| Sunday, 10th September 2017, 8:10 pm

ദിലീപിനെ ന്യായീകരിച്ച് സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം; വിയോജനക്കുറിപ്പുമായി സൗത്ത്‌ലൈവിലെ മാധ്യമപ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ന്യായീകരിച്ച് മുതിര്‍ന്ന അഭിഭാഷകനും സൗത്ത് ലൈവ് ചീഫ് എഡിറ്ററുമായ സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം. മഅ്ദനിയെയും പരപ്പനങ്ങാടിയിലെ സക്കറിയെയും പോലെ ദിലീപ് നീതിനിഷേധം നേരിടുകയാണെന്നും ദിലീപിനെതിരായി കയറും കടിഞ്ഞാണുമില്ലാതെ നീങ്ങുന്ന പൊലീസിനെതിരെ നിയന്ത്രിക്കണമെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. അതേ സമയം ലേഖനത്തിനെതിരെ സൗത്ത്‌ലൈവ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്‍.കെ ഭൂപേഷിന്റെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുകയാണ്.

“സഹാനുഭൂതി കുറ്റമല്ല; ദിലീപിനുവേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാകണം” എന്ന തലക്കെട്ടിലായിരുന്നു സെബ്‌സ്റ്റിയന്‍ പോളിന്റെ ലേഖനം.
നടി ചൂണ്ടിക്കാട്ടിയ പ്രതികള്‍ ജയിലിലുണ്ടെന്നും അവര്‍ക്കെതിരെ തെളിവുകള്‍ ശക്തമാക്കി പരമാവധി ശിക്ഷ ഉറപ്പിക്കാനാണ് പൊലീസ് ശ്രമിക്കേണ്ടതെന്ന് ലേഖനത്തില്‍ ദിലീപിനെ ന്യായീകരിച്ച് കൊണ്ട് സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു. ആക്രമണത്തില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും ലേഖനത്തില്‍ അദ്ദേഹം പറയുന്നു. ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജു വാര്യരാണെന്നും എന്നാല്‍ ഇതിന്റെ അടിസ്ഥാനമെന്തെന്ന് മഞ്ജു വെളിപ്പെടുത്തിയിട്ടില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു. ഗൂഢാലോചനയില്ലെന്നത് മുഖ്യമന്ത്രി കേസന്വേഷണത്തിന്റെ തുടക്കത്തിലാണ് പറഞ്ഞിരുന്നത്.

ലേഖനത്തില്‍ ദിലീപിനെ മഅ്ദനിയുമായും സക്കറിയയുമായും താരതമ്യപ്പെടുത്തുന്ന സെബാസ്റ്റ്യന്‍ പോള്‍ ജയിലില്‍ ദീലീപിനെ സന്ദര്‍ശിച്ച ജയറാമിനെയും പിന്തുണച്ച് സംസാരിച്ച ഗണേശിന്റെ നടപടിയെയും സദ്പ്രവര്‍ത്തിയായി വിലയിരുത്തുന്നുണ്ട്.
സ്ത്രീയെ ലൈംഗികമായി ആക്രമിക്കുന്ന പുരുഷന്റെ ഉദ്ദേശ്യമെന്തെന്ന് അന്വേഷിക്കേണ്ടതില്ല. സമാനമായ ആക്രമണം മറ്റ് നടികള്‍ക്കെതിരെയും പള്‍സര്‍ സുനി നടത്തിയതായി വാര്‍ത്തയുണ്ട്. ദിലീപ് പ്രതിയാക്കപ്പെട്ട കേസിന് ആസ്പദമായ സംഭവത്തിന്റെ ആസൂത്രണം മുഖ്യപ്രതി സുനി നേരിട്ട് നടത്തിയതാകണം. അതിനുള്ള പ്രാപ്തിയും പരിചയവും അയാള്‍ക്കുണ്ടെന്നും കേസില്‍ തനിക്കുള്ള മറ്റു സന്ദേഹങ്ങള്‍ ഇപ്പോള്‍ പറയുന്നില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ പറയുന്നുണ്ട്.

കേസില്‍ സൗത്ത് ലൈവ് ഇതുവരെ എടുത്ത നിലപാടില്‍നിന്നുള്ള മലക്കം മറച്ചിലാണ് സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം. ലേഖനം പ്രസിദ്ധീകരിക്കണമെന്ന സെബാസ്റ്റ്യന്‍ പോളിന്റെ നിലപാടിന് മാനേജ്‌മെന്റ് കീഴടങ്ങുകയായിരുന്നു. സൗത്ത് ലൈവില്‍ ജോലിചെയ്യുന്നവരുടെ എതിര്‍പ്പ് മറികടന്നാണ് ഈ ലേഖനം മാനേജ്‌മെന്റും സെബ്ാസ്റ്റ്യന്‍ പോളും പ്രസിദ്ധീകരിച്ചത്. ഇതിന് യുക്തിസഹമായ ഒരു വിശദീകരണവും ഇവര്‍ നല്‍കിയിട്ടില്ലെന്നും സൗത്ത്‌ലൈവ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്‍.കെ ഭൂപേഷ് പറയുന്നു.

മഅദ്‌നിയുമായും പരപ്പനങ്ങാടിയിലെ സക്കറിയുമായും ദിലീപിനെ താരതമ്യം ചെയ്തുള്ള ലേഖനം അവരെയും ഈനാട്ടില്‍ വിചാരണ കൂടാതെ തടവില്‍ കഴിയുന്ന ആയിരങ്ങളെയും യഥാര്‍ത്ഥത്തില്‍ അപമാനിക്കുന്നതാണെന്നും ഭൂപേഷിനെ കൂടാതെ സ്ഥാപനത്തിലെ മറ്റുമുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ മനീഷ് നാരായണന്‍, സതിരാജ് എന്നിവരും പറയുന്നു.

We use cookies to give you the best possible experience. Learn more