ലഖ്നൗ: സമാജ്‌വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിങ് യാദവ് അതീവ ഗുരുതരാവസ്ഥയില്‍. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹമിപ്പോഴുള്ളത്.
82കാരനായ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവ് അനാരോഗ്യത്തെ തുടര്‍ന്ന് നിരവധി ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യ നില വഷളായതോടെ ഇന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ. സുശീല കതാരിയ പറഞ്ഞു. മകനും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് ഡല്‍ഹിയില്‍ നിന്ന് ഗുരുഗ്രാമിലെ ആശുപത്രിയിലേക്ക് പുറപ്പെട്ടു.
ഏറെനാളായി ആരോഗ്യ കാരണങ്ങളാല്‍ പൊതു വേദികളില്‍ നിന്ന് മാറി നില്‍ക്കുകയാണ് മുലായം സിങ് യാദവ്.
അതേസമയം, ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ പരാജയപ്പൈത്താന്‍ സമാജ്വാദി പാര്‍ട്ടിക്ക് മാത്രമേ കഴിയൂ എന്ന് അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സമാജ്വാദി പാര്‍ട്ടി അധ്യക്ഷനായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വര്‍ഷം ആദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ എസ്.പി കഠിനമായി പ്രയത്‌നിച്ചു. എന്നാല്‍ ബി.ജെ.പി ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
‘അവര്‍ എല്ലാ കുതന്ത്രങ്ങളും പ്രയോഗിച്ചു. ഇതാണ് തങ്ങള്‍ തോല്‍ക്കാന്‍ കാരണം. 2019ലെയും 2022ലെയും പരീക്ഷണങ്ങള്‍ വിജയിച്ചില്ല. എനിക്ക് ഒരു കാര്യം പറയാന്‍ കഴിയും. ഇന്ന് ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയുന്ന ആരെങ്കിലുമുണ്ടെങ്കില്‍, അത് സമാജ്വാദി പാര്‍ട്ടിയാണ്,’ അദ്ദേഹം പറഞ്ഞു.