സിയോള്‍: പട്ടാള നിയമം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന ദക്ഷിണ കൊറിയയില്‍ പ്രതിരോധ മന്ത്രി കിം യോങ് ഹ്യുന്‍ രാജിവെച്ചു. ഇദ്ദേഹത്തിന്റെ രാജി പ്രസിഡന്റ് യുന്‍ സുക് യോള്‍ അംഗീകരിച്ചു.
പുതിയ പ്രതിരോധ മന്ത്രിയായി സൗദി അറേബ്യയിലെ ദക്ഷിണ കൊറിയന്‍ അംബാസിഡറായ ചോയ് ബ്യൂങ് ഹ്യുക്കിനെ നിര്‍ദേശിച്ചു. മുന്‍ സൈനിക ജനറല്‍ കൂടിയാണ് ചോയി.
രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിക്കണമെന്ന് പ്രസിഡന്റ് യുന്‍ സുക് യോളിനോട് ശുപാര്‍ശ ചെയ്തത് ഹ്യുന്‍ ആയിരുന്നെന്ന് ദക്ഷിണ കൊറിയയിലെ യോന്‍ഹാപ്പ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പട്ടാളനയം പ്രഖ്യാപിച്ചതിന് ശേഷം ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ആദ്യ ഔദ്യോഗിക നടപടിയാണിത്. അതേസമയം പ്രസിഡന്റ് യുന്‍ സോക് യോളിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം നാളെ (വെള്ളിയാഴ്ച്ച്) പാര്‍ലമെന്റില്‍ വോട്ടിനിടും. അതേസമയം പ്രതിരോധ മന്ത്രിക്ക് പുറമെ മറ്റ് ചില മന്ത്രിമാരും രാജി സന്നദ്ധ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
രണ്ട് ദിവസം മുമ്പാണ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റായ യുന്‍ സുക് യോള്‍ അപ്രതീക്ഷിതമായി രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിക്കുന്നത്. എന്നാല്‍ നിയമം പ്രഖ്യാപിച്ച് ആറ് മണിക്കൂര്‍ പിന്നിടുമ്പോഴേക്ക് അത് പിന്‍വലിക്കുകയായിരുന്നു.
പ്രസിഡന്റിന്റെ നീക്കത്തിനെതിരെ സ്വന്തം മുന്നണിയില്‍ നിന്ന് തന്നെ വലിയ വിമര്‍ശനമാണുയര്‍ന്നത്. 300 സീറ്റുകളുള്ള പാര്‍ലമെന്റിലെ 190 നിയമനിര്‍മാതാക്കള്‍ അദ്ദേഹത്തിന്റെ നീക്കത്തിനെതിരായി വോട്ട് ചെയ്തു. ഇതോടെ പട്ടാള നയം പിന്‍വലിക്കാന്‍ യുന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
രാജ്യത്തെ പ്രതിപക്ഷ ശക്തികള്‍ അയല്‍രാജ്യമായ ഉത്തരകൊറിയയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതായും പാര്‍ലമെന്റ് നിയന്ത്രിക്കുന്നതായും ചൂണ്ടിക്കാട്ടിയായിരുന്നു പ്രഖ്യാപനം. രാജ്യത്തെ വഞ്ചിച്ച് അയല്‍രാജ്യത്തെ സഹായിക്കുന്നവരെ ഉന്മൂലനം ചെയ്യുമെന്നും പ്രസിഡന്റ് പറഞ്ഞിരുന്നു.
1980ന് ശേഷം ഇതാദ്യമായാണ് ദക്ഷിണ കൊറിയ പട്ടാള നിയമം പ്രഖ്യാപിക്കുന്നത്. നിയമം ഏര്‍പ്പെടുത്തിയതോടെ പാര്‍ലമെന്റിന്റേയും രാഷ്ട്രീയ കക്ഷികളുടേയും പ്രവര്‍ത്തനം നിരോധിക്കുമെന്നും മാധ്യമങ്ങളടക്കം എല്ലാ പ്രസാധകരും സൈന്യത്തിന്റെ അധീനതയില്‍ ആയിരിക്കുമെന്നും യുന്‍ സുക് യോള്‍ പ്രഖ്യാപിച്ചിരുന്നു.
പാര്‍ലമെന്റിലെ ഒരു ബില്ലുമായി ബന്ധപ്പെട്ട് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു പുതിയ നീക്കം. പട്ടാള നിയമം നിലവില്‍ വന്നതോടെ സൈന്യം പാര്‍ലമെന്റ് വളഞ്ഞിരുന്നു.
Content Highlight: South Korea’s defence minister Kim Yong Hyun resigns over martial law issue