സോള്‍: ദക്ഷിണ കൊറിയയിലെ ഒരു കമ്പനി വികസിപ്പിച്ച പുതിയ തരം ആന്റി-വൈറസ് മാസ്‌ക് ശ്രദ്ധ നേടുന്നു. മൂക്ക് മാത്രം മൂടുന്ന തരത്തിലുള്ള ‘കോസ്‌ക്’ മാസ്‌ക് ആണിത്.
സൗത്ത് കൊറിയന്‍ കമ്പനിയായ അറ്റ്മാന്‍ ആണ് കോസ്‌ക് വികസിപ്പിച്ചിരിക്കുന്നത്.
കൊവിഡ് സമയത്ത് സുരക്ഷിതമായി ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും വേണ്ടി, എന്ന ലക്ഷ്യത്തോടെയാണ് പുതിയതരം മാസ്‌ക് രൂപകല്‍പന ചെയ്തിരിക്കുന്നത്.
ഗാര്‍ഡിയന്‍ ആണ് പുത്തന്‍ സൗത്ത് കൊറിയന്‍ മാസ്‌കിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വായും മൂക്കും മൂടുന്ന തരത്തിലുള്ള സാധാരണ മാസ്‌കിന്റെ അടിയിലായാണ് ഇത് ധരിക്കുക. ഭക്ഷണം കഴിക്കുന്ന സമയത്ത് മുകളിലെ സാധാരണ മാസ്‌ക് അഴിക്കുകയും ‘കോസ്‌ക്’ മാത്രം ധരിക്കുകയുമാണ് ചെയ്യേണ്ടത്.
എന്നാല്‍ ഈ കോസ്‌ക് മാസ്‌ക് കൗതുകത്തിനൊപ്പം ആശങ്കയും ഉണര്‍ത്തുന്നുണ്ട്.
കോ, മാസ്‌ക് എന്നീ വാക്കുകള്‍ സംയോജിപ്പിച്ചാണ് പുതിയ തരം മാസ്‌കിന് കോസ്‌ക് എന്ന് പേരിട്ടിരിക്കുന്നത്. കൊറിയന്‍ ഭാഷയില്‍ മൂക്കിന് ‘കോ’ എന്നാണ് പറയുന്നത്.
8.13 ഡോളറിനാണ് (610 രൂപ) 10 കോസ്‌കുകളടങ്ങുന്ന ബോക്‌സ് കമ്പനി ഓണ്‍ലൈനില്‍ വില്‍ക്കുന്നത്.
കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിക്കാന്‍ ഏറ്റവുമധികം സാധ്യതയുള്ളത് മൂക്കിലൂടെയാണ് എന്ന് പഠനങ്ങള്‍ പറഞ്ഞിട്ടുള്ളതിനാല്‍ കോസ്‌ക് ഉപകാരപ്രദമാകും എന്ന തരത്തില്‍ പ്രതികരണങ്ങള്‍ വരുന്നുണ്ട്.
വിചിത്രമായ ഒരു ഐഡിയ ആണെങ്കിലും കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ കോസ്‌ക് കൊണ്ട് വലിയ മാറ്റമൊന്നും ഉണ്ടാകില്ലെന്നും ഒന്നുമില്ലാത്തതിനേക്കാള്‍ നല്ലത് എന്ന് മാത്രമേ ഉള്ളൂവെന്നുമുള്ള തരത്തിലും ആരോഗ്യരംഗത്തെ വിദഗ്ധരില്‍ നിന്നും പ്രതികരണങ്ങള്‍ വരുന്നുണ്ട്.
കോസ്‌കിനെതിരെ ഓണ്‍ലൈനില്‍ വിമര്‍ശനവും ഉയരുന്നുണ്ട്. ഇത് ഒരു മണ്ടന്‍ ഐഡിയ ആണ് എന്ന തരത്തിലാണ് ചിലര്‍ പ്രതികരിക്കുന്നത്.