| Sunday, 9th June 2024, 8:23 am

ബി.ജെ.പിയെ പരാജയപ്പെടുത്തിയ അയോധ്യക്കർക്ക് നേരെ സൈബർ ആക്രമണം; നടപടി ആവശ്യപ്പെട്ട് സമാജ്‌വാദി പാർട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അയോദ്ധ്യ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ബി.ജെ.പിയുടെ പരാജയത്തിന് പിന്നാലെ അയോധ്യയിലെ ജനങ്ങൾക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമാജ്‌വാദി പാർട്ടിയുടെ മുൻ എം.എൽ.എ തേജ് നരേൻ പാണ്ഡെ. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇത് പറഞ്ഞത്.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതോടെ നിരവധി ആളുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ അയോധ്യയിലെ ജനങ്ങൾക്ക് നേരെ അസഭ്യവർഷം നടത്തുന്നുണ്ടെന്നും ഇതിനെതിരെ കർശന നടപടികളെടുക്കണമെന്നും നരേൻ പാണ്ഡെ അധികാരികളോട് ആവശ്യപ്പെട്ടു.

‘അയോധ്യയിലെ ജനങ്ങൾക്ക് നേരെ സൈബർ ആക്രമണം നടത്തുന്നവരെ കണ്ടെത്തുകയും തക്കതായ ശിക്ഷ അവർക്ക് നൽകുകയും വേണം. ഇത് നടപ്പിലാക്കുന്നുണ്ടോ എന്ന് ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കുകയും ചെയ്യണം. കുറ്റവാളികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുകയും വേണം,’ അദ്ദേഹം പറഞ്ഞു.

അയോധ്യയിലെ ജനങ്ങളെ കാലങ്ങളായി ബി.ജെ.പി ചൂഷണം ചെയ്യുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘അയോധ്യയിലെ സാധാരണക്കാരുടെ വീടുകളും കടകളും അവർ പൊളിച്ച് കളഞ്ഞു. എന്നാൽ അവർക്ക് വേണ്ടവിധം നഷ്ടപരിഹാരം നൽകിയതുമില്ല. ഭരണാധികാരികളും പൊലീസ് ഉദ്യോഗസ്ഥരുമടക്കമുള്ളവർ അവരെ കൊള്ളയടിക്കുകയാണ് ചെയ്തത്. തീർച്ചയായും ഇത് തിരിച്ചറിയുന്ന ജനങ്ങൾ ഭരണകൂടത്തിനെതിരെ തിരിയും. പരാതിപ്പെടാൻ ചെന്ന ജനങ്ങൾക്ക് അധിക്ഷേപം മാത്രമാണ് ലഭിച്ചത്. അവരനുഭവിച്ച അനീതിക്ക് പകരം ചോദിക്കാൻ ജനങ്ങൾക്ക് ഒരു അവസരം ലഭിച്ചു. അവർ അത് ഉപയോഗിച്ചു ,’ അദ്ദേഹം പറഞ്ഞു.

അതോടൊപ്പം അയോധ്യയിലെ പരാജയം ബി.ജെ.പിക്ക് ഏൽപ്പിച്ച ആഘാതത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘ബി.ജെ.പിയുടെ അഹങ്കാരം അയോധ്യയിലെ ജനങ്ങൾ തകർത്തെറിഞ്ഞു. ഇന്നിപ്പോൾ നരേന്ദ്രമോദി പ്രധാനമന്ത്രിയാകുമോ എന്നതിലുപരി ബി.ജെ.പി അയോധ്യയിൽ തോറ്റു എന്നതിനെക്കുറിച്ചാണ് പാർട്ടിയിൽ ചർച്ച നടക്കുന്നത്. അത് കൊണ്ട് തന്നെ ബി.ജെ.പി ഏജന്റുമാർ അയോധ്യയിലെ ജനങ്ങൾക്കെതിരെ തിരിഞ്ഞിട്ടുണ്ട്. അവർക്കെതിരെ അസഭ്യവർഷങ്ങൾ നടത്തി ആത്മസംതൃപ്തി കൊള്ളുകയാണവർ. ഇതിനെതിരെ കർശന നടപടി എടുക്കണം,’ അദ്ദേഹം പറഞ്ഞു.

ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ അയോദ്ധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ ബി.ജെ.പി പരാജയപ്പെട്ടിരുന്നു. സിറ്റിങ് എം.പിയായ ലല്ലു സിങ് സമാജ്‌വാദി പാർട്ടിയുടെ സ്ഥാനാർഥിയായ അവധേശ് പ്രസാദിനോടാണ് പരാജയപ്പെട്ടത്. രാമക്ഷേത്രം ഉൾപ്പെടുന്ന ഫൈസാബാദിലെ തോൽവി ബി.ജെ.പിക്ക് വലിയൊരു തിരിച്ചടിയാണ് നൽകിയത്.

Content Highlight: SP leader demands action against those abusing people from Ayodhya after BJP’s defeat

We use cookies to give you the best possible experience. Learn more