യു.പിയില്‍ ബി.ജെ.പി. പ്രതീക്ഷ മങ്ങി; ഘോസി തെരഞ്ഞെടുപ്പില്‍ എസ്.പി മുന്നില്‍
national news
യു.പിയില്‍ ബി.ജെ.പി. പ്രതീക്ഷ മങ്ങി; ഘോസി തെരഞ്ഞെടുപ്പില്‍ എസ്.പി മുന്നില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th September 2023, 1:41 pm

 

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഘോസിയില്‍ സമാജ്‌വാദി പാര്‍ട്ടി മുന്നില്‍. 8500ലധികം വോട്ടുകള്‍ക്കാണ് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി സുധാകര്‍ സിങ് മുന്നിട്ട് നില്‍ക്കുന്നത്. 2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ചൗഹാന്‍ ജൂലൈയില്‍ സമാജ്വാദി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതിനെ തുടര്‍ന്നാണ് ഘോസിയില്‍ ഉപതെരഞ്ഞെടുപ്പ് നടത്തിയത്.

ബി.ജെ.പിയില്‍ തിരിച്ചെത്തിയ ചൗഹാനെ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി രംഗത്തിറക്കിയിരുന്നു. 2022ലെ തെരഞ്ഞെടുപ്പില്‍ 22,216 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ബി.ജെ.പി സ്ഥാനാര്‍ത്ഥി രാജ്ഭാറിനെ തോല്‍പ്പിച്ചാണ് ചൗഹാന്‍ സീറ്റ് നേടിയത്.

ഇത്തവണ ചൗഹാനെ എന്‍.ഡി.എയുടെ ഭാഗമായ അപനാ ദള്‍, നിര്‍ബല്‍ ഇന്ത്യന്‍ ശോശിത്, ഹമാരാ ആം ദള്‍ പാര്‍ട്ടി, സുഹേല്‍ദേവ് സമാജ് പാര്‍ട്ടി എന്നീ പാര്‍ട്ടികള്‍ പിന്തുണച്ചിരുന്നു.

മറുവശത്ത്, ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായ കോണ്‍ഗ്രസ്, സി.പി.ഐ.എം. സി.പി.ഐ, ആര്‍.എല്‍.ഡി, എ.എ.പി, സി.പി.ഐ(എം.എല്‍)-ലിബറേഷന്‍, സുഹേല്‍ദേവ് സ്വാഭിമാന്‍ പാര്‍ട്ടി എന്നിവര്‍ സുധാകര്‍ സിങ്ങിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

543 അംഗ ലോക്‌സഭയിലേക്ക് 80 എം.പിമാരെയാണ് ഉത്തര്‍പ്രദേശ് അയക്കുന്നത്.

Content Highlights: SP candidate strengthens lead in Ghosi bypoll