സിയോള്‍: ഏറെ നാളത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍, ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണകൊറിയന്‍ പ്രസിഡന്റ് യുന്‍ സുക് യോളിനെ അറസ്റ്റ് ചെയ്തു. രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ച് കലാപത്തിന് ശ്രമിച്ചു എന്നാരോപിച്ചാണ് അറസ്റ്റ്. ദക്ഷിണ കൊറിയയിലെ പ്രാദേശിക സമയം രാവിലെ 10:30യോട് കൂടിയാണ് അറസ്റ്റ് ഉണ്ടാവുന്നത്.
രാവിലെ മുതല്‍ പ്രസിഡന്റിന്റെ വസതിയില്‍ കനത്ത പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. 1000ത്തോളം ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയായിരുന്നു അറസ്റ്റ്.
അതേസമയം അറസ്റ്റിന് മുമ്പായി മുന്‍കൂട്ടി ചിത്രീകരിച്ച ഒരു വീഡിയോയില്‍ ‘രക്തച്ചൊരിച്ചില്‍’ തടയാന്‍ വേണ്ടി താന്‍ പ്രഖ്യാപിച്ച പട്ടാള നിയമത്തെപ്പറ്റി പുനരാലോചിച്ചെന്നും കറപ്ഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണവുമായി പ്രതികരിക്കുമെന്നും യുന്‍ പറഞ്ഞു. കൂടുതല്‍ അക്രമസംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനാണ് നിയമനടപടികള്‍ നേരിടുന്നതെന്നും യുന്‍ വീഡിയോയിലൂടെ പറഞ്ഞു
അന്വേഷണ ഉദ്യോഗസ്ഥരും പൊലീസും യുന്നിന്റെ പ്രസിഡന്റിന്റെ വസതിയില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ പ്രസിഡന്‍ഷ്യല്‍ സെക്യൂരിറ്റി സര്‍വീസ് പ്രവേശന കവാടത്തില്‍വെച്ച് തന്നെ തടഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
അനുയായികളുള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ യൂണിന്റെ വസതിക്ക് മുമ്പില്‍ പുറത്ത് തടിച്ചുകൂടിയിരുന്നു. യുനിന്റെ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പീപ്പിള്‍ പവര്‍ പാര്‍ട്ടിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളും യൂണിന്റെ അഭിഭാഷകരും റെസിഡന്‍ഷ്യല്‍ കോമ്പൗണ്ടിനുള്ളില്‍ വെച്ച് അറസ്റ്റ് തടയാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അറസ്റ്റിന് ശേഷം, യൂണിന്റെ പ്രസിഡന്‍ഷ്യല്‍ വാഹനവ്യൂഹം പൊലീസ് അകമ്പടിയോടെ ഗ്വാച്ചിയോണിലെ കറപ്ഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ എത്തിച്ചു.
ഡിസംബര്‍ മൂന്നിനാണ് യുന്‍ സുക് യോള്‍ രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചത്. എന്നാല്‍ നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതോടെ ആറ് മണിക്കൂറുകള്‍ക്ക് ശേഷം യുന്‍ സുക് യോള്‍ നിയമം പിന്‍വലിക്കുകയായിരുന്നു.
രാജ്യത്തെ പ്രതിപക്ഷ ശക്തികള്‍ അയല്‍രാജ്യമായ ഉത്തരകൊറിയയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതായും പാര്‍ലമെന്റ് നിയന്ത്രിക്കുന്നതായും ചൂണ്ടിക്കാട്ടിയായിരുന്നു പട്ടാള നിയമം പ്രഖ്യാപിച്ചത്. രാജ്യത്തെ വഞ്ചിച്ച് അയല്‍രാജ്യത്തെ സഹായിക്കുന്നവരെ ഉന്മൂലനം ചെയ്യുമെന്നും പ്രസിഡന്റ് പറഞ്ഞിരുന്നു.
എന്നാല്‍ പട്ടാള നിയമം പ്രഖ്യാപിച്ചതിന് പിന്നാലെ ഇംപീച്ചമെന്റ് നടപടിയിലൂടെയാണ് യുന്‍ സുക് യോളിനെ പ്രതിപക്ഷം പുറത്താക്കി. പാര്‍ലമെന്റിലെ 300 അംഗ നിയമനിര്‍മാതാക്കളില്‍ 204 പേര്‍ ഇംപീച്ച്‌മെന്റിനെ അനുകൂലിച്ച് വോട്ട് ചെയ്തതോടെയാണ് യുന്‍ സ്ഥാനഭ്രഷ്ടനായത്. ഇതിന് പിന്നാലെ ആക്ടിങ് പ്രസിഡന്റായി ഹാന്‍ ഡക്ക് സൂ ചുമതല ഏറ്റെങ്കിലും ഇദ്ദേഹവും ഇംപീച്ച് ചെയ്യപ്പെട്ടു.
Content Highlight: South Korean former president Yoon Suk Yeol arrested