കെയിവ്: ലോകത്തിലെ ഏറ്റവും ഭീകര ആണവ ദുരന്തമായ ചെര്‍ണോബില്‍ ദുരന്തത്തെ കുറിച്ചുള്ള കൂടുതല്‍ രേഖകള്‍ പുറത്ത്. ചെര്‍ണോബില്‍ ദുരന്തത്തിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ന്യൂക്ലിയര്‍ പ്ലാന്റ് അപകടകരമായ നിലയിലാണെന്ന് അധികാരികള്‍ക്ക് അറിയാമായിരുന്നെന്നാണ് ഉക്രേനിയന്‍ സര്‍ക്കാര്‍ പുറത്തുവിട്ട രേഖകളില്‍ പറയുന്നത്.
നേരത്തെ സോവിയറ്റ് റഷ്യയുടെ ഭാഗമായിരുന്ന ഉക്രൈനിന്റെ ഭാഗങ്ങളിലായിരുന്നു ന്യൂക്ലിയര്‍ പ്ലാന്റ് സ്ഥിതി ചെയ്തിരുന്നത്. 1986 ഏപ്രില്‍ 26ന്, ഇവിടെയുണ്ടായിരുന്ന നാലാമത്തെ റിയാക്ടറില്‍ നടത്തിയ ഒരു പരീക്ഷണം പാളിപ്പോയതോടെ റേഡിയോ ആക്ടീവ് വസ്തുക്കള്‍ അന്തരീക്ഷം മുഴുവന്‍ പടര്‍ന്നുപിടിക്കുകയായിരുന്നു. യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളുടെ പരിധിയിലേക്കും ഇവ പടര്‍ന്നിരുന്നു.
ചെര്‍ണോബില്‍ ദുരന്തം നടന്ന ദിവസങ്ങളിലായി അമ്പതോളം പേരാണ് മരിച്ചതെങ്കില്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ റേഡിയോ ആക്ടീവ് വസ്തുക്കളില്‍ നിന്നും രോഗബാധിതരായി മരിച്ചവരുടെ എണ്ണം 4000ത്തിലുമേറെയാണ്. ഇതേ കുറിച്ച് ഇപ്പോഴും വ്യക്തമായ കണക്കുകള്‍ പുറത്തുവന്നിട്ടില്ല.
1982ല്‍ തന്നെ പ്ലാന്റില്‍ നിന്നും റേഡിയേഷന്‍ പുറത്തുവരുന്ന സംഭവം നടന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത പരിഭ്രാന്തിയും ദുഷ്പ്രചരണങ്ങള്‍ക്കും വഴിവെയ്ക്കുമെന്ന് പറഞ്ഞ് സോവിയറ്റ് സര്‍ക്കാര്‍ മറച്ചുവെയ്ക്കുകയായിരുന്നെന്ന് ഉക്രൈന്‍ സെക്യൂരിറ്റി (എസ്.ബി.യു) പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
1983ല്‍ തന്നെ ചെര്‍ണോബില്ലില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് റഷ്യന്‍ സര്‍ക്കാരിന് വിവരം ലഭിച്ചിരുന്നു. സോവിയറ്റ് യൂണിയനിലെ ഏറ്റവും അപകടം പിടിച്ച ന്യൂക്ലിയര്‍ പ്ലാന്റാണിതെന്ന് അന്ന് തന്നെ അറിയാമായിരുന്നെന്നും ഉക്രൈന്‍ പറയുന്നു. 1984ല്‍ പ്ലാന്റില്‍ ചില അപകടങ്ങള്‍ നടന്നിരുന്നെന്നും ഈ റിപ്പോര്‍ട്ടുകളിലുണ്ട്.
1986 ഏപ്രില്‍ 26ന് രാത്രിയോടെയാണ് ചെര്‍ണോബിലിലെ റിയാക്ടറില്‍ അപകടമുണ്ടാകുന്നത്. എന്നാല്‍ 36 മണിക്കൂറിന് ശേഷമാണ് പ്രദേശത്ത് നിന്നും ജനങ്ങളെ ഒഴിപ്പിച്ചതെന്നും അതുവരെ സംഭവം മൂടിവെയ്ക്കാന്‍ സോവിയറ്റ് സര്‍ക്കാര്‍ ശ്രമിച്ചത് ദുരന്തത്തിന്റെ ആഴം വര്‍ധിപ്പിച്ചെന്നും ഉക്രൈന്‍ സര്‍ക്കാര്‍ പറഞ്ഞു.
ഏകാധിപത്യ സ്വഭാവം പുലര്‍ത്തിയിരുന്ന സോവിയറ്റ് ഭരണത്തെ പോലൊരു സര്‍ക്കാര്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത ദുരന്തത്തിന് വഴിവെച്ചു. ചെര്‍ണോബില്‍ ദുരന്തത്തിന്റെ ഈ 35ാം വാര്‍ഷികം അതിന്റെ ഓര്‍മ്മപ്പെടുത്തലാണെന്ന് ഉക്രൈന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
2019ല്‍ അമേരിക്കന്‍ ചാനലായ എച്ച്.ബി.ഒ പുറത്തിറക്കിയ ചെര്‍ണോബില്‍ എന്ന സീരിസില്‍ പ്രതിപാദിക്കുന്ന പല കാര്യങ്ങളെയും സ്ഥിരീകരിക്കുന്നതാണ് ഉക്രൈന്റെ രേഖകള്‍. നേരത്തെ ഈ സീരിസിനെതിരെ റഷ്യ രംഗത്തുവന്നിരുന്നു. അടിസ്ഥാനരഹിതമായ വസ്തുതകളാണ് അമേരിക്ക പ്രചരിപ്പിക്കുന്നതെന്ന് റഷ്യ പ്രതികരിച്ചിരുന്നു. ഇപ്പോള്‍ ഉക്രൈനെതിരെയും റഷ്യ നടപടി സ്വീകരിക്കുമോയെന്ന് കാത്തിരിക്കുകയാണ് അന്താരാഷ്ട്ര സമൂഹം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക