കൊല്ലം: കുണ്ടറയില്‍ പതിനാലുകാരന്‍ മരിച്ച സംഭവത്തില്‍ ഡി.വൈ.എസ്.പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് എസ്.പി തള്ളി. കൊട്ടാരക്കര ഡി.വൈ.എസ്.പി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് എസ്.പി തിരിച്ചയച്ചത്. റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് റിപ്പോര്‍ട്ട് തിരികെ അയച്ചത്. വിശദമായ റിപ്പോര്‍ട്ട് ഉടനെ നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കുണ്ടറയിലെ 10 വയസുകാരിയുടെ മരണത്തില്‍ നടത്തിയ അന്വേഷണമാണ് പഴയ കേസുകള്‍ വീണ്ടും ഉയര്‍ന്നു വരാന്‍ കാരണം. ജനുവരി 15 നായിരുന്നു പത്തു വയസ്സുകാരിയെ വീട്ടിലെ ജനല്‍കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കാലുകള്‍ തറയില്‍ മുട്ടി നില്‍ക്കുന്ന രീതിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിലായിരുന്നു കുട്ടി നിരന്തര ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്.
ഇതിനു പിന്നാലെയാണ് വിക്ടറിനും മകന്‍ ഷിബുവിനുമെതിരെ അയല്‍വാസിയായ സ്ത്രീ ആരോപണവുമായി രംഗത്തെത്തിയത്. വിക്ടറും മകനും തന്റെ മകനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു 14 കാരന്റെ അമ്മയുടെ ആരോപണം. ഇതേതുടര്‍ന്നാണ് സംഭവം അന്വേഷിക്കാന്‍ ഉത്തരവിടുന്നത്. വിക്ടര്‍ തന്റെ സ്വാധീനമുപയോഗിച്ച് കേസ് ഒതുക്കി കളയുകയായിരുന്നുവെന്നും അമ്മ ആരോപിച്ചിരുന്നു.
അതേസമയം, കുണ്ടറ പീഡനത്തില്‍ പിടിയിലായ വിക്ടറിന്റെ ഭാര്യ ലതാ മേരി കുറ്റാരോപിതരുടെ പട്ടികയില്‍. രണ്ടാമതായാണ് ലതയുടെ പേര് ചേര്‍ത്തിരിക്കുന്നത്. മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും ലത കുറ്റാരോപിതരുടെ പട്ടികയിലുണ്ട്. ലതയുടെ അറസ്റ്റ് പൊലീസ് നാളെ രേഖപ്പെടുത്തും. 14കാരി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഭര്‍ത്താവിന് കൂട്ടുനിന്നു എന്ന മൊഴിയെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.