'ബി.ജെ.പിക്ക് വേണ്ടി പണിയെടുത്ത് ജില്ലാ മജിസ്‌ട്രേറ്റും പൊലീസ് സൂപ്രണ്ടും'; ക്രൂരമായ അടിച്ചമര്‍ത്തലുകളെ കുറിച്ച് പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കി എസ്.പി
മയ്ന്‍പുരി: ഉത്തര്‍പ്രദേശില്‍ മയ്ന്‍പുരിയിലെ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ കടുത്ത ആരോപണവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവും സ്ഥാനാര്‍ത്ഥിയുമായ ഡിമ്പിള്‍ യാദവ്. ബി.ജെ.പി സര്‍ക്കാര്‍ വമ്പന്‍ അടിച്ചമര്‍ത്തലുകള്‍ക്ക് ശ്രമിക്കുമെന്ന മുന്നറിയിപ്പാണ് ഡിമ്പിള്‍ യാദവ് എസ്.പി. പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റിനും പൊലീസ് സൂപ്രണ്ടിനുമെതിരെ സമാജ്‌വാദി നേതാക്കള്‍ പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഡിമ്പിളിന്റെ പ്രസ്താവനയും വന്നിരിക്കുന്നത്. അതിരവയില്‍ വെച്ച് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘എന്റെ എല്ലാ യുവ സുഹൃത്തുക്കളോടും എസ്.പി നേതാക്കളോടും ഞാനൊരു കാര്യം പറയാന്‍ ആഗ്രഹിക്കുകയാണ്. ഡിസംബര്‍ നാലിന് ഭരണകൂടം നിങ്ങളോട് വളരെ ക്രൂരമായി പെരുമാറും. അതുകൊണ്ട് തന്നെ ഡിസംബര്‍ നാലിനും അഞ്ചിനും നിങ്ങള്‍ വീടുകളില്‍ കിടന്നുറങ്ങരുത്. അതീവ ജാഗ്രത പുലര്‍ത്തണം.
മറ്റൊന്നും ചിന്തിക്കാതെ നിങ്ങള്‍ എല്ലാവരും പോയി വോട്ട് ചെയ്യണം. ഡിസംബര്‍ ആറിന് ഈ സര്‍ക്കാരിന്റെ ആളുകള്‍ ഇവിടെ നിന്നും അപ്രത്യക്ഷരാകും,’ ഡിമ്പിള്‍ യാദവ് പറഞ്ഞു.
എസ്.പിക്ക് വേണ്ടി വോട്ട് ചെയ്യാന്‍ സ്ത്രീകള്‍ കൂടുതല്‍ മുന്നോട്ടുവരണമെന്നും ഡിമ്പിള്‍ യാദവ് പറഞ്ഞു. ‘ഭരണകൂടത്തിന് നിങ്ങള്‍ക്ക് മേല്‍ അധികം ബലം പ്രയോഗിക്കാനാകില്ല. നിങ്ങള്‍ ശക്തിയുള്ള സ്ത്രീകളാണ്. നിങ്ങള്‍ തീര്‍ച്ചയായും തിരിച്ചടിക്കും, പോരാടും. അതുകൊണ്ട് നിങ്ങള്‍ എല്ലാവരും പോയി വോട്ട് ചെയ്യണം,’ ഡിമ്പിള്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ജില്ലാ മജിസ്‌ട്രേറ്റ് അവിനാഷ് കുമാര്‍ റായിയെയും എസ്.എസ്.പി ജയ് പ്രകാശ് സിങ്ങിനെയും മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമാജ്‌വാദി നേതാക്കള്‍ ഉത്തര്‍പ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ സമീപിച്ചത്.
ഇരുവരും ബി.ജെ.പിക്ക് വേണ്ടി തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്യുകയാണെന്നാണ് എസ്.പി. ആരോപിക്കുന്നത്. ഗ്രാമ പഞ്ചായത്തുകളിലെയും ബ്ലോക്കുകളിലെയും ജില്ലാ പഞ്ചായത്തിലെയും അംഗങ്ങളോടും മറ്റുള്ളവരോടും ബി.ജെ.പിക്ക് വേണ്ടി വോട്ട് ചെയ്യാന്‍ ഇവര്‍ ആവശ്യപ്പെടുകയും സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നുവെന്നാണ് എസ്.പി പറയുന്നത്. ഈ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
ഡിസംബര്‍ അഞ്ചിനാണ് മയ്ന്‍പുരിയിലെ വോട്ടെടുപ്പ്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. മുലായം സിങ് യാദവിന്റെ മരണത്തോടെയാണ് മയ്ന്‍പൂരില്‍ ഉപതെരഞ്ഞെടുപ്പ് വന്നത്. എസ്.പി. അധ്യക്ഷനായ അഖിലേഷ് സിങ് യാദവിന്റെ ജീവിതപങ്കാളി കൂടിയാണ് ഡിമ്പിള്‍ യാദവ്.
നേതാജി (മുലായം സിങ് യാദവ്)ക്ക് വേണ്ടി മയ്ന്‍പൂരിയിലെ ജനങ്ങളാണ് തെരഞ്ഞെടുപ്പിനിറങ്ങുന്നതെന്നും ഇത് തന്റെ ഇലക്ഷനേ അല്ലെന്നുമാണ് ഡിമ്പിള്‍ റാലികളില്‍ ആവര്‍ത്തിക്കുന്നത്. മയ്ന്‍പൂരിലെ ജനങ്ങള്‍ നേതാജിയോടുള്ള ആദരവും നന്ദിയും പ്രകടിപ്പിക്കുമെന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്നും അവര്‍ പറയുന്നുണ്ട്.
Content Highlight: SP candidate Dimple Yadav warns of crackdown of Mainpuri bypoll IN Uttar Pradesh