| Wednesday, 5th June 2019, 12:10 pm

മഹാസഖ്യത്തിനില്ല; ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്ന് ആര്‍.എല്‍.ഡിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: എസ്.പി-ബി.എസ്.പി നേതൃത്വത്തിലുള്ള മഹാസഖ്യം പിരിഞ്ഞതോടെ ഉത്തര്‍പ്രദേശില്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആര്‍.എല്‍.ഡിയും. അതേസമയം മഹാസഖ്യത്തിന് യാതൊരു പോറലും പറ്റില്ലെന്ന് ആര്‍.എല്‍.ഡി പ്രസിഡന്റ് മസൂദ് അഹമ്മദ് പറഞ്ഞു.

‘ആര്‍.എല്‍.ഡി ഉപതെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ച് സംസാരിക്കാന്‍ സമയമായിട്ടില്ല.’

മഹാസഖ്യം മികച്ച രാഷ്ട്രീയകൂട്ടുകെട്ടായി വളര്‍ന്നിട്ടുണ്ടെന്നും ശക്തമായ ബി.ജെ.പി വിരുദ്ധ ശക്തിയായി അത് മാറുമെന്നും അഹമ്മദ് കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പ് ആര്‍.എല്‍.ഡിയെ സംബന്ധിച്ച് അതിനിര്‍ണായകമാണ്. നിയമസഭയില്‍ നിലവില്‍ ആര്‍.എല്‍.ഡിയ്ക്ക് ഒറ്റ അംഗങ്ങളുമില്ല.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്.പിയ്ക്കും ബിഎസ്.പിയ്ക്കുമൊപ്പം മഹാസഖ്യമായി ആര്‍.എല്‍.ഡി 3 സീറ്റില്‍ മത്സരിച്ചെങ്കിലും ജയിക്കാനായില്ല.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് എട്ട് സീറ്റില്‍ മത്സരിച്ച പാര്‍ട്ടിയ്ക്ക് ആറ് സീറ്റ് ലഭിച്ചിരുന്നു. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരംഗത്തെ മാത്രമാണ് വിജയിപ്പിക്കാനായത്. അദ്ദേഹം പിന്നീട് ബി.ജെ.പിയില്‍ ചേരുകയും ചെയ്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യം ലക്ഷ്യം കണ്ടില്ലെന്നും ഉപതെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്നും നേരത്തെ ബി.എസ്.പി പ്രഖ്യാപിച്ചിരുന്നു. പിന്നാലെ എസ്.പിയും 11 സീറ്റിലും തനിച്ച് മത്സരിക്കുമെന്ന പ്രഖ്യാപനം നടത്തിയിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more