| Tuesday, 27th August 2019, 12:22 pm

കെവിന്‍ കേസ് വലിയ ദൗത്യമായിരുന്നു; കോടതി വിധിയില്‍ പൂര്‍ണ സന്തോഷം; പ്രതികരിച്ച് എസ്.പി ഹരിശങ്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കെവിന്‍ വധക്കേസ് വിധി സ്വാഗതം ചെയ്ത് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.പി ഹരിശങ്കര്‍. അന്വേഷണ ഉദ്യോഗസ്ഥരുടേയും പ്രോസിക്യൂഷന്റേയും വിജയമാണ് വിധിയെന്ന് എസ്.പി ഹരിശങ്കര്‍ പറഞ്ഞു.

ഇരട്ട ജീവപര്യന്തവും അതിനൊപ്പം പിഴയും കൂടാതെ നഷ്ടപരിഹാരവും അടങ്ങുന്ന വിധിയാണ് വന്നിരിക്കുന്നത്. തീര്‍ച്ചയായും ഒരു കൊലപാതകക്കേസ്, അതില്‍ ദൃക്‌സാക്ഷികളില്ലാതെ സാഹചര്യ തെളിവുകളും സയന്റിഫിക് തെളിവുകളുടേയും ടെക്‌നിക്കല്‍ എവിഡന്‍സസിന്റേയും മാത്രം അടിസ്ഥാനത്തില്‍ വന്നിരിക്കുന്ന ശിക്ഷാവിധിയാണ്. തീര്‍ച്ചയായും അന്വേഷണ ഉദ്യോഗസ്ഥന് സംതൃപ്തി തരുന്ന വിധിയാണ് ഇത്- എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

”വിധി പൂര്‍ണമായും കോടതിയുടെ തീരുമാനമാണ്. പൊലീസിന്റേയും പ്രോസിക്യൂഷന്റേയും റോള്‍ എന്നുപറയുന്നത് നമ്മള്‍ എഫ്.ഐ.ആറില്‍ പറഞ്ഞിരിക്കുന്ന വകുപ്പുകള്‍ തെളിയിക്കുക എന്നതാണ്. അത് തെളിയിച്ചു കഴിഞ്ഞതോടെ പൊലീസിന്റേയും പ്രോസിക്യൂഷന്റേയും റോള്‍ ഏതാണ്ട് കഴിഞ്ഞു. ശിക്ഷാവിധിയെന്ന് പറയുന്നത് ഒരുപാട് കാര്യങ്ങള്‍ പരിഗണിച്ചു കഴിഞ്ഞ ശേഷം വരുന്ന ഒന്നാണ്.

അതില്‍ പ്രതികളുടെ പ്രായവും മറ്റും പരിഗണിച്ചാണ് കോടതി വിധി പറയുന്നത്. ദുരഭിമാനക്കൊല എന്ന നിലയില്‍ തന്നെ ഈ കേസിനെ കോടതി അംഗീകരിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും കോടതി നിരീക്ഷിച്ചു. അതില്‍ സ്വാഭാവികമായിട്ടും പ്രതികളുടെ പ്രായവും മറ്റും പരിഗണിച്ചായിരിക്കാം കോടതി ഇരട്ട ജീവപര്യന്തം കൊടുത്തത്. ഇരട്ട ജീവപര്യന്തം എന്നത് ശരിക്കും വലിയ ശിക്ഷാവിധി തന്നെയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നിരവധി പ്രതികള്‍ ഉണ്ട് എന്നത് തന്നെ കേസില്‍ വെല്ലുവിളിയായിരുന്നു. ഗൂഢാലോചന തെളിയിച്ചു എടുക്കുക എന്നത് വലിയ ഒരു വെല്ലുവിളി ആയിരുന്നു. അവസാന ഘട്ടത്തില്‍ ദൃക്‌സാക്ഷികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ടെക്‌നിക്കല്‍ എവിഡന്‍സ് കൊണ്ടുവരേണ്ടതായുണ്ട്.

മുങ്ങിമരിച്ചതാണെന്ന നിലയിലാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അത് മുക്കിക്കൊന്നതാണെന്ന് തെളിയിക്കാന്‍ വളരെ സയന്റിഫിക്കായി തന്നെ പോകേണ്ടി വന്നു. മുന്‍കാലങ്ങളില്‍ സുപ്രീം കോടതി പാസ് ചെയ്ത നിരവധി ജഡ്ജ്‌മെന്റുകള്‍ ചാര്‍ജ് ഷീറ്റില്‍ ഞങ്ങള്‍ പരാമര്‍ശിച്ചിരുന്നു.
അതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് എല്ലാ പ്രതികള്‍ക്കും ഇത്തരമൊരു ശിക്ഷ വിധിച്ചത്. എന്തായാലും സന്തോഷം തരുന്ന വിധിയാണ്”- എസ്.പി ഹരിശങ്കര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more