ലഖ്‌നൗ: പാവങ്ങള്‍ക്കുള്ള പണം എസ്.പി സര്‍ക്കാര്‍ ഖബറിസ്ഥാന്‍ നിര്‍മിക്കാന്‍ ചെലവിട്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പെയിയുടെ ജന്മനാടായ ബടേശ്വറില്‍ നടത്തിയ പര്യടനത്തിനിടെയായിരുന്നു വര്‍ഗീയത ലക്ഷ്യവെച്ചുള്ള യോഗിയുടെ പ്രതികരണം.
എസ്.പി സര്‍ക്കാര്‍ സംസ്‌കൃത അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒന്നും ചെയ്തില്ല. അയോഗ്യരായ ഉറുദു പരിഭാഷകന്മാര്‍ക്ക് ജോലി നല്‍കാനാണ് അവര്‍ ശ്രദ്ധിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പി സര്‍ക്കാരാണ് സംസ്‌കൃത സ്‌കൂളുകളുടെ കാര്യം ശ്രദ്ധിച്ചതെന്നും അദ്ദേഹം പ്രസംഗിച്ചു.
എസ്.പി സര്‍ക്കാര്‍ ദരിദ്രജനങ്ങള്‍ക്കായി നിശ്ചയിച്ചിരുന്ന പണമെല്ലാം ഖബറിസ്ഥാന്‍ പോലുള്ള വിഷയങ്ങള്‍ക്കാണ് ചെലവാക്കിയത്. ഉറുദു ഭാഷ അറിയുക പോലും ചെയ്യാത്തവരെ ഉറുദു പരിഭാഷകരായി നിയമിച്ചു. എന്നാല്‍, സംസ്‌കൃത സ്‌കൂളുകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒന്നും ചെയ്തിട്ടില്ലെന്നും യോഗി പറഞ്ഞു.
അഞ്ച് വര്‍ഷമായി അവര്‍ അധികാരത്തിലില്ല. എന്നിട്ടും ഇവരുടെ വീടുകളില്‍ നിന്ന് 200 കോടി രൂപയാണ് പിടിച്ചെടുത്തത്. ഈ പണമെല്ലാം എവിടെ നിന്ന് കൊള്ളയടിച്ചതാണെന്നും എസ്.പി നേതാക്കളുടെ വീട്ടില്‍ നടന്ന റെയ്ഡിനെക്കുറിച്ച് യോഗി പ്രതികരിച്ചു.