ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2024-25 സീസണിലേക്ക് പ്രമോഷന്‍ നേടി സതാംപ്ടണ്‍. ചാമ്പ്യന്‍ഷിപ്പ് പ്ലേ ഓഫ് ഫൈനലില്‍ ലീഡ്‌സ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സതാംപ്ടണ്‍ ഇംഗ്ലീഷ് പ്രീമിയ ലീഗിന്റെ കളിത്തട്ടിലേക്ക് യോഗ്യത നേടിയത്.
കഴിഞ്ഞ സീസണില്‍ ആയിരുന്നു പ്രീമിയര്‍ ലീഗില്‍ നിന്നും സതാംപ്ടണ്‍ റെലെഗേറ്റ് ആയത്. എന്നാല്‍ ലീഡ്‌സ് യുണൈറ്റഡിനെ വീഴ്ത്തിക്കൊണ്ട് വീണ്ടും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് സതാംപ്ടണ്‍.
2022-23 സീസണില്‍ 38 മത്സരങ്ങളില്‍ നിന്നും ആറ് ജയവും ഏഴ് സമനിലയും 25 തോല്‍വിയും അടക്കം 25 പോയിന്റുമായി അവസാന സ്ഥാനത്തായിരുന്നു സതാംപ്ടണ്‍ ഫിനിഷ് ചെയ്തിരുന്നത്.
അതേസമയം ഇംഗ്ലണ്ടിലെ വെബ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ശൈലിയില്‍ ആയിരുന്നു ലീഡ്‌സ് യുണൈറ്റഡ് കളത്തില്‍ ഇറങ്ങിയത്. മറുഭാഗത്ത് 3-5-2 എന്ന ഫോര്‍മേഷന്‍ ആയിരുന്നു സതാംപ്ടണ്‍ പിന്തുടര്‍ന്നത്.
മത്സരത്തിന്റെ 24 മിനിട്ടില്‍ ആദം ആംസ്‌ട്രോങാണ് സതാംപ്ടണിന്റെ മത്സരത്തിലെ ഏക ഗോള്‍ നേടിയത്. ലീഡ്സിന്റെ പ്രതിരോധത്തെ വിള്ളല്‍ ഏല്‍പ്പിച്ചു കൊണ്ടുള്ള പാസില്‍ നിന്നും താരം ഒരു ഫസ്റ്റ് ടച്ചിലൂടെ ഗോള്‍ നേടുകയായിരുന്നു.
മത്സരത്തില്‍ 58 ശതമാനവും ബോള്‍ പൊസിഷന്‍ ലീഡ്സിന്റെ അടുത്തായിരുന്നു. 12 ഷോട്ടുകള്‍ എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിര്‍ത്ത ലീഡ്ഡിസിന് രണ്ടെണ്ണം മാത്രമാണ് ഓണ്‍ ടാര്‍ഗറ്റിലേക്ക് ഉന്നം വെക്കാന്‍ സാധിച്ചത്. മറുഭാഗത്ത് ഏഴ് ഷോട്ടുകള്‍ ഉതിര്‍ത്ത സതാംപ്ടണ്‍ മൂന്ന് ഷോട്ടുകള്‍ ആണ് ലക്ഷ്യത്തിലേക്ക് പായിച്ചത്.
Content Highlight: Southampton FC Promoted English Premiere League 2024-25 season