അഭ്യൂഹങ്ങള്‍ക്ക് വിരാമം? കിം ജോങ് ഉന്‍ ജീവനോടെയും ആരോഗ്യത്തോടെയുമിരിക്കുന്നെന്ന് ദക്ഷിണ കൊറിയ
World News
അഭ്യൂഹങ്ങള്‍ക്ക് വിരാമം? കിം ജോങ് ഉന്‍ ജീവനോടെയും ആരോഗ്യത്തോടെയുമിരിക്കുന്നെന്ന് ദക്ഷിണ കൊറിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th April 2020, 10:17 am

സിയോള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ മരിച്ചെന്ന അഭ്യൂഹങ്ങളെ തള്ളി ദക്ഷിണ കൊറിയ. കിം ജോങ് ഉന്‍ മരിച്ചുവെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നന്നും അദ്ദേഹം ജീവനോടെയും ആരോഗ്യത്തോടെയുമിരിക്കുന്നെന്നും ദക്ഷിണ കൊറിയ ഔദ്യോഗികമായി അറിയിച്ചു.

‘ഞങ്ങളുടെ സര്‍ക്കാരിന്റെ നിലപാട് ഉറച്ചതാണ്, കിം ജോങ് ഉന്‍ ജീവനോടെയും ആരോഗ്യത്തോടെയുമുണ്ട്. അദ്ദേഹം ഏപ്രില്‍ 13 മുതല്‍ വോന്‍സാന്‍ മേഖലയില്‍ താമസിച്ചു വരികയാണ്. ആശങ്കാജനകമായി ഇതുവരെ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല,’ ദക്ഷിണകൊറിയയുടെ വിദേശകാര്യ ഉപദേഷ്ടാവ് മൂന്‍ ചങ് ഇന്‍ അറയിച്ചു.

ഏപ്രില്‍ 11ലെ പാര്‍ട്ടി പൊളിറ്റ് ബ്യൂറോയില്‍ പങ്കെടുത്ത ശേഷം കിം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. കിം ജോങ് ഉന്നിന് ഹൃദയ ശസ്ത്രക്രിയ നടന്നുവെന്നും അതിന് ശേഷം ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിട്ടില്ലെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

കിമ്മിന്റെ ആരോഗ്യ നില മോശമാണെന്നും മരിച്ചുവെന്നുമുള്ള വാര്‍ത്തകളോട് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ പ്രതികരിച്ചിട്ടില്ല.

കിം ജോങ് ഉന്‍ മരണപ്പെട്ടു എന്ന അഭ്യൂഹങ്ങള്‍ക്കിടെ ഉത്തരകൊറിയന്‍ നഗരത്തില്‍ നിന്നുള്ള കിമ്മിന്റെ ഔദ്യോഗിക പ്രത്യേക ട്രെയിനിന്റെ സാറ്റ്‌ലൈറ്റ് ചിത്രം പുറത്തു വന്നിരുന്നു. അമേരിക്ക കേന്ദ്രമായുള്ള ഒരു ദക്ഷിണകൊറിയന്‍ മോണിറ്ററിംഗ് പ്രൊജക്ടാണ് ചിത്രം പുറത്തു വിട്ടത്.

അതേസമയം കിമ്മിന് ഭരിക്കാന്‍ സാധിക്കില്ലെന്നും ഭരണം സഹോദരിയായ കിം യോ ജോങിനെ ഏല്‍പ്പിക്കുന്നെന്നും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

കിം ജോങ് ഉന്നിന്റെ മുത്തശ്ശനും ഉത്തര കൊറിയയുടെ സ്ഥാപകനുമായ കിം ഇല്‍ സങിന്റെ 108ാം ജന്മദിനാഘോഷ ചടങ്ങിലും കിം ഉണ്ടായിരുന്നില്ല. ഇതു മുതലാണ് കിമ്മിന്റെ ആരോഗ്യനിലയെ സംബന്ധിച്ച് വിദേശ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു തുടങ്ങിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.