| Wednesday, 18th October 2023, 8:34 pm

വ്യാജ ജനന സർട്ടിഫിക്കറ്റ്; എസ്.പി മുൻ എം.പിക്കും കുടുംബത്തിനും ഏഴ് വർഷം തടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ എസ്.പി നേതാവും മുൻ എം.പിയുമായ അസം ഖാനും ഭാര്യ തൻസീൻ ഫാത്തിമക്കും മകൻ അബ്ദുള്ള അസം ഖാനും ഏഴ് വർഷം തടവ്. ഉത്തർപ്രദേശിലെ രാംപൂർ കോടതിയുടേതാണ് വിധി.

ലഖ്‌നൗവിൽ നിന്നും രാംപൂരിൽ നിന്നുമായി രണ്ട് വ്യാജ ജനന സർട്ടിഫിക്കറ്റുകൾ ചമച്ചതിന് മകനെ അസം ഖാനും ഭാര്യയും സഹായിച്ചു എന്നതാണ് കേസ്. അബ്ദുള്ള അസമിന്റെ ഒരു സർട്ടിഫിക്കറ്റിൽ ജനന തീയ്യതി ജനുവരി 1, 1993 എന്നും മറ്റൊന്നിൽ സെപ്റ്റംബർ 30, 1990 എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്.

ആദ്യത്തെ സർട്ടിഫിക്കറ്റ് പാസ്പോർട്ടിനും വിദേശ യാത്രകൾക്കും ഉപയോഗിച്ചുവെന്നും രണ്ടാമത്തെ സർട്ടിഫിക്കറ്റ് സർക്കാർ ആവശ്യങ്ങൾക്കും ജൗഹർ സർവകലാശാലയിൽ നിന്ന് അംഗീകാരം നേടുന്നതിനും ഉപയോഗിച്ചെന്നുമാണ് ആരോപണം.

പ്രതികൾക്ക് 15,000 രൂപയുടെ പിഴയും ചുമത്തിയിട്ടുണ്ട്. വിധി പ്രഖ്യാപനത്തെ തുടർന്ന് അസം ഖാനെയും ഭാര്യയെയും മകനെയും രാംപൂർ ജയിലിലേക്ക് മാറ്റി. നിലവിൽ ജാമ്യത്തിൽ കഴിയുകയായിരുന്നു മൂവരും.

ഐ.പി.സിയിലെ സെക്ഷൻ 420 (വഞ്ചന), സെക്ഷൻ 467, 468, 471 (വ്യാജരേഖ ചമക്കൽ), 120 ബി (ക്രിമിനൽ ഗൂഢാലോചന) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

2017 നിയമസഭാ തെരഞ്ഞെടുപ്പിൽ രാംപൂരിലെ സ്വാർ മണ്ഡലത്തിൽ നിന്ന് അബ്ദുള്ള എസ്.പി സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചെങ്കിലും നാമനിർദേശം നൽകുമ്പോൾ 25 വയസിന് താഴെയായിരുന്നു പ്രായം എന്ന് ചൂണ്ടിക്കാട്ടി 2019ൽ അലഹബാദ് ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു.

അതേസമയം, അസം ഖാനെയും കുടുംബത്തെയും ലക്ഷ്യമിട്ട് ഒരു വിഭാഗത്തെ ഭയപ്പെടുത്താനുള്ള ശ്രമമാണെന്നാണ് എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് വിധിയോട് പ്രഖ്യാപിച്ചത്. ജനങ്ങൾ എല്ലാം കാണുന്നുണ്ട് എന്ന് മാത്രമല്ല, മനസ്സിലാക്കുന്നുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വിധിക്കെതിരെ മേൽകോടതിയിൽ ഹരജി നൽകുമെന്ന് അസം ഖാന്റെ അഭിഭാഷകൻ നാസിർ സുൽത്താൻ പറഞ്ഞു. രാംപൂരിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ ആകാശ് സക്സേനയുടെ പരാതിയിലായിരുന്നു കേസ് ഫയൽ ചെയ്തത്.

2017ൽ ബി.ജെ.പി സംസ്ഥാനത്ത് അധികാരത്തിൽ വന്നതിന് ശേഷം ഭൂമി തട്ടിപ്പ്, വഞ്ചന ഉൾപ്പെടെയുള്ള കുറ്റങ്ങളിൽ അസം ഖാനെതിരെ 81 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Content Highlight: SP leader Azam Khan, wife, son get seven-year jail terms in fake birth documents case

We use cookies to give you the best possible experience. Learn more