| Tuesday, 25th July 2023, 12:25 pm

ഒറ്റയക്കത്തിന് പുറത്തായത് ഒമ്പത് പേര്‍; തെക്കന്‍മാരുടെ കരുത്തില്‍ നാണംകെട്ട് നോര്‍ത്ത് സോണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ദേവ്ധര്‍ ട്രോഫിയില്‍ സൗത്ത് സോണിന്റെ കരുത്തില്‍ കാലിടറി വീണ് നോര്‍ത്ത് സോണ്‍. വി.ജെ.ഡി മെത്തേഡില്‍ 185 റണ്‍സിനാണ് നോര്‍ത്ത് സോണ്‍ പരാജയപ്പെട്ടത്.

ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളും നാരായണ്‍ ജഗദീശനും മലയാളി താരം രോഹന്‍ എസ്. കുന്നുമ്മലും തകര്‍ത്തടിച്ചപ്പോള്‍ ബൗളിങ്ങില്‍ വിദ്വത് കവേരപ്പയുടെ മാന്ത്രിക സ്‌പെല്ലിന് മുമ്പില്‍ അടിത്തറയിളകി വീഴാന്‍ മാത്രമായിരുന്നു നോര്‍ത്ത് സോണിന് സാധിച്ചത്.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൗത്ത് സോണ്‍ ടോപ് ഓര്‍ഡറിന്റെ കരുത്തില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സ് നേടി. രോഹന്‍ 61 പന്തില്‍ 70 റണ്‍സ് നേടിയപ്പോള്‍ മായങ്ക് അഗര്‍വാള്‍ 68 പന്തില്‍ 64 റണ്‍സും ജഗദീശന്‍ 66 പന്തില്‍ 72 റണ്‍സും നേടി.

39 പന്തില്‍ 31 റണ്‍സ് നേടിയ റിക്കി ഭുയി, 24 പന്തില്‍ 21 റണ്‍സ് നേടിയ അരുണ്‍ കാര്‍ത്തിക് എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.

നോര്‍ത്ത് സോണിനായി മായങ്ക് മാര്‍ക്കണ്ഡേയും റിഷി ധവാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സന്ദീപ് ശര്‍മ, മായങ്ക് മാര്‍ക്കണ്ഡേ, മായങ്ക് ധാഗര്‍, ക്യാപ്റ്റന്‍ നിതീഷ് റാണ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നോര്‍ത്ത് സോണിന് തൊട്ടതെല്ലാം പിഴച്ചിരുന്നു. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ വിക്കറ്റുകള്‍ തുരുതുരെ വീണപ്പോള്‍ നിതീഷും സംഘവും നിന്ന് പരുങ്ങി.

ടീം സ്‌കോര്‍ 26 തൊട്ടപ്പോഴേക്കും അഞ്ച് വിക്കറ്റ് നഷ്ടമായ നോര്‍ത്ത് സോണ്‍ 60 ആയപ്പോഴേക്കും ശേഷിക്കുന്ന അഞ്ച് വിക്കറ്റും വലിച്ചെറിഞ്ഞു.

ഓപ്പണര്‍ ശുഭം ഖജുരിയ ഒഴികെയുള്ള ഒരാള്‍ പോലും ഇരട്ടയക്കം കാണാതെ പുറത്തായി. ഒമ്പത് പന്തില്‍ പത്ത് റണ്‍സാണ് ഖജൂരിയയുടെ സമ്പാദ്യം. ഒമ്പത് റണ്‍സ് നേടിയ മായങ്ക് ധാഗറാണ് നോര്‍ത്ത് സോണിന്റെ ഏറ്റവും മികച്ച രണ്ടാമത് റണ്‍വേട്ടക്കാരന്‍.

നോര്‍ത്ത് സോണിനായി ബാറ്റ് ചെയ്തവരില്‍ ഒമ്പത് പേരും ഒറ്റയക്കത്തിനോ പൂജ്യത്തിനോ പുറത്തായിരുന്നു.

ആറ് ഓവര്‍ പന്തെറിഞ്ഞ് 17 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ വിദ്വത് കവേരപ്പയാണ് നോര്‍ത്ത് സോണിനെ അക്ഷരാര്‍ത്ഥത്തില്‍ എറിഞ്ഞിട്ടത്.

ശുഭം ഖജൂരിയ, അഭിഷേക് ശര്‍മ, വിക്കറ്റ് കീപ്പര്‍ പ്രഭ്‌സിമ്രാന്‍ സിങ്, ക്യാപ്റ്റന്‍ നിതീഷ് റാണ, സന്ദീപ് ശര്‍മ എന്നിവരെയാണ് കവേരപ്പ പുറത്താക്കിയത്.

സൗത്ത് സോണിനായി പന്തെറിഞ്ഞ എല്ലാവരും വിക്കറ്റ് വീഴ്ത്തിയിരുന്നു. വൈശാഖ് വിജയ്കുമാര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വി. കൗശിക്, രവിശ്രീനിവാസന്‍ സായ് കിഷോര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ശേഷിക്കുന്ന നോര്‍ത്ത് സോണ്‍ താരങ്ങളെയും പറഞ്ഞയച്ചു.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വി.ജെ.ഡി മെത്തേഡിലൂടെ നോര്‍ത്ത് സോണിന്റെ വിജയലക്ഷ്യം 246 ആയി പുനര്‍നിശ്ചയിച്ചിരുന്നു. എന്നാല്‍ വെറും 60 റണ്‍സ് മാത്രമാണ് നോര്‍ത്ത് സോണിന് കണ്ടെത്താന്‍ സാധിച്ചത്.

ജൂലൈ 26നാണ് സൗത്ത് സോണിന്റെ അടുത്ത മത്സരം. വെസ്റ്റ് സോണാണ് എതിരാളികള്‍.

Content Highlight: South Zone defeated North Zone in Deodhar Trophy, Kaverappa picks 5 wickets

Latest Stories

We use cookies to give you the best possible experience. Learn more