യോഗിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം തെരുവില്‍; ഹാത്രാസിലെ ദളിത് പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതിഷേധം പുകയുന്നു
national news
യോഗിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം തെരുവില്‍; ഹാത്രാസിലെ ദളിത് പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതിഷേധം പുകയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st October 2020, 2:35 pm

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം പുകയുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാജി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനുമുന്നില്‍ കനത്ത പ്രതിഷേധം തുടരുന്നു.

സമാജ് വാദി പാര്‍ട്ടിയാണ് പ്രതിഷേധങ്ങള്‍ക്ക് മുന്നിലുള്ളത്. ബി.എസ്.പിയും കോണ്‍ഗ്രസും പ്രതിഷേധിച്ച് രംഗത്തുണ്ട്. പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ വലിയ തോതില്‍ സേനയെ വിന്യസിച്ചിട്ടുണ്ട്.

നഗരത്തില്‍ പലയിടത്തും കല്ലേറ് നടന്നതിനാല്‍ കടകളും മറ്റ് സ്ഥാപനങ്ങളും അടച്ചിട്ടുണ്ട്. ലക്‌നൗവിലും ഹാത്രാസിലുമാണ് വലിയ രീതിയിലുള്ള പ്രതിഷേധം നടക്കുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ ഉത്തര്‍പ്രദേശ് പൊലീസ് ലാത്തി ചാര്‍ജ് നടത്തി.

അതേസമയം ഹാത്രാസില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മാധ്യമങ്ങളെയടക്കം പ്രദേശത്തേക്ക് കടക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. നേരത്തെ പ്രദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച സമാജ്‌വാദി പാര്‍ട്ടിക്കാരെ പൊലീസ് തടഞ്ഞിരുന്നു.

സെപ്തംബര്‍ 14നായിരുന്നു ഹാത്രാസില്‍ 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി ആക്രമത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതെന്ന് കുടുംബം പറഞ്ഞിരുന്നു.

കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ചയാണ് മരിച്ചത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് നിര്‍ബന്ധിച്ച് സംസ്‌കരിച്ചത് വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

ദളിത് പെണ്‍കുട്ടി ക്രൂരമായി ആക്രമണങ്ങള്‍ക്കിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പെണ്‍കുട്ടിയുടെ നട്ടെല്ല് ആക്രമണത്തില്‍ തകര്‍ന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

പെണ്‍കുട്ടിയെ അവസാനമായി ചികിത്സിച്ച ദല്‍ഹിയിലെ ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. പെണ്‍കുട്ടിയുടെ നട്ടെല്ലിന് കാര്യമായി അപകടമാണ് സംഭവിച്ചതെന്നും ക്ഷതം സംഭവിച്ച സ്ഥലത്ത് രക്തസ്രാവമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഇത് മരണത്തിന് കാരണമായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: SP stage protest infront of CM’s office seeking his resignation in death of dalit woman in Hatras