| Monday, 7th September 2020, 7:42 pm

എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ കൊവിഡ് ഫലം നെഗറ്റീവായി; വെന്റിലേറ്ററില്‍ തുടരുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ കൊവിഡ് ഫലം നെഗറ്റീവായി. അദ്ദേഹത്തിന്റെ മകന്‍ എസ്.പി ചരണ്‍ തന്നെയാണ് വിവരം വീഡിയോ സന്ദേശമായി പുറത്തുവിട്ടത്.

കൊവിഡ് നെഗറ്റീവ് ആയെങ്കിലും ശ്വാസകോശ സംബന്ധമായ അസുഖം കാരണംവെന്റിലേറ്ററില്‍ തന്നെയാണെന്നും എസ്.പി.ബി ചരണ്‍ പറഞ്ഞു.

ചെന്നൈയിലെ എം.ജി.എം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലാണ് എസ്.പി.ബി ചികിത്സയിലുള്ളത്. ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തനിക്ക് കൊവിഡ് ബാധിച്ച വിവരം എസ്.പി.ബി തന്നെയാണ് ആരാധാകരെ അറിയിച്ചിരുന്നത്.തനിക്ക് കുറച്ചുദിവസമായി പനിയും ജലദോഷവും നെഞ്ചില്‍ അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയമായപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്.

ഗുരുതരമല്ലാത്തതിനാല്‍ വീട്ടില്‍ തന്നെ തുടരാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ കുടുംബാംഗങ്ങളുടെ സുരക്ഷയോര്‍ത്ത് താന്‍ ആശുപത്രിയിലേക്ക് മാറുന്നുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം എസ്.പി.ബിക്ക് രോഗം പകര്‍ന്നത് തെലുങ്ക് ടിവി ഷോയില്‍ നിന്നാണെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ആ ഷോയില്‍ പങ്കെടുത്ത ഗായിക മാളവികയ്ക്കും രോഗം സ്ഥീരികരിച്ചിരുന്നു. ഇതിനിടെ മാളവികയ്‌ക്കെതി െര എസ്.പി.ബി അടക്കമുള്ള നിരവധി പേര്‍ക്ക് കൊവിഡ് രോഗം പകര്‍ത്തിയത് ഗായികയാണെന്ന തരത്തില്‍ പ്രചരണങ്ങള്‍ നടന്നിരുന്നു.

എന്നാല്‍ എസ്.പി.ബിക്ക് രോഗം സ്ഥിരീകരിച്ചതിന് ശേഷമാണ് തനിക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതെന്നും പിന്നീട് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിക്കുന്നതെന്നും മാളവിക വ്യക്തമാക്കിയിരുന്നു.

ജൂലൈ 30നായിരുന്നു മാളവിക, ഹേമചന്ദ്ര, അനുദീപ്, പ്രണവി, ലിപ്സിക, തുടങ്ങിയ ഗായകര്‍ക്കൊപ്പം എസ്.പി.ബി പങ്കെടുത്ത ടി വി ഷോയുടെ ഷൂട്ട് നടന്നത്. എസ് പി ബിയ്ക്കും മാളവികയ്ക്കും പുറമെ ഗായിക സുനിത ഉപദ്രസ്തയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ContentHighlights:  SP Balasubramaniyam covid result negative; Continues on the ventilator

We use cookies to give you the best possible experience. Learn more