കൊറിയന്‍ സീരീസുകളും സിനിമകളും കാണാന്‍ ഇഷ്ടപ്പെടുന്ന നിരവധി ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. കുറഞ്ഞ കാലം കൊണ്ടുതന്നെ നിരവധി ആരാധകരെ സൃഷ്ടിച്ച സൗത്ത് കൊറിയന്‍ നടനാണ് പാര്‍ക്ക് സിയോ-ജൂണ്‍. മലയാളികള്‍ക്കിടയില്‍ പോലും അദ്ദേഹത്തിന് നിരവധി ആരാധകരുണ്ട്.
‘കില്‍ മി, ഹീല്‍ മി’, ‘ഷീ വാസ് പ്രിറ്റി’, ‘ഫൈറ്റ് ഫോര്‍ മൈ വേ’, ‘വാട്ട്‌സ് റോങ്ങ് വിത്ത് സെക്രട്ടറി കിം’, ‘ഇത്‌വാണ്‍ ക്ലാസ്’ ഉള്‍പ്പെടെയുള്ള നിരവധി സീരീസുകളിലെ നായകനാണ് പാര്‍ക്ക് സിയോ-ജൂണ്‍.
ഒപ്പം ‘ദി ക്രോണിക്കിള്‍സ് ഓഫ് ഈവിള്‍’, ‘മിഡ്നൈറ്റ് റണ്ണേഴ്സ്’, ‘ദി ഡിവൈന്‍ ഫ്യൂറി’, ‘കോണ്‍ക്രീറ്റ് ഉട്ടോപ്യ’ തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2023ല്‍ ഇറങ്ങിയ ദി മാര്‍വല്‍സിലും നടന്‍ ഭാഗമായിട്ടുണ്ട്.
ഇപ്പോള്‍ ഇന്ത്യയിലേക്ക് വരാനുള്ള തന്റെ ആഗ്രഹത്തെ കുറിച്ച് പറയുകയാണ് പാര്‍ക്ക് സിയോ-ജൂണ്‍. പി.ടി.ഐയ്ക്ക് നല്‍കിയ റൗണ്ട് ടേബിള്‍ അഭിമുഖത്തില്‍ ആരാധകരെ കാണാന്‍ ഇന്ത്യയിലേക്ക് വരുന്നത് എപ്പോഴാണെന്ന് അദ്ദേഹത്തോട് ചോദിക്കുകയായിരുന്നു. നിങ്ങള്‍ ക്ഷണിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും ഞാന്‍ വരാന്‍ തയ്യാറാണെന്നായിരുന്നു നടന്റെ മറുപടി.
‘ഞാന്‍ നിങ്ങള്‍ എന്നെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നത് കാത്തിരിക്കുകയാണ്. എനിക്ക് ബോളിവുഡ് ഇഷ്ടമാണ്. ദയവായി എന്നെ ക്ഷണിക്കൂ. എനിക്ക് ഒരു അവസരം ലഭിച്ചാല്‍ ഞാന്‍ അവിടെ പറന്നെത്താന്‍ ആഗ്രഹിക്കുന്നു,’ പാര്‍ക്ക് സിയോ-ജൂണ്‍ പറഞ്ഞു.
തന്റെ വരാനിരിക്കുന്ന ‘ജിയോങ്സോങ് ക്രീച്ചര്‍ (Gyeongseong Creature)’ എന്ന സസ്‌പെന്‍സ് മിസ്റ്ററി ഹൊറര്‍ സീരീസിന്റെ ഭാഗമായാണ് നടന്‍ പി.ടി.ഐയ്ക്ക് അഭിമുഖം നല്‍കിയത്.
Content Highlight: South Korean Actor Park Seo-joon Says He Loves Bollywood And He Wants To Visit India