ലഖ്‌നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ 16 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് സമാജ്‌വാദി പാർട്ടി.
എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ പങ്കാളിയും മൈൻപുരിയിൽ നിന്നുള്ള സിറ്റിങ് എം.പിയുമായ ഡിംപിൾ യാദവ് മൈൻപുരിയിൽ നിന്ന് തന്നെ മത്സരിക്കും. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിങ് യാദവിന്റെ മരണത്തെ തുടർന്ന് 2022ലെ ഉപതെരഞ്ഞെടുപ്പിലാണ് ഡിംപിൾ മൈൻപുരിയിൽ മത്സരിച്ചത്.
നേരത്തെ കന്നോജിൽ നിന്ന് രണ്ട് തവണ ഡിമ്പിൾ യാദവ് ലോക്സഭാംഗമായിരുന്നു.
സംഭാലിൽ നിന്ന് ഷഫീഖുർ റഹ്മാൻ ബർഖും ലഖ്‌നൗവിൽ നിന്ന് രവിദാസ് മെഹ്റോത്രയും മത്സരിക്കും.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യം ഉണ്ടാകുമെന്ന് അഖിലേഷ് യാദവ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ മുന്നണിയിലെ പ്രധാന കക്ഷികളാണ് ഇരുകൂട്ടരും.
കോൺഗ്രസ് 11 സീറ്റുകളിൽ നിന്ന് മത്സരിക്കുമെന്നും ബാക്കിയുള്ള 69 സീറ്റുകളിൽ സമാജ്‌വാദി പാർട്ടിയും ജയന്ത് ചൗധരിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക് ദളും ചേർന്ന് മത്സരിക്കുമെന്നും അഖിലേഷ് അറിയിച്ചു.
ആകെ 80 ലോക്സഭാ മണ്ഡലങ്ങളാണ് ഉത്തർപ്രദേശിലുള്ളത്.
എല്ലാ തെരഞ്ഞെടുപ്പുകളിലും വളരെ നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും പ്രചാരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നതാണ് എസ്.പിയുടെ രീതി.
2017 നിയമസഭാ തെരഞ്ഞെടുപ്പിലും 2019 ലോക്സഭാ തെരഞ്ഞെടുപ്പിലും വോട്ടെടുപ്പ് തീയ്യതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സ്ഥാനാർത്ഥികൾ അവരുടെ മണ്ഡലങ്ങളിൽ പ്രചരണം ആരംഭിച്ചിരുന്നു.
Content Highlight: SP announces 16 candidates for Lok Sabha polls 2024, fields Dimple Yadav from Mainpuri