| Tuesday, 11th January 2022, 5:42 pm

ഇത് നിങ്ങള്‍ക്ക് ഉപകരിക്കും, ബി.ജെ.പി ആസ്ഥാനത്തേക്ക് പൂട്ടും താക്കോലും അയച്ച് എസ്.പി നേതാവ്; നടപടി നേതാക്കളുടെ കൊഴിഞ്ഞുപോക്കിന് പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒരു മന്ത്രിയും രണ്ട് എം.എല്‍.എമാരും രാജിവെച്ച് പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഉത്തര്‍പ്രദേശ് ബി.ജെ.പി ആസ്ഥാനത്തേക്ക് സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ കത്ത്. ബി.ജെ.പി നേതാവ് സ്വതന്ത്ര ദേവ് സിംഗിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്ത് സമാജ്‌വാദി പാര്‍ട്ടി വക്താവ് ഐ.പി. സിംഗാണ് അയച്ചത്.

ബി.ജെ.പിയുടെ നേതാക്കളൊക്കെ തങ്ങളോടൊപ്പമാണെന്നും ബി.ജെ.പിയുടെ സ്വതന്ത്ര ജീക്ക് താനൊരു പൂട്ട് അയക്കുകയാണെന്നും ഐ.പി. സിംഗ് ട്വിറ്ററില്‍ കുറിച്ചു. മാര്‍ച്ച് പത്തിന് തിരികെ തന്നാല്‍ മതിയെന്നും യു.പിയില്‍ എസ്.പി തരംഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയിലെ കൊഴിഞ്ഞു പോക്ക് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇത്തരമൊരു കത്തയച്ചത്.

ഐ.പി സിംഗ് ട്വിറ്ററില്‍ കുറിച്ചത്:

ഓംപ്രകാശ് രാജ്ഭര്‍ ജി, ജയന്ത് ചൗധരി ജി, രാജ്മാതാ കൃഷ്ണ പട്ടേല്‍ ജി, സഞ്ജയ് ചൗഹാന്‍ ജി ഇപ്പോള്‍ സ്വാമി പ്രസാദ് മൗര്യ ജിയും സമാജ് വാദി പാര്‍ട്ടിയോടൊപ്പമാണ്. ഞാന്‍ ബി.ജെ.പിയുടെ സ്വതന്ത്ര ജിക്ക് ഒരു പൂട്ട് അയക്കുകയാണ്. മാര്‍ച്ച് പത്തിന് തിരികെ തന്നാല്‍ മതി. യു.പിയില്‍ എസ്.പി തരംഗം അടിക്കുകയാണ്’.

ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കെ യു.പിയില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി നല്‍കിയാണ് മന്ത്രിയുടെയും രണ്ട് എം.എല്‍.എമാരുടെയും രാജി നടന്നിരിക്കുന്നത്.

ബി.ജെ.പിയില്‍ ഒ.ബി.സി ദളിത് വിഭാഗങ്ങളും യുവാക്കളും അവഗണിക്കപ്പെടുന്നതിനാലാണ് രാജിയെന്നാണ് സ്വാമി പ്രസാദ് മൗര്യ പ്രതികരിച്ചത്.
മൗര്യയുടെ അടുത്ത അനുയായിയായ റോഷന്‍ ലാല്‍, ബ്രിജേഷ് പ്രതാപ് പ്രജാപതി എന്നിവരും രാജി വെച്ചിരുന്നു. പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗം അമിത് ഷായുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ ചേരുന്നതിനിടെയാണ് രാജി.

ഇന്ന് ഉച്ചയോടെയായിരുന്നു രാജി പ്രഖ്യാപനം വന്നത്. ഒ.ബി.സി ദളിത് വിഭാഗങ്ങളും യുവാക്കളും ബി.ജെ.പിയില്‍ അവഗണന നേരിടുന്നുവെന്ന മൗര്യയുടെ ആരോപണം തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ വലിയ ചര്‍ച്ചയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ദളിത് വോട്ടുകള്‍ പിടിച്ചെടുക്കാന്‍ ബി.ജെ.പി വലിയ രീതിയില്‍ പ്രചരണം നടത്തുന്ന സാഹചര്യത്തില്‍ ഈ വിഭാഗത്തില്‍ നിന്ന് തന്നെയുള്ള ഒരു നേതാവ് പാര്‍ട്ടി വിടുന്നത് ബി.ജെ.പിക്ക് വലിയ ക്ഷീണമായിരിക്കുമെന്നാണ് പ്രതിപക്ഷപാര്‍ട്ടികള്‍ കണക്കുകൂട്ടുന്നത്.

ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം.

യു.പിയില്‍ ഫെബ്രുവരി 10നാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ബി.ജെ.പിയാണ് ഭരണത്തില്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ബി.ജെ.പി ഭരണത്തിലുള്ളത്. പഞ്ചാബില്‍ കോണ്‍ഗ്രസ് ആണ് ഭരണകക്ഷി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: sp-ip-singh-resignations-gift-lock-mlas-uttar-pradesh-bjp-elections

We use cookies to give you the best possible experience. Learn more