ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ മറ്റൊരു ആവേശകരമായ ഹോം മത്സരത്തിലേക്ക് കടക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിലെ ഹോം മത്സരത്തിൽ അയൽക്കാരായ ബെംഗളൂരൂ എഫ്.സിയെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്.
സതേൺ ഡെർബി എന്ന രീതിയിൽ പ്രശസ്തമായ മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിനും ബെംഗളൂരൂവിനും ഇടയിൽ നടക്കുന്നത്. ഇരു ക്ലബ്ബുകളുടെയും ആരാധകർ തമ്മിലുള്ള വൈര്യമാണ് ക്ലബ്ബുകൾ തമ്മിലുള്ള വൈര്യമായി മാറിയത്.
കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടമായ മഞ്ഞപ്പടയും ബെംഗലൂരൂവിന്റെ ആരാധക കൂട്ടമായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസും തമ്മിലുള്ള പോർ വിളികൾ കൊണ്ടും ചാന്റുകൾ കൊണ്ടും പ്രസിദ്ധമാണ് സൗത്ത് ഇന്ത്യൻ ഡെർബി.
തുടർച്ചയായ നാല് മത്സരങ്ങൾ വിജയിച്ചാണ് ബ്ലാസ്റ്റേഴ്‌സ് കൊച്ചിയുടെ മണ്ണിൽ ഇന്ന് പോരിനിറങ്ങുന്നത്.ബെംഗളൂരൂവിനാകട്ടെ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഒന്ന് മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. പോയിന്റ് ടേബിളിൽ നിലവിൽ ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്തും ബെംഗളൂരൂ എഫ്.സി ഒമ്പതാം സ്ഥാനത്തുമാണ്.
സുനിൽ ചേത്രി, റോയ് കൃഷ്ണ, ജാവി ഹെർണാണ്ടസ്, സന്ദേശ് ജിങ്കൻ, തുടങ്ങിയ മികച്ച താരങ്ങൾ കൈവശമുണ്ടായിട്ടും താളം കണ്ടെത്താനാവാതെ പതറുന്ന ബെംഗളൂരൂവിന് ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്.
എന്നാൽ മറുവശത്ത് അഡ്രിയാൻ ലൂണ, ദി മിത്രിയോസ്, ഇവാൻ കലുഷ്നി, സഹൽ, കെ.പി. രാഹുൽ തുടങ്ങിയ സൂപ്പർ താരങ്ങളുടെ നേതൃത്വത്തിൽ മികച്ച ഫോമിലും ഒത്തിണക്കത്തിലുമാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്.
അതേസമയം മുൻ ബ്ലാസ്റ്റേഴ്‌സ് താരം സന്ദേശ് ജിങ്കനെ ഹോം ഗ്രൗണ്ടിൽ നേരിടാൻ കാത്തിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ. മുമ്പ് ബ്ലാസ്റ്റേഴ്സിനെതിരെ മോഹൻ ബഗാൻ ക്ലബ്ബിനായി കളിച്ച ശേഷം ബ്ലാസ്റ്റേഴ്സിനെതിരെ സ്ത്രീ വിരുദ്ധവും അധിക്ഷേപകരവുമായി ജിങ്കൻ സംസാരിച്ചിരുന്നു.
ഇതിനെതിരെ വലിയ പ്രതിഷേധം ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഭാഗത്ത് നിന്നുമുണ്ടായി. ഇപ്പോൾ ബെംഗളൂ രൂവിന്റെ ഭാഗമായി കളിക്കുന്ന ജിങ്കൻ ഇന്നത്തെ മത്സരത്തിനിറങ്ങുമെങ്കിൽ വലിയ ചാന്റിങ്ങ് താരത്തിനെതിരെ മുഴങ്ങുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
അതേസമയം ഇന്ന് വിജയിക്കാൻ സാധിച്ചാൽ ബ്ലാസ്റ്റേഴ്‌സ്സിന് പോയിന്റ് ടേബിളിൽ 18 പോയിന്റുകളോടെ അഞ്ചാം സ്ഥാനത്തെത്താം.ബെംഗളൂരൂവിന് വിജയിക്കാൻ സാധിച്ചാൽ 10 പോയിന്റുകൾ നേടി എട്ടാം സ്ഥാനത്തേക്ക് ഉയരാൻ സാധിക്കും.
Content Highlights:Southern Derby today in ISL; Blasters take on Jingan’s Bengaluru FC