| Sunday, 16th April 2023, 10:47 am

ഉത്തര്‍ പ്രദേശ് 'എന്‍കൗണ്ടര്‍ പ്രദേശായി' മാറി; ക്രമസമാധാന പാലനത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു; വെടിവെപ്പില്‍ യോഗി സര്‍ക്കാരിനെതിരെ പ്രതിപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: സമാജ് വാദി പാര്‍ട്ടി മുന്‍ എം.പി ആതിഖ് അഹമ്മദിനെയും സഹോദരനെയും വെടിവെച്ച് കൊന്ന സംഭവത്തില്‍ യോഗി സര്‍ക്കാരിനെയും ബി.ജെ.പിയെയും കടന്നാക്രമിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്.

പൊലീസിന്റെ അതീവ സുരക്ഷ നിലനില്‍ക്കെ നടുറോഡില്‍ വെച്ച് ആതിഖ് അഹമ്മദ് കൊല്ലപ്പെട്ടത്, യു.പിയിലെ ക്രമസമാധാന പാലനത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണെന്ന് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതി കുറ്റപ്പെടുത്തി.

ബി.ജെ.പി അധികാരത്തിലേറിയത് മുതല്‍ ഉത്തര്‍ പ്രദേശ് എന്‍കൗണ്ടര്‍ പ്രദേശായി മാറിയെന്നും അവര്‍ പറഞ്ഞു. അതേസമയം ആതിഖിന്റെ കൊലപാതകത്തില്‍ യു.പിയിലെ ജനങ്ങള്‍ പരിഭ്രാന്തരാണെന്നും സംസ്ഥാനത്ത് ക്രമസമാധാനം സംരക്ഷിക്കുന്നതില്‍ യോഗി പരാജയപ്പെട്ടെന്നുമായിരുന്നു സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ പ്രതികരണം.

‘പൊലീസിന്റെ കസ്റ്റഡിയില്‍ നില്‍ക്കെ നടുറോടില്‍ വെച്ചാണ് ആതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടിരിക്കുന്നതെന്നത് യോഗി സര്‍ക്കാരിന്റെ ക്രമസമാധാന പാലനത്തെക്കുറിച്ച് ഗുരുതരമായ സംശയങ്ങളാണ് ഉയര്‍ത്തുന്നത്.

സംഭവത്തില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ബി.എസ്.പിയുടെ ആവശ്യം. നിയമം മൂലം നീതി നടപ്പാക്കുന്നതിന് പകരം ഇതെന്താണ് യു.പിയില്‍ നടക്കുന്നത്. ഉത്തര്‍പ്രദേശ് ഇന്ന് ‘എന്‍കൗണ്ടര്‍ പ്രദേശായി’ മാറിയിരിക്കുന്നു,’ മായാവതി ട്വീറ്റ് ചെയ്തു.

‘സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ അതിന്റെ പാരമത്യയില്‍ എത്തിയിരിക്കുന്നു. പൊലീസിന്റെ കസ്റ്റഡിയിലുള്ള രണ്ടാളുകളെ വെടിവെച്ച് കൊല്ലാന്‍ മാത്രം ക്രിമിനലുകള്‍ക്ക് ആത്മവിശ്വാസം വളര്‍ന്നെങ്കില്‍ ഇവിടെയുള്ള സാധാരണക്കാരുടെ സുരക്ഷയെക്കുറിച്ച് പറയാനുണ്ടോ? സംഭവത്തിന് ശേഷം ജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ന്നിരിക്കുന്നു. ചിലയാളുകള്‍ മനപ്പൂര്‍വ്വം ഇത്തരമൊരു സാഹചര്യം നിര്‍മിക്കുകയാണ്,’ അഖിലേഷ് യാദവ് പറഞ്ഞു.

അതേസമയം യു.പി വെടിവെപ്പ് വെറുമൊരു കൊലപാതകമെന്നതിനപ്പുറം ബി.ജെ.പി സര്‍ക്കാരിന്റെ കീഴില്‍ അക്രമവും തീവ്രവാദവും എത്രത്തോളം വളര്‍ന്നു എന്നതിന്റെ തെളിവാണെന്നായിരുന്നു ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍ ആസാദിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം പ്രയാഗ്‌രാജ് മെഡിക്കല്‍ കോളേജില്‍ പരിശോധനക്ക് കൊണ്ടുപോകുന്നതിനിടെയാണ് യു.പിയിലെ മുന്‍ എം.പിയും ഗുണ്ടാ തലവനുമായിരുന്ന ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്റഫ് അഹമ്മദിനെയും പൊലീസിന്റെ സാന്നിധ്യത്തില്‍ മൂന്നംഗ സംഘം വെടിവെച്ച് കൊന്നത്.

രണ്ട് ദിവസം മുമ്പ് ഝാന്‍സിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ആതിഖ് അഹമ്മദിന്റെ മകന്‍ ആസദിനെ യു.പി പൊലീസിന്റെ ദൗത്യ സംഘം വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആതിഖും കൊല്ലപ്പെടുന്നത്.

കൊലപാതകത്തിന് പിന്നാലെ യു.പിയില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമം നടത്തിയ മൂന്ന് പ്രതികളെ പൊലീസ് സംഭവ സ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു.

Content Highlight: SP-BSP, slams yogi government on athiq murder

We use cookies to give you the best possible experience. Learn more