ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്കെതിരെ ശക്തമായ പ്രതിപക്ഷമാകാന്‍ ഒരുങ്ങി എസ്പി – ബി.എസ്.പി സഖ്യം. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന് ശേഷം വരാനിരിക്കുന്ന കൗണ്‍സില്‍ തെരഞ്ഞെടുപ്പിലും സഖ്യം തുടരാന്‍ എസ്.പി – ബി.എസ്.പി തീരുമാനം. ഈ മാസം അവസാനം നടക്കുന്ന ലെജിസ്ലേറ്റിവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുമെന്ന് എസ്.പി ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവ് വ്യക്തമാക്കി.
കഴിഞ്ഞ മാസം നടന്ന ഗൊരഖ്പൂര്‍, ഫൂല്‍പൂര്‍ ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ ബി.എസ്.പി പിന്തുണയോടെയാണ് എസ്.പി സ്ഥാനാര്‍ഥികള്‍ ബി.ജെ.പിയെ തോല്‍പിച്ചത്. ഈ മാസം 26ന് 13 ഒഴിവുകളിലേക്കാണ് ലെജിസ്ലേറ്റീവ് കൌണ്‍സില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ നിലവില്‍ ഭൂരിപക്ഷം എസ്.പിക്കാണ്. 100 അംഗകൗണ്‍സിലില്‍ എസ്.പിക്ക് 61 ഉം ബി.എസ്.പിക്ക് 9 ഉം അംഗങ്ങളാണുള്ളത്. സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിക്ക് 13 അംഗങ്ങള്‍ മാത്രമാണ് കൗണ്‍സിലിലുള്ളത്. ഇതിനുപുറമെ വരാനിരിക്കുന്ന കൈരാന ഉപതെരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും തമ്മില്‍ സഹകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഗൊരഖ്പൂര്‍, ഫൂല്‍പൂര്‍ ലോക്‌സഭ മണ്ഡലങ്ങളില്‍ നേടിയ വിജയത്തോടെ സഖ്യം കൂടുതല്‍ ശക്തമാക്കാനാണ് എസ്.പിയുടെയും ബി.എസ്.പിയുടെയും നീക്കം. ഈ മാസം 26ന് 13 ഒഴിവുകളിലേക്കായി നടക്കുന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുമെന്ന് അഖിലേഷ് യാദവ് പ്രഖ്യാപിച്ചു.
്അതേസമയം ബി.എസ്.പിയുമായി സഖ്യമുണ്ടാക്കുന്ന അഖിലേഷിന്റെ ശ്രമത്തെ പ്രശംസിച്ചുകൊണ്ട് പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷന്‍ കൂടിയായ മുലായംസിങ് യാദവും രംഗത്തെത്തി. സീറ്റ് നിര്‍ണയം സുഗമമായി നടക്കുകയാണെങ്കില്‍ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഈ സഖ്യത്തെ പരാജയപ്പെടുത്താനാവില്ലെന്നും മുലായം പറഞ്ഞു.