| Saturday, 14th December 2024, 2:09 pm

പട്ടാള നിയമം വിനയായി; സൗത്ത് കൊറിയന്‍ പ്രസിഡന്റ് യുന്‍ സുക് യോളിന്റെ പ്രസിഡന്റ് പദം തെറിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിയോള്‍: ദക്ഷിണ കൊറിയയില്‍ പട്ടാള നിയമം പ്രഖ്യാപിച്ച് വിവാദത്തിലായ പ്രസിഡന്റ് യുന്‍ സുക് യോളിന് അധികാരം നഷ്ടമായി. ഇംപീച്ചമെന്റ് നടപടിയിലൂടെയാണ് യുന്‍ സുക് യോളിനെ പ്രതിപക്ഷം പുറത്താക്കിയത്.

സഭയിലെ 300 അംഗ നിയമനിര്‍മാതാക്കളില്‍ 204 പേര്‍ ഇംപീച്ച്മെന്റിനെ അനുകൂലിച്ചപ്പോള്‍ 85 പേര്‍ എതിര്‍ത്തു. മൂന്ന് നിയമസഭാംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു, എട്ട് വോട്ടുകള്‍ അസാധുവായി.

അസംബ്ലിയുടെ മൂന്നില്‍ രണ്ട് ഭാഗത്തിലധികം വോട്ട് ലഭിച്ചാല്‍ ദേശീയ അസംബ്ലിക്ക് പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. 300 അംഗ നിയമസഭയില്‍ 108 സീറ്റുകള്‍ മാത്രമാണ് യൂണിന്റെ പാര്‍ട്ടിക്കുള്ളത്. അഴിമതി, അധികാര ദുര്‍വിനിയോഗം എന്നിവ ആരോപിച്ച് യോളിനെ ഇംപീച്ച്‌മെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകള്‍ മാസങ്ങളായി രാജ്യത്ത് പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.

പട്ടാള നിയമം പ്രഖ്യാപിച്ചതിന് പിന്നാലെ ഈ പ്രതിഷേധം ഇരട്ടിയായി. സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള നേതാക്കളെപ്പോലും ജയിലില്‍ അടച്ച് ഏകാധിപത്യ രീതിയില്‍ ഭരണം നടത്താന്‍ ശ്രമിച്ച യോളിനെതിരെ ഭരണപക്ഷത്ത് നിന്ന് പോലും എതിര്‍പ്പ് നേരിട്ടു.

ആദ്യത്തെ തവണ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷം ശ്രമിച്ച് പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ച നടന്ന ഇംപീച്ച്‌മെന്റ് നടപടി ഭരണപക്ഷം ബഹിഷ്‌കരിച്ചതോടെ റദ്ദാവുകയായിരുന്നു.

രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചെങ്കിലും ആറ് മണിക്കൂര്‍കള്‍ക്ക് ശേഷം നിയമം പിന്‍വലിച്ചിരുന്നു. രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നരും പാര്‍ലമെന്റില്‍ നിയമത്തിന് മുന്‍തൂക്കം ലഭിക്കാത്തതിനാലുമാണ് നിയമം അടിയന്തരമായി പിന്‍വലിച്ചത്.

ടെലിവിഷന്‍ വഴി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അപ്രതീക്ഷിതമായാണ് പട്ടാള നിയമം ഏര്‍പ്പെടുത്തുന്നതായി യുന്‍ സുക് യോള്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ പ്രതിപക്ഷ ശക്തികള്‍ അയല്‍രാജ്യമായ ഉത്തരകൊറിയയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതായും പാര്‍ലമെന്റ് നിയന്ത്രിക്കുന്നതായും ചൂണ്ടിക്കാട്ടിയായിരുന്നു പ്രഖ്യാപനം. രാജ്യത്തെ വഞ്ചിച്ച് അയല്‍രാജ്യത്തെ സഹായിക്കുന്നവരെ ഉന്മൂലനം ചെയ്യുമെന്നും പ്രസിഡന്റ് പറയുകയുണ്ടായി.

1980ന് ശേഷം ഇതാദ്യമായാണ് ദക്ഷിണ കൊറിയ പട്ടാള നിയമം പ്രഖ്യാപിച്ചത്. പട്ടാള നിയമം ഏര്‍പ്പെടുത്തിയതോടെ പാര്‍ലമെന്റിന്റേയും രാഷ്ട്രീയ കക്ഷികളുടേയും പ്രവര്‍ത്തനം നിരോധിക്കുമെന്നും മാധ്യമങ്ങളടക്കം എല്ലാ പ്രസാധകരും സൈന്യത്തിന്റെ അധീനതയില്‍ ആയിരിക്കുമെന്നും യുന്‍ സുക് യോള്‍ പറഞ്ഞിരുന്നു.

പാര്‍ലമെന്റിലെ ഒരു ബില്ലുമായി ബന്ധപ്പെട്ട് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു ഈ നീക്കം. പട്ടാള നിയമം നിലവില്‍ വന്നതോടെ സൈന്യം പാര്‍ലമെന്റ് വളഞ്ഞിരുന്നു. എന്നാല്‍ സൈനിക നിയമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ അസംബ്ലി പെട്ടെന്നുതന്നെ പ്രമേയം പാസാക്കി. ഇതോടെ സോള്‍ പിന്മാറുകയായിരുന്നു.

അതേസമയം താന്‍ രാജിവെക്കില്ലെന്നും പോരാട്ടം തുടരുമെന്നും യുന്‍ സുക് യോള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍
രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിക്കണമെന്ന് പ്രസിഡന്റിനോട് ശുപാര്‍ശ ചെയ്ത പ്രതിരോധ മന്ത്രി കിം യോങ് ഹ്യുന്‍ അടുത്തിടെ രാജി വെച്ചിരുന്നു. തൊട്ട് പിന്നാലെ ഇദ്ദേഹം ആത്മഹത്യയ്ക്ക് ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Content Highlight: South Korean President Yoon Suk Yeol impeached over martial law

We use cookies to give you the best possible experience. Learn more