| Wednesday, 14th March 2018, 1:13 pm

മാധ്യമങ്ങളെയും ഏജന്റുമാരേയും കൗണ്ടിങ് സെന്ററില്‍ നിന്ന് പുറത്താക്കിയത് ബിജെ.പിയെ വിജയിപ്പിക്കാന്‍; ജില്ലാ ഭരണകൂടത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗോരഖ്പൂര്‍: ഗോരഖ്പൂര്‍ തെരഞ്ഞെടുപ്പിന്റെ വോട്ടിങ് പുരോഗമിക്കവേ ബി.ജെ.പിയുടെ നില പരുങ്ങലിലാണെന്നറിഞ്ഞതോടെ മാധ്യമങ്ങളേയും ഏജന്റുമാരേയും ജില്ലാ ഭരണകൂടം ബോധപൂര്‍വം പുറത്താക്കുകയായിരുന്നെന്ന ആരോപണവുമായി എസ്.പി നേതാവ് നരേഷ് ഉത്തം പട്ടേല്‍. തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിലാണ് നരേഷ് ജില്ലാ ഭരണകൂടത്തിനെതിരെ രംഗത്തെത്തിയത്.

ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പിക്കാന്‍ വേണ്ടിയാണ് ജില്ലാ ഭരണകൂടം ഇത്തരതിലൊരു നിലപാട് സ്വീകരിച്ചതെന്നും ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും കത്തില്‍ നരേഷ് ഉത്തം ആവശ്യപ്പെടുന്നു.

വോട്ടിങ് ആരംഭിച്ചയുടന്‍ മാധ്യമങ്ങള്‍ക്കും ഏജന്റുമാര്‍ക്കും വിലക്കില്ലായിരുന്നന്നും എന്നാല്‍ ബി.ജെ.പി പരാജയപ്പെടുമെന്ന് വന്നതോടെ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ ഇത്തരമൊരു നടപടി സ്വീകരിക്കുകയായിന്നെന്നും കത്തില്‍ ഇദ്ദേഹം പറയുന്നു.

ഗോരഖ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തട്ടിപ്പു നടക്കാന്‍ സാധ്യതയുണ്ടെന്ന ആരോപണവുമായി എസ്.പി സ്ഥാനാര്‍ത്ഥി പ്രവീണ്‍ കുമാര്‍ നിഷാദും രംഗത്തെത്തിയിരുന്നു. സ്ട്രോങ് റൂമില്‍ നിന്നും സമാജ്വാദി പാര്‍ട്ടിയുടെ ഏജന്റുമാരെ പുറത്താക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

യു.പിയിലെ ഭരണം ഉപയോഗിച്ച് സര്‍ക്കാറിന് എന്തും ചെയ്യാന്‍ കഴിയും. അതുകൊണ്ട് എല്ലാവരുടെയും മനസില്‍ സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ ഫലം പുറത്തുവന്ന ഘട്ടത്തില്‍ സമാജ്വാദി പാര്‍ട്ടിയാണ് ഗോരഖ്പൂരില്‍ മുന്നിട്ടു നില്‍ക്കുന്നത്. 43,456 വോട്ടുകള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഉപേന്ദ്ര ദത്ത ശുക്ല നേടിയപ്പോള്‍ സമാജ്വാദി പാര്‍ട്ടിയുടെ പ്രവീണ്‍ കുമാര്‍ നിഷാദ് 44979 വോട്ടുകള്‍ നേടി മുന്നിട്ടുനില്‍ക്കുകയാണ്.

“ഓരോ റൗണ്ടിലെയും വോട്ടെണ്ണല്‍ പുരോഗതിയെക്കുറിച്ച് ജില്ലാ മജിസ്ട്രേറ്റാണ് മാധ്യമങ്ങള്‍ക്കു ഇപ്പോള്‍ വിവരം നല്‍കുന്നത്. മൂന്നു റൗണ്ടിലെ കണക്കുകള്‍ ഇതിനകം പുറത്തുവിട്ടു. തെരഞ്ഞെടുപ്പു കമ്മീഷന്റെ പാസുണ്ടായിട്ടും കൗണ്ടിങ് നടക്കുന്ന സ്ഥലത്ത് കടക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് അനുവദിക്കുന്നില്ല.” എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

We use cookies to give you the best possible experience. Learn more