ്റിയുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ വലിയ നടുക്കമുണ്ടാക്കി: എസ്.പി. നമ്പൂതിരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗാനരചയിതാവ് വയലാര്‍ രാമവര്‍മയുടെ മരണശേഷം യേശുദാസ് അദ്ദേഹത്തിന്റെ കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല എന്ന് പറയുകയാണ് വയലാറിന്റെ സുഹൃത്തും കവിയും എഴുത്തുകാരനുമായ എസ്.പി. നമ്പൂതിരി. വയലാറിന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിച്ചപ്പോള്‍ അതിലേക്കും സംഭാവന നല്‍കാന്‍ യേശുദാസ് തയാറായില്ലെന്നും നന്ദികേട് നിറഞ്ഞ വാക്കുകള്‍ സംസാരിച്ചുവെന്നും നമ്പൂതിരി പറഞ്ഞു. സന്ദേശ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘വയലാര്‍ രാമവര്‍മ മരിച്ചതിന് ശേഷം യേശുദാസ് അദ്ദേഹത്തിന്റെ കുടുംബത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ല. അത് തിരക്ക് കൊണ്ടാണെന്ന് മനസിലാക്കാം. വയലാറിന്റെ മരണത്തോടെ ആദ്ദേഹത്തിന്റെ കുടുംബം അനാഥമായി. അദ്ദേഹത്തിന് സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല. ആര്‍ഭാടമായാണ് ജീവിച്ചത്. ഭാര്യയും അമ്മയും കുട്ടികളും ഉള്‍പ്പെടുന്ന കുടുംബത്തെ സംരക്ഷിക്കാനും കൂടി ഒരു ട്രസ്റ്റ് ഫോം ചെയ്തിരുന്നു. അതിന്റെ പ്രധാന ഉദ്ദേശം വയലാറിന്റെ സ്മരണക്കായി അവാര്‍ഡ് കൊടുക്കുക എന്നതായിരുന്നു.

എല്ലാ സിനിമാ താരങ്ങളും, സാങ്കേതിക വിദഗ്ദരും, അണിയറ പ്രവര്‍ത്തകരും സിനിമയോട് ബന്ധപ്പെട്ട എല്ലാവരും അതില്‍ സഹകരിച്ചു. യേശുദാസ് മാത്രം സഹകരിച്ചില്ല. സഹകരിച്ചില്ലെന്ന് മാത്രമല്ല, അദ്ദേഹം ഒരു വാചകം പറഞ്ഞു. കാശ് കിട്ടിയ കാലത്ത് അതായത് നല്ല കാലത്ത് കിട്ടിയ കാശ് മുഴുവന്‍ കള്ള് കുടിച്ച് ലിവര്‍ സിറോസിസ് പിടിച്ചതിന് നമ്മളെ പോലെയുള്ളവര്‍ എന്ത് ചെയ്യാനാണെന്ന് ചോദിച്ചു. ആ സമയത്ത് ആ മനുഷ്യന്‍ നന്ദികേടിന്റെ ആള്‍രൂപമായി മാറി. നന്ദികേടിന് കയ്യും കാലും വെച്ചത് പോലെയാണ് അപ്പോള്‍ അയാള്‍ സംസാരിച്ചത്.

പിന്നീട് അത് പത്ര സമ്മേളനത്തില്‍ പോലും പറഞ്ഞു. അത് വയലാറിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ഒരു വലിയ നടുക്കമായി. ഇത്രയും മധുരമായ ശബ്ദമുള്ള ഒരാള്‍ക്ക് ഇത്രയും കര്‍ക്കശമായ വാക്ക് പറയാന്‍ സാധിച്ചല്ലോ എന്ന് ഞാന്‍ അത്ഭുതപ്പെടുകയാണെന്നാണ് വയലാറിന്റെ ഭാര്യ എന്നോട് പറഞ്ഞത്,’ എസ്.പി. നമ്പൂതിരി പറഞ്ഞു.

Content Highlight: sp namboothiri about yesudas and vayalar ramavarma

Latest Stories

We use cookies to give you the best possible experience. Learn more