രണ്ട് കാരണങ്ങാളാലാണ് ഹിജാബ് വിമര്‍ശിക്കപ്പെടുന്നത്. അത് ഒരു മതചിഹ്നമാണെന്നും അതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നാമതിനെ നിരുത്സാഹപ്പെടുത്തേണ്ടതാണ് എന്നുമുള്ളതാണ് ഒന്നാമത്തെ കാരണം. രണ്ടാമത്തെ കാരണമാകട്ടെ ഹിജാബ് ഒരു പുരുഷാധിപത്യ ചിഹ്നമായതിനാല്‍ അത് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വിലങ്ങിടുന്നു എന്നതാണ്.
ക്ലാസ് മുറികളില്‍ വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കുന്നത് വിലക്കിക്കൊണ്ട കര്‍ണാടകയിലെ കോളേജുകള്‍ എടുത്ത തീരുമാനം ഫെമിനിസ്റ്റ് വൃത്തങ്ങളിലെ ഒരു പഴയ സംവാദത്തിന് വീണ്ടും തിരികൊളുത്തിയിരിക്കയാണ്. സ്ത്രീകള്‍ അടക്കവും ഒതുക്കവും ഉള്ളവരായിരിക്കണമെന്ന ആവശ്യത്തിന് അടിവരയിടുന്നതും ചില രാജ്യങ്ങളില്‍ നിയമപരമായും മറ്റു ചിലയിടങ്ങളില്‍ സാമൂഹ്യസമ്മര്‍ദ്ദം വഴിയും അടിച്ചേല്‍പിക്കപ്പെടുന്നതുമായ തരം വസ്ത്രങ്ങളെ ന്യായീകരിക്കേണ്ടതുണ്ടോ?
ഈ പുരുഷാധിപത്യ ചിഹ്നങ്ങളെ ഇല്ലായ്മ ചെയ്യണമെന്ന് ആവശ്യപ്പെടുന്നവര്‍ ഏതു തരക്കാരായാലും എന്താണ് പ്രശ്‌നം? ആത്യന്തികമായി ഒരു പുരുഷാധിപത്യ ചിഹ്നമാണ് ഇല്ലാതാക്കപ്പെടുന്നത് എന്നതിനാല്‍ ഫെമിനിസ്റ്റുകള്‍ ഇത്തരമൊരു ആഹ്വാനത്തെ പിന്തുണക്കേണ്ടതല്ലേ? ബുര്‍ഖയില്‍ നിന്നും നിഖാബില്‍ നിന്നും വ്യത്യസ്തമാണ് ഹിജാബ് എന്നതിനാല്‍, ഒരു വസ്ത്രം സ്ത്രീശരീരത്തിന്റെ എത്രമാത്രം മറയ്ക്കുന്നു എന്നതിനനുസരിച്ച് അവയോടുള്ള ഫെമിനിസ്റ്റ് നിലപാട് മാറേണ്ടതുണ്ടോ ?
ഞാനൊരു മുസ്‌ലിമല്ലാത്തിതിനാല്‍ മാത്രമല്ല, കുട്ടിക്കാലം മുതല്‍തന്നെ ഏതെങ്കിലും മതവിശ്വാസമോ ആചാരമോ പിന്തുടര്‍ന്നിട്ടില്ലാത്തതിനാലും ഈ വിഷയത്തെപ്പറ്റി എഴുതാന്‍ എനിക്ക് മടിയുണ്ടായിരുന്നു. ബാല്യകൗമാരങ്ങളില്‍ ദൈവസങ്കല്‍പത്തെപ്പറ്റി സന്ദേഹങ്ങളുണ്ടായിരുന്നു എനിക്ക്. ഒരു ഘട്ടത്തില്‍ ഞാനൊരു അജ്ഞേയവാദിയാണെന്നു പോലും സ്വയം സംശയിച്ചിരുന്നു.
എന്നാല്‍ മൂന്നു തലമുറകളായി നാസ്തികര്‍ മാത്രമുള്ള എന്റെ കുടുംബം ഏതെങ്കിലുമൊരു വിശ്വാസം സ്വീകരിക്കാന്‍ എന്നോട് ഒരിക്കലും ആവശ്യപ്പെട്ടിരുന്നില്ല. അതുകൊണ്ട് ഒരു വ്യക്തിക്ക് മതത്തോടുണ്ടാകുന്ന വൈകാരികബന്ധം അനുശീലനത്തിലൂടെ എത്രമാത്രം ഉണ്ടാകുമെന്നും വ്യക്തിപരമായ തിരഞ്ഞെടുപ്പിലൂടെ എത്രത്തോളമുണ്ടാകുമെന്നും അളക്കാനുള്ള കഴിവ് എനിക്കില്ല.
എല്ലാ മതങ്ങളും പൊതുവെ പ്രയോജനരഹിതമാണെന്നാണ് ഞാന്‍ കരുതുന്നത്. മതഗ്രന്ഥങ്ങളിലെ ഏതെങ്കിലും അധ്യായത്തില്‍ എന്തൊക്കെ പറയുന്നുണ്ടെങ്കിലും സഹജീവികളോടുള്ള വിവരണാതീതമായ ക്രൂരകൃത്യങ്ങളെ സാധൂകരിക്കുന്ന എല്ലാമതങ്ങളും പൊതുവെ ഉപയോഗശൂന്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഞാന്‍ സസെക്‌സ് യൂണിവേഴ്‌സിറ്റിയില്‍ ജെന്‍ഡര്‍ സ്റ്റഡീസില്‍ മാസ്റ്റേഴ്‌സ് ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ജെന്‍ഡറും ഫെമിനിസങ്ങളും (അതെ, ബഹുവചനം തന്നെ) എന്ന വിഷയത്തെക്കുറിച്ചുള്ള ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി കേംബ്രിഡ്ജ് സന്ദര്‍ശിക്കാനുള്ള ഒരവസരം ലഭിച്ചു.
സ്വന്തം പ്രത്യാശകളെക്കുറിച്ചും സ്വസമൂഹങ്ങളില്‍ തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും തങ്ങളുടെ പോരാട്ടങ്ങളെ എങ്ങിനെയാണ് രൂപപ്പെടുത്തുന്നത് എന്നതിനെക്കുറിച്ചുമുള്ള കാര്യങ്ങള്‍ സംസാരിക്കാനായി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഫെമിനിസ്റ്റുകള്‍ എത്തിയിരുന്നു. (റെസ്റ്റ് റൂമില്‍ തീര്‍ത്തും അപ്രതീക്ഷിതമായി കാതറിന്‍ മക്കിന്നോണിന്റെ മുന്നില്‍ ചെന്നുപെട്ടതും, അവര്‍ കണ്ണിമയ്ക്കുകയും ഒരു ചെറുപുഞ്ചിരി നല്‍കുകയും ചെയ്യുന്നതുവരെ താരപ്രഭയില്‍ മോഹിതയായി നിന്നുപോയതുമായിരുന്നു എന്നെ സംബന്ധിച്ച് കോണ്‍ഫറന്‍സിലെ അവിസ്മരണീയ നിമിഷങ്ങളിലൊന്ന്).
മദ്ധ്യപൗരസ്ത്യ നാടുകളില്‍നിന്നുള്ള ഫെമിനിസ്റ്റുകളും ഉണ്ടായിരുന്നു അവിടെ. അവരില്‍ മിക്കവരും ഹിജാബാണ് ധരിച്ചിരുന്നത്. അവര്‍ പുരുഷമേധാവിത്വത്തെപ്പറ്റി മാത്രമല്ല ഇസ്‌ലാമോഫോബിയയെപ്പറ്റിയും സംസാരിക്കുന്നുണ്ടായിരുന്നു. കുടുംബത്തിനകത്തും പുറത്തും ഫെമിനിസ്റ്റ് ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതുപോലെ തന്നെ പ്രയാസകരമാണ്, അതിനൊപ്പം തങ്ങളുടെ മതപരമായ സ്വത്വത്തെ നിരന്തരമായി ഒറ്റപ്പെടുത്തുന്ന വിദ്വേഷപൂര്‍ണമായ ലോകത്തോടും പൊരുതേണ്ടിവരിക എന്നത്.
ഒരു പാശ്ചാത്യരാജ്യത്ത് നടക്കുന്ന കോണ്‍ഫറന്‍സ് ആയതിനാല്‍ അവിടെ സ്വന്തം സ്വത്വം സ്ഥാപിച്ചെടുക്കാനും, വെള്ളക്കാരികളായ ഫെമിനിസ്റ്റുകള്‍ ഇതര സംസ്‌കാരങ്ങളില്‍ നിന്നുള്ള ഫെമിനിസ്റ്റുകളുടെ വക്താക്കളാകേണ്ട യാതൊരാവശ്യവുമില്ല എന്ന് അടിവരയിട്ടുറപ്പിക്കാനുമാണ് അവര്‍ ഹിജാബ് ധരിച്ച് എത്തിയത്.
ചില കാര്യങ്ങളില്‍ സന്ദേഹങ്ങളുണ്ടായിരുന്നെങ്കിലും അവര്‍ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങള്‍ എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. പല മുസ്‌ലിം സമൂഹങ്ങളിലും ഹിജാബ് നിയമപരമായി നിര്‍ബന്ധിതമായിരിക്കെ, സ്വതന്ത്രമായി തിരഞ്ഞെടുക്കാവുന്ന ഒന്നല്ലാതിരിക്കെ, ഫെമിനിസ്റ്റുകള്‍ എന്തിന് അതുമായി പൊരുത്തപ്പെടണം? അതിനെ വ്യക്തിയുടെ തിരഞ്ഞെടുക്കാനുള്ള അവകാശമെന്നു പറഞ്ഞ് എന്തിന് ഈ സംവാദത്തെ ലഘൂകരിക്കണം? ഇതായിരുന്നു എന്റെ സംശയം. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഞാന്‍ കൂടുതല്‍ പഠിക്കുകയും വ്യത്യസ്ത അഭിപ്രായങ്ങള്‍ മനസ്സിലാക്കുകയും ചെയ്തതിനാല്‍ എന്റെ വീക്ഷണങ്ങള്‍ അന്നത്തെ ഇരുപത്തിയൊന്നുകാരിയുടേതല്ല.
മുന്‍പ് സൂചിപ്പിച്ചതുപോലെ ഹിജാബ് എതിര്‍ക്കപ്പെടുന്നത് പ്രധാനമായും രണ്ടു കാരണങ്ങളാലാണ്. ഹിജാബ് ഒരു മതചിഹ്നമാണെന്നും പൊതുവിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും മതപരമായ ചിഹ്നങ്ങളെ നമ്മള്‍ നിരുത്സാഹപ്പെടുത്തേണ്ടതുണ്ട് എന്നതാണ് ഒന്നാമത്തേത്. പുരുഷാധിപത്യത്തിന്റെ ചിഹ്നമായ ഹിജാബ് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വിലങ്ങിടുന്നതിനാല്‍ അതിനെ എതിര്‍ക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ് എന്നതാണ് രണ്ടാമത്തെ കാരണം.
ആദ്യത്തെ കാരണമനുസരിച്ച് ഹിജാബ് നിരോധിക്കുകയാണെങ്കില്‍ മറ്റ് മതചിഹ്നങ്ങളോടും നമ്മള്‍ അതേ നിലപാട് സ്വീകരിക്കേണ്ടിവരും. ജനങ്ങള്‍ വിവിധ മതങ്ങളില്‍ വിശ്വസിക്കുകയും, പൂണൂല്‍ മുതല്‍ തലപ്പാവുവരെയുള്ള നിരവധി മത-ജാതി ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ഇത് എറെക്കുറെ അസാധ്യമാണുതാനും. ഇത്തരമൊരു സാഹചര്യത്തില്‍, ഏത് മതചിഹ്നമാണ് അനുവദിക്കപ്പെടേണ്ടതെന്നും ഏതാണ് വിലക്കപ്പെടേണ്ടതെന്നും എങ്ങിനെയാണ് നമ്മള്‍ ഇനം തിരിക്കുക?
മതമേതായാലും ശരി, എല്ലാവരും ഏകരൂപമായ വസ്ത്രധാരണ രീതി പിന്തുടരണം എന്നു പറയുമ്പോള്‍ വസ്ത്രധാരണത്തില്‍ യാതൊരു മതചിഹ്നവും കാണാന്‍ പാടില്ല എന്നാണോ നമ്മള്‍ അര്‍ത്ഥമാക്കുന്നത്? അതല്ല, സംഘടിതമായ ഭൂരിപക്ഷ മതശക്തികള്‍ സ്വീകരിക്കുകയും അംഗീകരിക്കുകയും സ്വാഭാവികവല്‍ക്കരിക്കുകയും ചെയ്ത മതചിഹ്നങ്ങള്‍ മാത്രം ദൃശ്യമായാല്‍ മതിയെന്നാണോ?
രണ്ടാമത്തെ കാരണം കൂടുതല്‍ മാന്യവും പിന്തുണ അര്‍ഹിക്കുന്നതുമാണെന്ന് തോന്നിപ്പിക്കും. എന്നാല്‍ ഇസ്‌ലാമിക വിശ്വാസം ഒരേ രീതിയിലാണ് എല്ലായിടത്തും വ്യാഖ്യാനിക്കപ്പെടുന്നതും ആചരിക്കപ്പെടുന്നതും എന്ന ഒരു മുന്‍വിധി അതിലുണ്ട്. ബംഗ്ലാദേശിലെപ്പോലെയല്ല ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ ഇസ്‌ലാം ആചരിക്കപ്പെടുന്നത് എന്ന് നമുക്കറിയാം. തമിഴ്‌നാട്ടിലെ ഇസ്‌ലാമിക ആചാരങ്ങളല്ല കാശ്മീരി മുസ്‌ലീങ്ങള്‍ പിന്തുടരുന്നത്. തിരുനെല്‍വേലിക്കാരനായ ഒരു ക്രിസ്ത്യാനിക്കും അയര്‍ലണ്ടുകാരനായ ക്രിസ്ത്യാനിക്കും ഒരേ വിശ്വാസങ്ങളും സാംസ്‌കാരിക സമ്പ്രദായങ്ങളുമാണ് ഉണ്ടായിരിക്കുകയെന്ന് നമ്മളാരും കരുതുന്നില്ല.
എന്നാല്‍, ലോകമെങ്ങുമുള്ള ഇസ്‌ലാം മതവിശ്വാസികള്‍ ഏകശിലാ സ്വഭാവമുള്ളവരാണെന്ന് വിശ്വസിക്കാന്‍ നമ്മളില്‍ പലര്‍ക്കും യാതൊരു പ്രയാസവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇസ്‌ലാമോഫോബിയ എത്രമാത്രം സ്വാഭാവികമായിക്കഴിഞ്ഞു എന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. നമ്മള്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും, പിന്തിരിപ്പന്‍ വീക്ഷണങ്ങളുമായും തീവ്രവാദവുമായും ഹിംസാത്മക പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെടുത്തിയാണ് നാം ഇസ്‌ലാം മതത്തെ നോക്കിക്കാണുന്നത്.
ചില ഇസ്‌ലാമിക സമൂഹങ്ങളില്‍ ഹിജാബ്/ നിഖാബ്/ ബുര്‍ഖ, നിയമം വഴി നിര്‍ബന്ധിതമാക്കപ്പെട്ടിട്ടുണ്ട്. ഇത് ലംഘിക്കുന്ന സ്ത്രീകള്‍ കടുത്ത ശിക്ഷകള്‍ നേരിടേണ്ടിവരികയും ചെയ്യുന്നു. ഇത്തരം നിയമങ്ങളില്ലെങ്കില്‍പോലും മറ്റുചില ഇസ്‌ലാമിക സമൂഹങ്ങളില്‍ ഇവ ധരിക്കാന്‍ കുടുംബപരവും സാമൂഹികവുമായ സമ്മര്‍ദ്ദങ്ങളുണ്ട്. അപൂര്‍വമെങ്കിലും മറ്റു ചിലയിടങ്ങളില്‍ സ്ത്രീകള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്.
ഇപ്പോള്‍ യൂറോപ്പില്‍ കഴിയുന്ന എന്റെ ഒരു കോളജുകാല മുസ്‌ലിം സുഹൃത്ത് ഞങ്ങളെയൊക്കെ അമ്പരപ്പിച്ചുകൊണ്ട് പെട്ടെന്നൊരു നാള്‍ ഹിജാബ് ധരിക്കാന്‍ തുടങ്ങി. കോളേജ് കാലത്ത് അവളൊരിക്കലും ഹിജാബ് ധരിച്ചിരുന്നില്ല, എന്നു മാത്രമല്ല അവളുടെ കുടുംബത്തിലുള്ളവരും അത് ഉപയോഗിച്ചിരുന്നില്ല. അവളുടെ ഭര്‍ത്താവ് ഞങ്ങളുടെ പരിചയക്കാരനായിരുന്നു. ഉല്‍പതിഷ്ണുവായ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും സമ്മര്‍ദ്ദമുണ്ടാവാന്‍ സാധ്യതയുണ്ടായിരുന്നില്ല. ഏതായാലും ഹിജാബ് ധരിക്കാന്‍ തുടങ്ങിയതുപോലെ തന്നെ പൊടുന്നനവെ അവള്‍ അത് ഉപേക്ഷിക്കുകയും ചെയ്തു.
പിന്നീടൊരിക്കല്‍ ഇക്കാര്യത്തെപ്പറ്റി ചോദിച്ചപ്പോള്‍ ഹിജാബ് ധരിച്ചതിന് രണ്ടു കാരണങ്ങളാണ് അവള്‍ പറഞ്ഞത്. ഒന്ന്, ഇസ്‌ലാമിനെ കാന്‍സര്‍ പോലെ കാണുന്ന ഒരു സമൂഹത്തില്‍ സ്വന്തം സ്വത്വം സ്ഥാപിക്കുക എന്നതായിരുന്നു. രണ്ടാമത്തെ കാരണം, അവളിപ്പോള്‍ ജീവിക്കുന്ന സാമൂഹികവൃത്തങ്ങളില്‍ പുറംമോടിക്കും കെട്ടിച്ചമയലിനും വേണ്ടി സ്ത്രീകള്‍ക്കുമേല്‍ വലിയ സമ്മര്‍ദ്ദമുണ്ടാകുന്നു എന്നതാണ്. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ തനിക്ക് കൈമോശം വന്നുപോയ രൂപപരമായ ലാളിത്യത്തിലേക്ക് തിരികെ പോകാന്‍ അവള്‍ ആഗ്രഹിച്ചു. അതിനവള്‍ കണ്ട വഴി ഹിജാബ് ധരിക്കുക എന്നതായിരുന്നു.
താന്‍ നിര്‍ബന്ധിച്ചിട്ടാണ് ഭാര്യ ഹിജാബ് ധരിക്കുന്നതെന്ന് മറ്റുള്ളവര്‍ കരുതുമെന്ന് ഭയന്ന അവളുടെ ഭര്‍ത്താവ് വളരെ അസ്വസ്ഥനായിരുന്നു. ഏതായാലും, അവളുടെ മനസ്സിലുണ്ടായിരുന്ന മുന്‍പറഞ്ഞ പ്രശ്‌നങ്ങളെയെല്ലാം നേരിട്ടു കഴിഞ്ഞപ്പോള്‍ ഒടുവിലവള്‍ ഹിജാബ് ഉപേക്ഷിച്ചു.
ഇന്ത്യയില്‍ ജീവിക്കുന്ന മുസ്‌ലിം സ്ത്രീകളുടെ, പ്രത്യേകിച്ച് യാഥാസ്ഥിതിക മുസ്‌ലിം കുടുംബങ്ങളിലെ സ്ത്രീകളുടെ കാര്യമോ? തനിക്കിഷ്ടപ്പെട്ട തരത്തിലുള്ള വസ്ത്രധാരണ രീതി തിരഞ്ഞെടുക്കാന്‍ അവര്‍ക്ക് എത്രമാത്രം സ്വാതന്ത്ര്യമുണ്ട്? ഇതൊക്കെയാണ് സ്വയമേവ പൊന്തിവരുന്ന ചോദ്യങ്ങള്‍.
അവള്‍ നേരിടുന്ന ആസന്ന ഭീഷണി എന്താണ് എന്ന് നമ്മള്‍ ചോദിക്കേണ്ട സന്ദര്‍ഭമാണിത് എന്ന് ഞാന്‍ കരുതുന്നു. കുടുംബത്തിനകത്തും പുറത്തും മത-സംസ്‌കാര ഭേദമെന്യെ ഇന്ത്യന്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന പുരുഷാധിപത്യമാണോ ഈ ഭീഷണി? അതോ ശക്തമായ രാഷ്ട്രീയ പിന്തുണയോടെ പൊതുമണ്ഡലത്തില്‍ നിന്നും, അവരുടെ മതസ്വത്വം ദ്രുതഗതിയില്‍ തുടച്ചുനീക്കപ്പെടുന്നു എന്നുള്ളതോ?
ഹിജാബിനെതിരെയുള്ള ഹിന്ദുത്വ പ്രചാരണത്തിന് സ്ത്രീ അവകാശങ്ങളുമായി യാതൊരു ബന്ധവുമില്ല. യാഥാസ്ഥിതികവും പിന്തിരിപ്പനുമെന്ന് മുദ്രകുത്തി മുസ്‌ലിം ജനവിഭാഗത്തെ സാമൂഹ്യമായി ഒറ്റപ്പെടുത്തുകയും ബഹിഷ്‌കരിക്കുകയുമാണ് അതിന്റെ ലക്ഷ്യം. ഹിന്ദുത്വത്തിന്റെ ന്യായീകരണവീരന്മാരും ഇസ്‌ലാമിനെതിരായ ‘അപവാദ വ്യവസായ’ത്തിനെതിരെയോ, മുസ്‌ലിമിനെതിരെ അക്രമോത്സുകരാകുന്ന ‘ഹിന്ദുസഹോദര’നെതിരെയോ ഒരക്ഷരം ഉരിയാടില്ല.
കുഞ്ഞുപ്രായത്തിലുള്ള ഒരു മുസ്‌ലിം പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്തതിനെപ്പോലും അവര്‍ ന്യായീകരിക്കും. എന്നാല്‍ ഹിജാബിനെതിരെ അവര്‍ പോരാടുക തന്നെ ചെയ്യും. കാരണം അത് അവര്‍ വെറുക്കുന്ന ഒരു മതത്തിന്റെ ചിഹ്നമാണ്. അല്ലാതെ അത് പുരുഷാധിപത്യ ചിഹ്നമായതിനാലല്ല.
ഹിജാബിനെപ്പറ്റിയുള്ള തങ്ങളുടെ വ്യക്തിപരമായ വീക്ഷണങ്ങള്‍ എന്തുമായിക്കൊള്ളട്ടെ, ഇത്തരമൊരു സാഹചര്യത്തില്‍ മുസ്‌ലിം സ്ത്രീകള്‍ എന്താണ് ചെയ്യേണ്ടത്? ഹിന്ദുത്വവാദികളുടെ ഉഗ്രശാസനയ്ക്കുമുന്നില്‍ തലകുനിക്കുകയോ? അതല്ല, സ്വന്തം സ്വത്വം സ്ഥാപിച്ചുറപ്പിക്കുകയോ? ഏതൊരാള്‍ക്കും വന്നുപെടാവുന്ന അത്ര സുഖകരമായ ഒരു ജീവിത സന്ദര്‍ഭമല്ല ഇത്. മത സാംസ്‌കാരിക വൈവിധ്യങ്ങളുടെ ഒരു നാടെന്ന നിലയില്‍ മുസ്‌ലിം സ്ത്രീകള്‍ ഇത്തരമൊരു പ്രതികൂല സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടിവരുന്നത് നമ്മുടെയെല്ലാം തോല്‍വിയും നാണക്കേടുമാണ്.
മതവിദ്വേഷത്തിന്റെ ഫലമാണെങ്കില്‍പ്പോലും ഹിജാബ് നിരോധനം പുരുഷാധിപത്യത്തിനുമേലുള്ള വിജയമാണെന്ന മറ്റൊരു വാദമുണ്ട്. ഹിന്ദുമതമടക്കമുള്ള മറ്റു മതങ്ങളില്‍ നിലനില്‍ക്കുന്ന എണ്ണമറ്റ പുരുഷാധിപത്യ സമ്പ്രദായങ്ങള്‍ക്കെതിരെ ഇത്തരം നിരോധനങ്ങളുണ്ടാവില്ല എന്നറിഞ്ഞുകൊണ്ട് നമുക്കെങ്ങിനെയാണ് ഹിജാബ് നിരോധനത്തെ ഈ വിധത്തില്‍ കാണാന്‍ കഴിയുക?
സ്വന്തം സമുദായമത്രയും സാമൂഹ്യമായി അകറ്റിനിര്‍ത്തപ്പെടുമ്പോള്‍ മുസ്‌ലിം സ്ത്രീകള്‍ വേറിട്ടുനിന്ന് ആഹ്ലാദിക്കുമെന്ന് നമുക്കെങ്ങിനെയാണ് പ്രതീക്ഷിക്കാന്‍ കഴിയുക? മുസ്‌ലിം സ്ത്രീകളുടെ കര്‍തൃത്വം തന്നെ ഉരിഞ്ഞെടുക്കപ്പെടുമ്പോള്‍ നമുക്കെങ്ങിനെയാണ് ഇതിനെ ഒരു ഫെമിനിസ്റ്റ് വിജയമായി കൊണ്ടാടാനാവുക?
അവസാനമായി ഒരു കാര്യം കൂടി സൂചിപ്പിച്ചുകൊണ്ട് ഞാന്‍ ഈ ലേഖനം അവസാനിപ്പിക്കട്ടെ. മുഖ്യ പരിഗണനാവിഷയങ്ങളേത് എന്നതു സംബന്ധിച്ച ഫെമിനിസ്റ്റുകളുടെ തിരഞ്ഞെടുപ്പുകള്‍ക്കും (ഞാന്‍ ആവര്‍ത്തിക്കുന്നു, വ്യത്യസ്ത സംസ്‌കാരങ്ങളില്‍ ഈ തിരഞ്ഞെടുപ്പുകളും വ്യത്യസ്തമായിരിക്കും) സ്ത്രീ അവകാശങ്ങള്‍ക്കും തമ്മില്‍ വലിയ അന്തരങ്ങളുണ്ട്.
ഒരു പെണ്‍കുട്ടി സാമ്പത്തികമായി സ്വയം പര്യാപ്തയല്ലാതിരിക്കുകയും ഗര്‍ഭധാരണത്തിന് യോജിക്കാത്തത്ര ചെറുപ്പമായിരിക്കുകയും ചെയ്യുന്ന പതിനെട്ടാം വയസ്സില്‍ ഒളിച്ചോടി വിവാഹം ചെയ്യുന്നത് ഫെമിനിസ്റ്റുകള്‍ക്ക് സ്വീകാര്യമാകുന്ന ഒരു തെരഞ്ഞെടുപ്പല്ല. പക്ഷെ അങ്ങിനെ ചെയ്യുന്നതിന് ഒരു സ്ത്രീക്ക് അവകാശമില്ലേ? തീര്‍ച്ചയായും ഉണ്ട്. എന്നുമാത്രമല്ല, അങ്ങനെ ചെയ്യാനുള്ള അവളുടെ അവകാശത്തിനായി ഫെമിനിസ്റ്റുകള്‍ പൊരുതുകയും ചെയ്യേണ്ടതുണ്ട്.
ഫെമിനിസ്റ്റുകള്‍ പോരാടുന്നത് സ്വന്തം അവകാശങ്ങള്‍ നേടിയെടുക്കാന്‍ മാത്രമല്ല. പകരം എല്ലാ സ്ത്രീകളുടേയും, മര്‍ദ്ദിതമായ എല്ലാ സ്വത്വങ്ങളിലും പെടുന്ന ജനങ്ങളുടെയും അവകാശങ്ങള്‍ക്കു കൂടി വേണ്ടിയാണ്. ആന്തരികമായ വിമോചനമാണ് ഫെമിനിസത്തിന്റെ കാതല്‍. സ്വയമേവ വിമോചനത്തിന് തയ്യാറായിക്കഴിഞ്ഞിട്ടില്ലാത്ത ആരെയും ‘വിമോചിതയാകാ’നായി നിര്‍ബന്ധിക്കാന്‍ എനിക്ക് അവകാശമില്ല എന്നാണ് ഇതിനര്‍ത്ഥം. മാത്രമല്ല വിമോചിതയാവുകയെന്നാല്‍ എന്ത് എന്ന എന്റെ ധാരണകള്‍ മറ്റു സ്ത്രീകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനും എനിക്കവകാശമില്ല.
അതിനെപ്പറ്റി അവരുമായി ചര്‍ച്ച ചെയ്യാനും സംവാദം നടത്താനും എനിക്ക് കഴിയും. വിമോചനത്തെ സംബന്ധിച്ച എന്റെ ധാരണകള്‍ അവരുമായി പങ്കുവെക്കാനും കഴിയും. എന്നാല്‍ ഞാന്‍ സ്വന്തം ജീവിതത്തില്‍ ചെയ്യുന്നതത്രയും പിന്തുടരാനായി അവരെ നിര്‍ബന്ധിക്കാന്‍ എനിക്ക് യാതൊരവകാശവുമില്ല. വിമോചനത്തെ സംബന്ധിച്ച എന്റെ സങ്കല്പങ്ങള്‍ കാലം ചെല്ലുന്തോറും മാറിക്കൊണ്ടിരിക്കയാണ്.
ചുരുക്കിപ്പറഞ്ഞാല്‍, ഹിജാബ് സംബന്ധിച്ച ഫെമിനിസ്റ്റ് നിലപാട് ചുവടെ പറയുംവിധമായിരിക്കണമെന്ന് ഞാന്‍ കരുതുന്നു.
ഹിജാബ് ധരിക്കാത്ത സ്ത്രീകളെ ഭരണകൂടം ശിക്ഷിക്കുന്ന സമൂഹങ്ങളില്‍ ഫെമിനിസ്റ്റുകള്‍ ഭരണകൂടത്തിനെതിരെ പോരാടേണ്ടതുണ്ട്.
അത് ധരിക്കുന്നു എന്ന കാരണത്താല്‍ സ്ത്രീകളെ ഭരണകൂടം ശിക്ഷിക്കുന്ന സമൂഹങ്ങളിലും ഫെമിനിസ്റ്റുകള്‍ സ്ത്രീകളുടെ പക്ഷം ചേര്‍ന്ന് ഭരണകൂടത്തിനെതിരെ പോരാടേണ്ടതാണ്.
ഹിജാബ് ധരിക്കുന്ന സ്ത്രീകളെ ഭരണകൂടം ശിക്ഷിക്കാതിരിക്കുകയും, എന്നാല്‍ കുടുംബാംഗങ്ങളും മതസ്ഥാപനങ്ങളും ശിക്ഷിക്കുകയും ചെയ്യുന്ന സമൂഹങ്ങളുടെ കാര്യത്തിലുള്ള നിലപാട് എന്തായിരിക്കണം? ഈ പ്രശ്‌നം, ഇതര മതവിഭാഗങ്ങളിലെ സ്ത്രീകള്‍ തങ്ങളുടെ വിദ്യാഭ്യാസത്തിനായും സ്വത്തവകാശത്തിനായും പ്രത്യുല്‍പാദനം സംബന്ധിച്ച സ്വാതന്ത്ര്യത്തിനായും നടത്തുന്ന പോരാട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമല്ലെന്ന് ഫെമിനിസ്റ്റുകള്‍ തിരിച്ചറിയേണ്ടതുണ്ട്.
ഒരു ‘പിന്തിരിപ്പന്‍’ മതവിശ്വാസത്തിനുമാത്രം സവിശേഷമായുള്ള ഒരു ‘മുസ്‌ലിം’ പ്രശ്‌നമല്ല അതെന്ന് അവര്‍ മനസ്സിലാക്കേണ്ടതാണ്. ഫെമിനിസ്റ്റുകള്‍ സ്വയം നേതൃത്വം ഏറ്റെടുക്കാതെ അത്തരം സ്ത്രീകളുമായി ഐക്യെപ്പടുകയും പോരാട്ടത്തില്‍ അവര്‍ക്ക് എന്ത് സംഭാവന ചെയ്യാന്‍ കഴിയുമെന്ന് കണ്ടെത്തുകയുമാണ് വേണ്ടത്.
അതേപോലെ തന്നെ ഹിജാബ് ധരിക്കാത്ത സ്ത്രീകളെ ഭരണകൂടം ശിക്ഷിക്കാതിരിക്കുകയും അവരുടെ കാര്യത്തില്‍ കുടുംബാംഗങ്ങളോ മതസ്ഥാപനങ്ങളോ ഇടപെടാതിരിക്കുകയും ചെയ്യുന്ന സമൂഹങ്ങളില്‍ ഫെമിനിസ്റ്റുകള്‍ സ്ത്രീകളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പിനെ അംഗീകരിക്കുകയാണ് ചെയ്യേണ്ടത്.
ഫെമിനിസത്തിലെ ഈ വിഭിന്ന നിലപാടുകള്‍ ഉപരിപ്ലവസമീപനങ്ങളുടെ ഫലമാണോ? ഒരിക്കലുമല്ല. ലോക ജനസംഖ്യയുടെ പകുതിയും സ്ത്രീകളാണ്. അതുകൊണ്ടുതന്നെ, അവര്‍ക്കെല്ലാവര്‍ക്കും അനുയോജ്യമായ ഒറ്റ ഫെമിനിസം മാത്രമായി ഉണ്ടാവില്ല. അതിനാലാണ് ഇരുപത്തിയൊന്നാം വയസ്സില്‍ ഞാന്‍ പങ്കെടുത്ത കോണ്‍ഫറന്‍സ് ‘ഫെമിനിസ’ങ്ങളുടേതായത്. ഒരു ഫെമിനിസ്റ്റ് ആകുകയെന്നാല്‍ എന്താണര്‍ത്ഥം എന്ന എന്റെ ധാരണകള്‍ വര്‍ഷങ്ങളിലൂടെ ഒരുപാട് മാറിയിട്ടുണ്ട്. അത് ഇനിയും മാറിക്കൊണ്ടിരിക്കും എന്നുറപ്പാണ്.
കടപ്പാട്: ദ ന്യൂസ് മിനുട്ട്
The News Minute ല്‍ പ്രസിദ്ധീകരിച്ച ആര്‍ട്ടിക്കിള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Content Highlight: Sowmya Rajendran about hijab row in Karnataka, and feminism