കണ്ടെടോ ആ പഴയ സൗത്താഫ്രിക്കയെ, ഓസീസിന്റെ ടോപ് സ്പിന്നര്‍ 10 ഓവറില്‍ വഴങ്ങിയത് 113! ടീം ടോട്ടല്‍ 416!
ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കക്ക് കൂറ്റന്‍ സ്‌കോര്‍. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 416 റണ്‍സാണ് പ്രോട്ടീസ് അടിച്ചുക്കൂട്ടിയത്.
83 പന്തില്‍ 13 ഫോറും അത്രയും തന്നെ സിക്‌സറുമായി 174 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. പുറത്താകാതെ 45 പന്തില്‍ ആറ് ഫോറും അഞ്ച് സിക്‌സറുമായി 82 റണ്‍സ് നേടി ഡേവിഡ് മില്ലര്‍ ക്ലാസന് മികച്ച പിന്തുണ നല്‍കി. റസ്സീ വാന്‍ ഡര്‍ ഡസന്‍ 62 റണ്‍സ് നേടിയിരുന്നു.
57 പന്തിലാണ് ക്ലാസന്‍ സെഞ്ച്വറി തികച്ചത്. എന്നാല്‍ പിന്നീട് കണ്ടത് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആക്രമണ ശൈലിയിലുള്ള ബാറ്റിങ്ങായിരുന്നു. പിന്നീട് നേരിട്ട 26 പന്തില്‍ 74 റണ്‍സാണ് ക്ലാസന്‍ അടിച്ചുക്കൂട്ടിയത്. അപ്പുറത്ത് മില്ലറും കില്ലര്‍ മോഡിലായതോടെ ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ക്ക് സിക്‌സറുകള്‍ എണ്ണാനായിരുന്നു വിധി.
അഞ്ചാം വിക്കറ്റില്‍ വെറും 99 പന്തില്‍ 222 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. അവസാന 18 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സാണ് ദക്ഷിണാഫ്രിക്ക് നേടിയത്. അവസാന ഒമ്പത് ഓവറില്‍ 164 റണ്‍സും!
ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ടിന്റെ ചൂട് എല്ലാ ഓസീ ബൗളര്‍മാരും അറിഞ്ഞിരുന്നു. എന്നാല്‍ ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ചത് സ്പിന്‍ വിസാര്‍ഡ് ആദം സാമ്പക്കാണ്. ഒരു ഏകദിന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ബൗളര്‍ എന്ന റെക്കോഡ് പങ്കിടാന്‍ സാമ്പക്ക് സാധിച്ചു. 10 ഓവറില്‍ 113 റണ്‍സാണ് സാമ്പ വഴങ്ങിയത്.
18 വര്‍ഷം മുമ്പ് ഓസീസിന്റെ തന്നെ മിക്ക് ലുയിസിനൊപ്പമാണ് സാമ്പയെത്തിയത്. അന്നും ദക്ഷിണാഫ്രിക്ക തന്നെയാണ് എതിരാളികള്‍ എന്നുള്ളത് ശ്രദ്ധേയം.
10 ഓവറില്‍ 59 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയ മൈക്കിള്‍ നാസെറാണ് കൂട്ടത്തില്‍ ഭേദമായി പന്തെറിഞ്ഞത്. 79 റണ്‍സ് നേടി രണ്ട് വിക്കറ്റാണ് ഹെയ്‌സല്‍വുഡ് നേടിയത്. സ്റ്റോയിനിസ് നതാന്‍ എല്ലിസ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. സ്‌റ്റോയിനിസ് 81 റണ്‍സ് വിട്ടുനല്‍കിയപ്പോള്‍ എല്ലിസ് 79 റണ്‍സാണ് വിട്ടുകൊടുത്തത്.
പരമ്പരയില്‍ 2-1ന് ഓസ്‌ട്രേലിയ മുന്നിട്ട് നില്‍ക്കുന്ന സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കക്ക് ഈ മത്സരം വിജയിച്ചേ മതിയാവു.
Content Highlight: Southafrica carnage against Australia