ലഖ്നൗ: സ്വകാര്യ ആശുപത്രിയിലെ ബിൽ വർധനക്കെതിരെ ഉത്തർപ്രദേശിലെ മീററ്റിൽ കളക്ടറേറ്റിന് മുമ്പിൽ സമാജ്‌വാദി പാർട്ടി എം.എൽ.എയുടെ നിരാഹാര സമരം.
ബിൽ വർധനയിലൂടെ പാവപ്പെട്ട ജനങ്ങളെ ആശുപത്രികൾ കൊള്ളയടിക്കുന്നത് വെളിച്ചത്ത് കൊണ്ടുവരാനാണ് തന്റെ സമരമെന്ന് എം.എൽ.എ അതുൽ പ്രധാൻ പറഞ്ഞു.
അതേസമയം എം.എൽ.എക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മീററ്റ് ചാപ്റ്ററിലെ ഉദ്യോഗസ്ഥർ മറ്റൊരു പ്രതിഷേധം നടത്തി. എം.എൽ.എ തുടർച്ചയായി ഉപദ്രവിക്കുന്നുവെന്നാണ് ആരോപണം. അതുൽ പ്രധാൻ നിരാഹാര സമരം അവസാനിപ്പിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി മുതിർന്ന ഡോക്ടർ വിശ്വജിത്ത് ബാംബി രംഗത്ത് വന്നു.
‘ഞങ്ങളുടെ ദൈനംദിന പ്രവർത്തനത്തെ താളം തെറ്റിക്കുന്ന രീതിയിൽ രാഷ്ട്രീയ നേതാക്കളുടെ ഇടപെടൽ വർധിക്കുന്നത് നോക്കിനിൽക്കാനാകില്ല. മീററ്റിലെ മെഡിക്കൽ രംഗത്തിന്റെ കണ്ണിലെ കരടാണ് അതുൽ പ്രധാൻ. ഞങ്ങളിൽ നിന്ന് പണം തട്ടിയെടുക്കലാണ് അയാളുടെ ഉദ്ദേശം,’ ബാംബി പറഞ്ഞു.
നവംബർ എട്ടിന് തന്റെ അനുയായിയായ രവീന്ദ്രകുമാറിന്റെ മരുമകളുടെ പ്രസവത്തിന് നുതേമ ആശുപത്രി എട്ട് ലക്ഷം രൂപ ബിൽ ഈടാക്കിയെന്നാരോപിച്ച് പ്രധാനും കൂട്ടരും ആശുപത്രിയിലേക്ക് ഇരച്ചുകയറിയിരുന്നു.
ബില്ലടയ്ക്കാതെ എം.എൽ.എയും കൂട്ടരും രോഗിയെയും അവരുടെ നവജാത ശിശുവിനെയും ബലമായി പിടിച്ചു കൊണ്ടു പോയെന്ന് ആശുപത്രി ഡയറക്ടർ ഡോക്ടർ സന്ദീപ് കുമാർ ഗാർഗ് ആരോപിച്ചു.
തുടർന്ന് നവംബർ 9ന് ആശുപത്രി അധികൃതർ പ്രധാനും രോഗിക്കും അനുയായികൾക്കുമെതിരെ പരാതി നൽകിയിരുന്നു.
Content Highlight: SP MLA Atul Pradhan intensifies protest against ‘inflated hospital bills’, begins hunger strike in Meerut