national news
കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ജയിച്ചാല്‍ ജനങ്ങളുടെ സ്വത്ത് വോട്ട് ജിഹാദിന്റെ ആളുകള്‍ക്ക് സമ്മാനിക്കും: മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 May 17, 03:54 pm
Friday, 17th May 2024, 9:24 pm

ലഖ്‌നൗ: കോണ്‍ഗ്രസ്- സമാജ്‌വാദി സഖ്യം ജയിച്ചാല്‍ ജനങ്ങളുടെ സമ്പത്ത് വോട്ട് ജിഹാദിന്റെ ആളുകള്‍ക്ക് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിലാണ് മോദി വിദ്വേഷ പരാമര്‍ശം ആവര്‍ത്തിച്ചത്.

എസ്.പിക്കും കോണ്‍ഗ്രസിനും മുന്നറിയിപ്പ് നല്‍കാനാണ് താന്‍ യു.പിയില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ‘ അവര്‍ നിങ്ങളുടെ വോട്ടുകള്‍ വാങ്ങും. എന്നാല്‍ അധികാരത്തില്‍ എത്തിയാല്‍ നിങ്ങളുടെ സ്വത്തുക്കള്‍ വോട്ട് ജിഹാദ് ചെയ്തവര്‍ക്ക് അവര്‍ വിതരണം ചെയ്യും,’ മോദി പറഞ്ഞു.

കോണ്‍ഗ്രസ്-എസ്.പി സഖ്യം ജയിച്ചാല്‍ രാമക്ഷേത്രം ബുള്‍ഡോസര്‍ വച്ച് തകര്‍ക്കുമെന്നും മോദി പ്രസംഗിച്ചിരുന്നു. എവിടെയാണ് ബുള്‍ഡോസര്‍ കയറ്റേണ്ടതെന്ന് യോഗിയില്‍ നിന്ന് പഠിക്കണമെന്നും തെരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ മോദി പ്രസംഗിച്ചിരുന്നു.

‘കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും യു.പിയില്‍ അധികാരത്തില്‍ വന്നാല്‍ രാംലല്ല വീണ്ടും ഒരു ഷെഡ്ഡിനുള്ളിലാകും. അവര്‍ രാമക്ഷേത്രത്തിന് മുകളിലൂടെ ബുള്‍ഡോസര്‍ ഓടിക്കും. ബുള്‍ഡോസര്‍ എവിടെ, എങ്ങനെ ഓടിക്കണമെന്ന് ഇവര്‍ യോഗിയിൽ നിന്ന് പഠിക്കണം,’ ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ നടന്ന റാലിയില്‍ മോദി പറഞ്ഞു.

എന്‍.ഡി.എ സര്‍ക്കാര്‍ രാജ്യത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുമ്പോള്‍ ഇന്ത്യാ സഖ്യം രാജ്യത്ത് ബോധപൂര്‍വം കുഴപ്പങ്ങള്‍ ഉണ്ടാക്കുകയാണെന്നും തെരഞ്ഞെടുപ്പ് ആരംഭിച്ചതിന് പിന്നാലെ തന്നെ ഇന്ത്യാ സഖ്യത്തില്‍ വിള്ളലുകള്‍ വീണു തുടങ്ങിയെന്നും മോദി പറഞ്ഞു.

Content Highlight: SP, Cong to gift people’s property to those who do ‘vote jihad’: PM Modi