ഇപ്പോള്‍ ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ മനസിലായോ എന്ന പാട്ട് പാടാന്‍ പറ്റില്ലെന്ന് അച്ഛന്‍ ചിലപ്പോള്‍ പറഞ്ഞേനെ: എസ്.പി. ചരണ്‍
Entertainment
ഇപ്പോള്‍ ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ മനസിലായോ എന്ന പാട്ട് പാടാന്‍ പറ്റില്ലെന്ന് അച്ഛന്‍ ചിലപ്പോള്‍ പറഞ്ഞേനെ: എസ്.പി. ചരണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 29th November 2024, 8:20 pm

നടന്‍, ഗായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, നിര്‍മാതാവ് എന്നീ മേഖലകളില്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുള്ളയാളാണ് എസ്.പി. ചരണ്‍. അന്തരിച്ച ഗായകന്‍ എസ്.പി ബാലസുബ്രഹ്‌മണ്യത്തിന്റെ മകനാണ് ചരണ്‍. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി 100ലധികം ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ പഴയ പാട്ടുകാരുടെ ശബ്ദം തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ചരണ്‍.

ഈയടുത്ത് പലരും കേട്ട് ഇഷ്ടപ്പെട്ട മനസിലായോ എന്ന പാട്ട് താനും കേട്ടിരുന്നുവെന്നും വളരെ നല്ലൊരു പാട്ടായിരുന്നു അതെന്നും ചരണ്‍ പറഞ്ഞു. എസ്.പി.ബി. സാര്‍ ആ പാട്ട് പാടിയാല്‍ നന്നായിരുന്നേനെ എന്ന് പലരും പറഞ്ഞത് കേട്ടെന്നും എന്നാല്‍ അദ്ദേഹം ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ ആ പാട്ട് പാടില്ലെന്ന് ചിലപ്പോള്‍ പറഞ്ഞേനെയെന്നും ചരണ്‍ കൂട്ടിച്ചേര്‍ത്തു.

ഒരു പാട്ട് പാടണമോ വേണ്ടയോ എന്ന് ഗായകന് തീരുമാനിക്കാനുള്ള അവകാശം പണ്ട് ഉണ്ടായിരുന്നെന്നും എന്നാല്‍ എ.ഐയുടെ കടന്നുവരവില്‍ പാട്ടുകാരന് അത്തരം ചോയിസ് ഇല്ലാതായെന്നും ചരണ്‍ പറഞ്ഞു. വേട്ടൈയനിലെ പാട്ടില്‍ മലേഷ്യ വാസുദേവന്റെ ശബ്ദം നന്നായിട്ടുണ്ടായിരുന്നെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ഇമോഷന്‍ ആ പാട്ടില്‍ ഇല്ലായിരുന്നെന്നും ചരണ്‍ കൂട്ടിച്ചേര്‍ത്തു.

എത്ര വലിയ മ്യൂസിക് ഡയറക്ടര്‍ ആണെങ്കിലും എസ്.പി.ബി സാറിന്റെ ശബ്ദം എ.ഐയലൂടെ തിരിച്ചുകൊണ്ടുവരാമെന്ന് പറഞ്ഞാലും താനതിന് സമ്മതിക്കില്ലെന്നും ചരണ്‍ പറഞ്ഞു. അത്തരം പാട്ടിലൂടെ അവരുടെയൊക്കെ ശബ്ദം മാത്രമേ പുനഃസൃഷ്ടിക്കാന്‍ കഴിയൂവെന്നും ഇമോഷന്‍ സൃഷ്ടിക്കാന്‍ കഴിയില്ലെന്നും ചരണ്‍ കൂട്ടിച്ചേര്‍ത്തു. ടെലി വികടനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എ.ഐ ഉപയോഗിച്ച് പല മ്യൂസിക് ഡയറക്ടര്‍മാരും പഴയ പാട്ടുകാരുടെ ശബ്ദം ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന് ഇപ്പോള്‍ ഇറങ്ങിയ ‘മനസിലായോ’ എന്ന പാട്ട്. അത് എസ്.പി.ബി.സാറിന്റെ ശബ്ദത്തില്‍ പാടിയിരുന്നെങ്കില്‍ നന്നായേനെ എന്ന് പലരും പറയുന്നത് കേട്ടു. ആ പാട്ട് നല്ലതാണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. പക്ഷേ അദ്ദേഹം ഇപ്പോള്‍ ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ ഈ പാട്ട് പാടാന്‍ പറ്റില്ല എന്ന് ചിലപ്പോള്‍ പറഞ്ഞേനെ.

കാരണം, ഒരു പാട്ട് പാടണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം അവര്‍ക്കുണ്ട്. എന്നാല്‍ എ.ഐ. ഉപയോഗിക്കുമ്പോള്‍ ആ ചോയ്‌സ് ഇല്ലാതാകുന്നു. മലേഷ്യ വാസുദേവന്‍ സാറിന്റെ ശബ്ദം ഇനിയങ്ങോട്ട് എല്ലാ പാട്ടിലും ഉപയോഗിക്കാം. പക്ഷേ അദ്ദേഹം പാടുമ്പോള്‍ ഉണ്ടാകുന്ന ഇമോഷന്‍ പുനഃസൃഷ്ടിക്കാന്‍ ആര്‍ക്കും കഴിയില്ല.

അച്ഛന്റെ ശബ്ദത്തിന്റെ കാര്യത്തിലും അതുതന്നെ. ആ ശബ്ദം നമുക്ക് ഉണ്ടാക്കിയെടുക്കാം. എന്നാല്‍ ഇമോഷന്‍ റെപ്ലിക്കേറ്റ് ചെയ്യാന്‍ സാധിക്കില്ല. എത്ര കഴിവുള്ള മ്യൂസിക് ഡയറക്ടര്‍ വന്ന് അച്ഛന്റെ ശബ്ദം ഉപയോഗിച്ചോട്ടെ എന്ന് ചോദിച്ചാലും ഞാന്‍ സമ്മതിക്കാത്തതിന്റെ കാരണം അതാണ്,’ എസ്.പി ചരണ്‍ പറയുന്നു.

Content Highlight: SP Charan saying that he won’t allow to recreate SP Balasubramanyam’s voice through AI