| Tuesday, 20th August 2019, 11:54 am

മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന സഖ്യത്തെ വീഴ്ത്താന്‍ കോണ്‍ഗ്രസിനോട് കൈകോര്‍ക്കാനൊരുങ്ങി എസ്.പി; മുസ്ലീം സമുദായത്തെ ഒപ്പം കൂട്ടാന്‍ ശ്രമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തോട് കൈകോര്‍ക്കാനൊരുങ്ങി സമാജ്‌വാദി പാര്‍ട്ടിയും(എസ്.പി).
288 അംഗ മഹാരാഷ്ട്രാ നിയമസഭയില്‍ ഒരു സീറ്റ് മാത്രമുള്ള എസ്.പിക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റെങ്കിലും നല്‍കണമെന്നാണ് ആവശ്യം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം സമുദായത്തെ ഒപ്പം കൂട്ടാന്‍ എസ്.പി ആഗ്രഹിക്കുന്നുവെന്നും
മുസ്ലീം പ്രാതിനിധ്യം കൂടുതലുള്ള മുംബൈയിലും പരിസരപ്രദേശങ്ങളിലും തങ്ങളുടെ ശക്തിതെളിയിക്കാനാണ് ഇവരുടെ ശ്രമമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

‘ഞങ്ങള്‍ ഇത് സംബന്ധിച്ച് കോണ്‍ഗ്രസുമായി ചര്‍ച്ചയിലാണ്. പത്ത് സീറ്റുകളാണ് ഞങ്ങള്‍ ആവശ്യപ്പെട്ടതെങ്കിലും കുറഞ്ഞത് മൂന്ന് സീറ്റെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന്’ മുതിര്‍ന്ന എസ്.പി നേതാവ് പറഞ്ഞു. മന്‍ഖുര്‍ദ്-ശിവാജി നഗര്‍, ബൈക്കുള, ഭിവണ്‍ഡി (കിഴക്കന്‍) എന്നിവയാണ് ഈ മൂന്ന് സീറ്റുകള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എസ്.പിയുടെ മഹാരാഷ്ട്രയുടേയും മുംബൈയുടേയും ചുമതലയുള്ള അബു ആസിം അസ്മിയാണ് മന്‍ഖുര്‍ദ്-ശിവാജി നഗറിനെ പ്രതിനിധീകരിക്കുന്നത്. അതേസമയം, ഭിവണ്‍ഡി(കിഴക്കന്‍) നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ശിവസേനയിലെ രൂപേഷ് മത്രെയാണ്.

എസ്.പിയുടെ റായിസ് ഷെയ്ഖ് ബൈക്കുള്ളയില്‍ നിന്നും മത്സരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

‘മതേതര വോട്ടുകള്‍ വിഭജിക്കാതിരിക്കാന്‍ ഞങ്ങള്‍ കോണ്‍ഗ്രസിന് മുന്നില്‍ ചില നിബന്ധനകള്‍ വെക്കും.എത്ര സീറ്റ് എന്നത് സംബന്ധിച്ച ചര്‍ച്ച നടത്താന്‍ ഞാന്‍ തയ്യാറാണ്.’ ആസീം അസ്മി വ്യക്തമാക്കി. മൂന്ന് സീറ്റ് എന്നത് ഉറപ്പിച്ചാല്‍ മാത്രമെ മുന്നോട്ടുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാവുകയുള്ളുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

എന്നാല്‍ ഇത് സംബന്ധിച്ച് നിലനില്‍ക്കുന്ന ഇപ്പോഴത്തെ അനിശ്ചിതത്വം കോണ്‍ഗ്രസിന് വ്യക്തമായ തീരുമാനം എടുക്കുന്നതിനുള്ള നേതൃസ്ഥാനം ഇല്ലെന്നതാണെന്നും ആസീം അസ്മി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ എസ്.പി ബഹുജന്‍ സമാജ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയിരുന്നുവെങ്കിലും ഒരു സീറ്റ് പോലും നേടിയിരുന്നില്ല. അപ്പോഴും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ എസ്.പിക്ക് താല്‍പര്യമുണ്ടായിരുന്നുവെങ്കിലും സീറ്റ് പങ്കിടല്‍ സംബന്ധിച്ച് വ്യക്തമായ തീരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. അന്ന് ബി.ജെ.പിയും കോണ്‍ഗ്രസും ഒരേ തൂവല്‍ പക്ഷികളാണെന്നും അസ്മി അഭിപ്രായപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more