| Monday, 30th November 2015, 11:56 pm

രുചികരവും ക്രിസ്പിയുമായി സോയാ ബീന്‍ വറുക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്


സോയാബിന്‍ ഉപയോഗിച്ച് പല വിഭവങ്ങള്‍ ഉണ്ടാക്കുന്നവരുണ്ട്. ഫ്രൈ ആക്കിയും, സബ്ജിയും, എല്ലാം അത്തരത്തില്‍ സോയാ ബിന്‍ ഉപയോഗിച്ചുണ്ടാക്കാവുന്ന വിഭവങ്ങളില്‍ ചിലതാണ്. ഊണിനൊപ്പം നല്ലൊരു സൈഡ് ഡിഷായി ഉപയോഗിക്കാവുന്ന മറ്റൊരു സോയാബീന്‍ വിഭവമാണ്. സോയാബീന്‍ വറുത്തത്. മുളകും ഉപ്പും ചേര്‍ത്ത് പൊരിച്ചെടുക്കുന്നവരും ഉണ്ട്. എന്നാല്‍ പലപ്പോഴും ഇങ്ങനെ ഉണ്ടാക്കുമ്പോള്‍ സോയാബീന്‍ മൊരിഞ്ഞു കിട്ടാറില്ല. നല്ല മൊരിഞ്ഞ സോയാബീന്‍ വറുത്തത് ഉണ്ടാക്കാന്‍ ഇതാ ഒരു വഴി.


ആവശ്യമുള്ള സാധനങ്ങള്‍


സോയാബീന്‍- ഒരു കപ്പ്

മുളക് പൊടി- അര ടീസ്പൂണ്‍

ഉപ്പ്- മൂന്ന് ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി രണ്ട് ടീസ്പൂണ്‍

വെള്ളം- ആവശ്യത്തിന്

വെളിച്ചെണ്ണ- വറുക്കാന്‍ ആവശ്യത്തിന്


ഉണ്ടാക്കുന്ന വിധം


1. സോയാബീന്‍ കുതിര്‍ക്കാനുള്ള പാകത്തിന് വെള്ളം എടുക്കുക

2. ഇതിലേക്ക് ഉപ്പ്, മുളക് പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് നന്നായി കലക്കുക.( എരിവ് ആവശത്തിന് അല്‍പ്പം കൂടി ചേര്‍ക്കാം)

3. ഈ വെള്ളത്തിലേക്ക് സോയാബീന്‍ കുതിര്‍ക്കാന്‍ ഇടുക.

4. അര മുക്കാല്‍ മണിക്കൂര്‍ കാത്തിരിക്കുക. സോയാബീന്‍ നന്നായി കുതിര്‍ന്നതിന് ശേഷം. സോയാബീനുകള്‍ വെള്ളത്തില്‍ വെച്ച് തന്നെ പിഴിയുക. വീണ്ടും അല്‍പ നേരം വെള്ളത്തില്‍ തന്നെ വെക്കുക.

5. വെള്ളം വാര്‍ത്തുകളഞ്ഞതിന് ശേഷം. ഓരോ സോയാബീനും രണ്ടായി മുറിക്കുക

6. എണ്ണ ചൂടാക്കുക. ഇതിലേക്ക് കുതിര്‍ത്ത് വെച്ച സോയാബീന്‍ കഷ്ണങ്ങള്‍ ഇട്ട് വറുത്തെടുക്കുക. ഇളം ഒറഞ്ച് നിറമാകുന്നത് വരെ വറുത്തതിന് ശേഷം എണ്ണയില്‍ നിന്നും കോരിയെടുക്കാം( കരിയാതെ സൂക്ഷിക്കണം)

7. നല്ല കറുമുറെ കടിക്കാന്‍ പാകത്തിന് രുചികരമായ സോയാബീന്‍ വറുത്തത് റെഡിയായിട്ടുണ്ടാകും.

We use cookies to give you the best possible experience. Learn more