|

പട്ടാള നിയമം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു; ഇംപീച്ച് ചെയ്ത ദക്ഷിണ കൊറിയൻ പ്രസിഡന്റ് കലാപമുണ്ടാക്കാൻ ശ്രമിച്ചതായി കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സോൾ: ഇംപീച്ച് ചെയ്ത ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ കുറ്റക്കാരാണെന്ന് കണ്ടെത്തി. സൈനിക നിയമം പ്രഖ്യാപിക്കാൻ ശ്രമിച്ച പ്രസിഡൻ്റ് യൂൻ സുക് യോൾ ഭരണകൂടത്തിനെതിരെ കലാപം നടത്താൻ ശ്രമിച്ചെന്ന് ദക്ഷിണ കൊറിയൻ പ്രോസിക്യൂട്ടർമാർ കണ്ടെത്തി.

ഡിസംബറിൻ്റെ തുടക്കത്തിൽ അദ്ദേഹം രാജ്യത്ത് പട്ടാള നിയമം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു. ഇത് രാഷ്ട്രീയ അരാജകത്വത്തിന് കാരണമാവുകയും സ്വേച്ഛാധിപത്യ ഭരണത്തിൻ കീഴിലുള്ള രാജ്യത്തിൻ്റെ ഭൂതകാലത്തെക്കുറിച്ച് നിരവധി ആളുകളെ ഓർമ്മിപ്പിക്കുകയും ചെയ്തു എന്നും പ്രോസിക്യൂട്ടർമാർ പറഞ്ഞു.

രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടി ഉത്തരകൊറിയയോട് അനുഭാവം പുലർത്തുന്നുവെന്നും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നും ആരോപിച്ച് പ്രസിഡൻ്റ് പട്ടാള നിയമത്തിനുള്ള തന്റെ പ്രഖ്യാപനത്തെ ന്യായീകരിച്ചിരുന്നു. പക്ഷേ പാർലമെൻ്റ് യോളിന്റെ ഉത്തരവ് വേഗത്തിൽ റദ്ദാക്കി. പിന്നീട് യോൾ ഇംപീച്ച് ചെയ്യപ്പെട്ടു. ഇംപീച്ച് ചെയ്യപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം യോൾ അറസ്റ്റിലായിരുന്നു.

പ്രാദേശിക സമയം ഞായറാഴ്ച വൈകുന്നേരമാണ് പ്രോസിക്യൂട്ടർമാർ കുറ്റപത്രം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്തിൻ്റെ ചരിത്രത്തിൽ തന്നെ കുറ്റാരോപിതനാകുന്ന ആദ്യത്തെ സിറ്റിങ് പ്രസിഡൻ്റായി യോൾ മാറി.

‘ഇതുവരെയുള്ള അന്വേഷണത്തെ അടിസ്ഥാനമാക്കി, പ്രസിഡൻ്റിനെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിൽ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടാകുന്നതല്ല. അദ്ദേഹത്തിനെതിരെയുള്ള കുറ്റങ്ങൾ തെളിയിക്കാനുള്ള മതിയായ തെളിവുകൾ നിലവിലുണ്ട്,’ പ്രോസിക്യൂട്ടർമാർ തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് യോളിനെ അറസ്റ്റ് ചെയ്തത്. അതേസമയം അറസ്റ്റിന് മുമ്പായി മുന്‍കൂട്ടി ചിത്രീകരിച്ച ഒരു വീഡിയോയില്‍ ‘രക്തച്ചൊരിച്ചില്‍’ തടയാന്‍ വേണ്ടി താന്‍ പ്രഖ്യാപിച്ച പട്ടാള നിയമത്തെപ്പറ്റി പുനരാലോചിച്ചെന്നും കറപ്ഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണവുമായി പ്രതികരിക്കുമെന്നും യോൾ പറഞ്ഞു. കൂടുതല്‍ അക്രമസംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനാണ് നിയമനടപടികള്‍ നേരിടുന്നതെന്നും യോൾ വീഡിയോയിലൂടെ പറഞ്ഞിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരും പൊലീസും യുന്നിന്റെ പ്രസിഡന്റിന്റെ വസതിയില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ പ്രസിഡന്‍ഷ്യല്‍ സെക്യൂരിറ്റി സര്‍വീസ് പ്രവേശന കവാടത്തില്‍വെച്ച് തന്നെ തടഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അനുയായികളുള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ യോളിന്റെ വസതിക്ക് മുമ്പില്‍ പുറത്ത് തടിച്ചുകൂടിയിരുന്നു. യോളിന്റെ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പീപ്പിള്‍ പവര്‍ പാര്‍ട്ടിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളും യൂണിന്റെ അഭിഭാഷകരും റെസിഡന്‍ഷ്യല്‍ കോമ്പൗണ്ടിനുള്ളില്‍ വെച്ച് അറസ്റ്റ് തടയാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഡിസംബര്‍ മൂന്നിനാണ് യുന്‍ സുക് യോള്‍ രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചത്. എന്നാല്‍ നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതോടെ ആറ് മണിക്കൂറുകള്‍ക്ക് ശേഷം യുന്‍ സുക് യോള്‍ നിയമം പിന്‍വലിക്കുകയായിരുന്നു.

Content Highlight: South Korea’s president charged with insurrection over declaration of martial law