ചെന്നൈ: കൊവിഡ് 19 സ്ഥിരീകരിച്ച ഗായകന്‍ എസ്.പി ബാലസുബ്രഹ്‌മണ്യത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മകന്‍ എസ്.പി ചരണ്‍. എസ്.പി ബാലസുബ്രഹ്‌മണ്യം വെന്റിലേറ്ററിലാണെങ്കിലും നില തൃപ്തികരമാണെന്നാണ് എസ്.പി ചരണ്‍ അറിയിച്ചിരിക്കുന്നത്.
അച്ഛന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്ന എല്ലാവരോടും നന്ദി രേഖപ്പെടുത്തുകയാണെന്നും ചരണ്‍ പറഞ്ഞു.’ അച്ഛന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് നിരന്തരം വിവരങ്ങള്‍ ആരാഞ്ഞവരോടും അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കുകയാണ്. അദ്ദേഹം ഐ.സി.യുവിലാണ്. വെന്റിലേറ്ററിലാണ് നിലവില്‍. എങ്കിലും ആരോഗ്യനില തൃപ്തികരമാണ്. കുപ്രചരണങ്ങളില്‍ വിശ്വസിക്കാതിരിക്കുക. അദ്ദേഹത്തിന്റെ ആരോഗ്യനിലയിലുണ്ടാകുന്ന പുരോഗതിയെ കുറിച്ച് ഞാന്‍ നിങ്ങളെ അറിയിക്കും, ഒരിക്കല്‍ കൂടി നന്ദി’ , എന്നായിരുന്നു എസ്.പി ചരണ്‍ കുറിച്ചത്.
അതേസമയം ആശുപത്രിയില്‍ തുടരുന്ന എസ്.പി.ബിയ്ക്ക് വേണ്ട എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹത്തിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരുമായി സംസാരിച്ചിരുന്നെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി വിജയ് ഭാസ്‌ക്കര്‍ അറിയിച്ചു. എത്രയും പെട്ടെന്ന് അദ്ദേഹം ആരോഗ്യവാനായി തിരിച്ചെത്തട്ടെയെന്നും മന്ത്രി പറഞ്ഞു.
ഈ മാസം 5ാം തിയ്യതിയാണ് എസ്.പി.ബിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഫേസ്ബുക്ക് വീഡിയോയിലൂടെ അദ്ദേഹം തന്നെയാണ് വിവരം ആരാധകരെ അറിയിച്ചിരുന്നത്. തനിക്ക് കുറച്ചുദിവസമായി പനിയും ജലദോഷവും നെഞ്ചില്‍ അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയമായപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്.