| Wednesday, 26th June 2024, 8:27 am

എന്താ ജയ് ശ്രീരാം വിളിക്കുന്നില്ലേ? അയോധ്യയിലെ എസ്.പി, എം.പി അവധേഷ്‌ പ്രസാദിന്റെ സത്യപ്രതിജ്ഞക്കിടയിൽ നാടകീയ രംഗങ്ങൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ലോക്‌സഭ സത്യപ്രതിജ്ഞയിൽ ജയ് ഭാരത് മാതാ എന്ന് മാത്രം പറഞ്ഞ് സത്യപ്രതിജ്ഞ ചൊല്ലിയ ബി.ജെ.പി എം.പിമാരോട് ജയ്‌ശ്രീരാം വിളിക്കുന്നില്ലേ എന്ന പരിഹാസവുമായി ഉത്തർപ്രദേശിലെ എസ്.പി എം.പിമാർ. ചോദ്യത്തിന് മറുപടി പറയാതെ സത്യപ്രതിജ്ഞ ചൊല്ലി തീർക്കുകയായിരുന്നു ബി.ജെ.പി എം.പിമാർ.

എന്നാൽ ജയ് ശ്രീരാം വിളിച്ച ചില എം.പിമാർക്കുള്ള മറുപടിയായി അയോധ്യയിലെ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തിൽ നിന്ന് വിജയിച്ച എസ്.പി നേതാവ് അവധേഷ്‌ പ്രസാദ് എഴുന്നേറ്റ് കൈ വീശി അഭിവാദ്യം ചെയ്തു. ഇത് ലോക്സഭയിൽ ചിരി പടർത്തി.

മീറത്ത് ബി.ജെ.പി എം.പിയായ നടൻ അരുൺ കോവിൽ സത്യപ്രതിജ്ഞ ചെയ്തത് സംസ്കൃതത്തിലായിരുന്നു. അദ്ദേഹം പ്രതിജ്ഞക്കവസാനം ജയ് ശ്രീരാം വിളിച്ചപ്പോൾ, രാധേ രാധേ എന്ന് ചൊല്ലിയായിരുന്നു ഹേമമാലിനിയുടെ സത്യപ്രതിജ്ഞ.

Also Read: കുരുക്ക് മുറുക്കാൻ സി.ബി.ഐയും; കെജ്‌രിവാളിനെ തിഹാർ ജയിലിലെത്തി ചോദ്യം ചെയ്തു

എന്നാൽ നഗീനയിൽ നിന്ന് ജയിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ഭരണഘടന ഉയർത്തിപ്പിടിച്ച് ജയ് ഭീം എന്നുറക്കെ പറഞ്ഞുകൊണ്ടായിരുന്നു സത്യപ്രതിജ്ഞ ചൊല്ലിയത്.

ജയ്‌ഹിന്ദുരാഷ്ട്ര എന്ന് വിളിച്ച് കൊണ്ട് സത്യപ്രതിജ്ഞ ചെയ്ത ബി.ജെ.പി നേതാവ് ഛത്രപാൽ സിങ് ഗാങ്‌വറിന്റെ നടപടിയെ ചോദ്യം ചെയ്ത് പ്രതിപക്ഷം ഒന്നടങ്കം എഴുന്നേറ്റ് നിന്നു. ഭരണഘടന പാലിക്കുമെന്ന് പറയുന്ന സത്യപ്രതിജ്ഞ വേളയിൽ പോലും ഇത്രയും വലിയ ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയ ഛത്രപാലിനെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു.

സത്യപ്രതിജ്ഞ അസാധുവാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും പ്രതിജ്ഞയില്ലാത്ത വാചകങ്ങൾ രേഖയിൽ നീക്കുമെന്നായിരുന്നു പ്രോ ടൈം സ്പീക്കറുടെ മറുപടി.

Content Highlight:  sp member avadhesh prasad waved hand to Jai sreeraam

We use cookies to give you the best possible experience. Learn more