| Friday, 31st December 2021, 11:51 am

അവസാനിക്കാത്ത റെയ്ഡ്; യു.പിയില്‍ സമാജ്‌വാദി നിയമസഭാംഗത്തിന്റെ വസതിയിലും സ്ഥാപനങ്ങളിലും ആദായനികുതിവകുപ്പിന്റെ പരിശോധന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ബിസിനസുകാരനും ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടി നിയമസഭാംഗവുമായ പുഷ്പരാജ് ജെയ്നിന്റെ വസതിയിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്.

ഉത്തര്‍പ്രദേശിലെ 50 ഓളം സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. വന്‍ തോതിലുള്ള നികുതി വെട്ടിപ്പ് നടത്തിയതായുള്ള വിവരത്തിന്റെ പുറത്താണ് റെയ്‌ഡെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഫെര്‍ഫ്യൂം ബിസിനസ് നടത്തുന്ന ചില ആളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
യു.പിയിലെ സമാജ്‌വാദി പാര്‍ട്ടിയുടെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമാണ് പുഷ്പരാജ് ജെയിന്‍ പാമ്പി.

എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞ മാസം അദ്ദേഹം ‘സമാജ്‌വാദി ഇത്ത്ര’ എന്ന പേരില്‍ ഒരു പുതിയ പെര്‍ഫ്യൂം പുറത്തിറക്കിയിരുന്നു. അതേസമയം കനൗജ് ആസ്ഥാനമായുള്ള ‘മുഹമ്മദ് യാക്കൂബ് പെര്‍ഫ്യൂം’ എന്ന സ്ഥാപനത്തിലും പുലര്‍ച്ചെ റെയ്ഡ് നടത്തിയിരുന്നു.

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് പാര്‍ട്ടി ആരോപിച്ചു.

കഴിഞ്ഞ തവണത്തെ വന്‍ പരാജയത്തിന് ശേഷം, ബി.ജെ.പിയുടെ ഇഷ്ടക്കാരായ ഇന്‍കംടാക്‌സ് ഡിപാര്‍ട്‌മെന്റ് എസ്.പി എം.എല്‍.സി പുഷ്പരാജ് ജെയിന്റേയും കനൗജിലെ മറ്റ് പെര്‍ഫ്യൂം വ്യാപാരികളുടെ സ്ഥാപനങ്ങൡും റെയ്ഡ് നടത്തുകയാണ്. തെരഞ്ഞെടുപ്പില്‍ പരാജയം ഭയന്ന ബി.ജെ.പി കേന്ദ്ര ഏജന്‍സികളെ പരസ്യമായി ദുരുപയോഗം ചെയ്യുന്നത് യു.പി തെരഞ്ഞെടുപ്പില്‍ സാധാരണമാണ്.

ജനങ്ങള്‍ എല്ലാം വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, അവര്‍ ഇതിനുള്ള ഉത്തരം വോട്ടുകൊണ്ട് നല്‍കും, സമാജ്‌വാദി പാര്‍ട്ടി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രതികരിച്ചു.

ഈ മാസം ആദ്യം, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജി.എസ്.ടി ഇന്റലിജന്‍സ് (ഡി.ജി.ജി.ഐ) കാണ്‍പൂര്‍ ആസ്ഥാനമായുള്ള സുഗന്ധദ്രവ്യ വ്യാപാരി പിയൂഷ് ജെയ്നിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. 197 കോടിയിലധികം പണവും 23 കിലോ സ്വര്‍ണവും 6 കോടി രൂപ വിലമതിക്കുന്ന സാധനങ്ങളുമായിരുന്നു കാണ്‍പൂരിലെയും കനൗജിലെയും സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത്.

ഇതിന് പിന്നാലെ പിയൂഷ് ജെയിന് സമാജ്‌വാദി പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങളെയെല്ലാം തള്ളുകയായിരുന്നു അഖിലേഷ് യാദവ്.

ഐ.ടി റെയ്ഡുമായി ബന്ധപ്പെട്ട് സമാജ്‌വാദി പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലിരുന്നപ്പോള്‍ ഉത്തര്‍പ്രദേശിലുടനീളം അഴിമതിയുടെ സുഗന്ധം വിതറിയെന്നായിരുന്നു മോദിയുടെ പരിഹാസം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: SP MLC Pushpraj Jain, maker of Samajwadi perfume, raided for tax evasion

We use cookies to give you the best possible experience. Learn more