സിയോള്‍: മൃഗങ്ങളുടെ അവകാശങ്ങളെ കുറിച്ച് അവബോധം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പട്ടി ഇറച്ചി കഴിക്കുന്നത് നിരോധിക്കാനും പുരാതന ആചാരത്തെ കുറിച്ചുള്ള വിവാദങ്ങള്‍ക്ക് അറുതിവരുത്താനും ദക്ഷിണ കൊറിയ ലക്ഷ്യമിടുന്നതായി ഭരണകക്ഷി നേതാവ്.
നായയെ ഭക്ഷിക്കുന്ന കൊറിയന്‍ സംസ്‌കാരത്തിനെതിരെ വിവിധ രാജ്യങ്ങളില്‍ നിന്ന് നേരത്തെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാലിപ്പോള്‍ രാജ്യത്ത് നിന്ന് തന്നെ പ്രത്യേകിച്ചും യുവതലമുറയില്‍ നിന്ന് എതിര്‍പ്പ് വര്‍ദ്ധിച്ചു വരികയാണ്.
‘പട്ടി ഇറച്ചി കഴിക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹിക സംഘട്ടനങ്ങളും വിവാദങ്ങളും പ്രത്യേക നിയമത്തിലൂടെ അവസാനിപ്പിക്കാനുള്ള സമയമാണിത്,’ഭരണകക്ഷിയായ പീപ്പിള്‍ പവര്‍ പാര്‍ട്ടിയുടെ പോളിസി ചീഫ് യു ഇയു ഡോങ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മൃഗാവകാശ പ്രവര്‍ത്തകരുമായുള്ള യോഗത്തില്‍ പറഞ്ഞു.
നിരോധനം നടപ്പിലാക്കുന്നതിനായി സര്‍ക്കാരും ഭരണകക്ഷിയും ഈ വര്‍ഷം ഒരു ബില്‍ അവതരിപ്പിക്കും, ഉഭയകക്ഷി പിന്തുണയോടെ ബില്‍ പാര്‍ലമെന്റില്‍ അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും യു പറഞ്ഞു.
സര്‍ക്കാര്‍ വേഗത്തില്‍ നിരോധനം നടപ്പാക്കുമെന്നും, പട്ടി ഇറച്ചി വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മറ്റു ജോലികളില്‍ ഏര്‍പ്പെടാന്‍ സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും കൃഷിമന്ത്രി ചുങ് ഹ്വാങ് ക്യൂന്‍ യോഗത്തില്‍ പറഞ്ഞു.
പ്രഥമ വനിത കിം ഹിയോണ്‍ ഹീ നായ്ക്കളുടെ മാംസം കഴിക്കുന്നതിനെ രൂക്ഷമായ വിമര്‍ശിക്കുകയും ഭര്‍ത്താവ് പ്രസിഡന്റ് യൂന്‍ സുക് യോളിനൊപ്പം നായകളെ ദത്തെടുക്കുകയും ചെയ്തിരുന്നു.
ഈ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ പ്രതിഷേധവും കര്‍ഷകരുടെയും റസ്റ്റോറന്റ് ഉടമകളുടെ ഉപജീവനത്തെ കുറിച്ചുള്ള ആശങ്കയും കാരണം പട്ടി ഇറച്ചി വിരുദ്ധ ബില്ലുകള്‍ പാര്‍ലമെന്റില്‍ മുമ്പ് പരാജയപ്പെട്ടിരുന്നു.
നിര്‍ദിഷ്ട നിരോധനത്തില്‍ മൂന്നുവര്‍ഷത്തെ ഗ്രേസ് പിരീഡും ബിസിനസുകാര്‍ക്ക് ഈ വ്യാപരത്തില്‍ നിന്ന് മാറുന്നതിനുള്ള സാമ്പത്തിക സഹായവും നല്‍കും.
പട്ടി ഇറച്ചി കഴിക്കുന്നത് കൊറിയന്‍ ഉപദ്വീപില്‍ കാലങ്ങളായി തുടരുന്ന ഒരു സംസ്‌കാരമാണ് ഇത് വേനല്‍ക്കാലത്തെ ചൂടിനെ മറികടക്കാനുള്ള ഒരു മാര്‍ഗമായി കണക്കാക്കപ്പെടുന്നു.
പട്ടി ഇറച്ചി നിരോധിക്കാനുള്ള സര്‍ക്കാരിന്റെ പ്രമേയത്തെ സ്വാഗതം ചെയ്ത് മൃഗസംരക്ഷണ സംഘടനകള്‍ രംഗത്ത് വന്നു. ‘ ഈ ക്രൂരത നിര്‍ത്താലാക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഇതൊരു സ്വപ്നസാക്ഷാത്കാര നിമിഷമാണ്,’ ഹ്യുമേന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ പ്രസ്താവനയില്‍ പറഞ്ഞു.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഏകദേശം 125 നായ ബ്രീഡിങ് ഫാമുകളും 34 അറവുശാലകളും 219 വിതരണ കമ്പനികളും ദക്ഷിണ കൊറിയയില്‍ ഉണ്ട്.
കഴിഞ്ഞവര്‍ഷം ഗ്യാലപ്പ് കൊറിയ നടത്തിയ വോട്ടെടുപ്പില്‍ 64 ശതമാനം പേര്‍ പട്ടി ഇറച്ചി കഴിക്കുന്നതിനെ എതിര്‍ത്തു വോട്ട് ചെയ്തിരുന്നു.
CONTENT HIGHLIGHT : South Korea to ban eating dogs; animal rights groups call it ‘dream come true’