സിയോൾ: ഹലാൽ ഭക്ഷണ മേഖലയിൽ കൈവെച്ച് ദക്ഷിണ കൊറിയ. കടൽ പോലെ അനന്ത സാധ്യതകളുള്ള മേഖലയാണ് ഹലാൽ ഭക്ഷ്യ വിപണിയെന്ന് പറയുകയാണ് ദക്ഷിണ കൊറിയൻ കാർഷിക, ഭക്ഷ്യ മന്ത്രാലയത്തിലെ ഭക്ഷ്യ കയറ്റുമതി മേധാവി ലീ യോങ് ജിക്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മലേഷ്യയിൽ വെച്ചുനടന്ന അന്താരാഷ്ട്ര ഹലാൽ മേളയിൽ ദക്ഷിണ കൊറിയയും പങ്കെടുത്തിരുന്നു. കടൽ പായൽ ലാവർ മുതൽ സാനിറ്ററി പാഡുകൾ വരെ അവർ പ്രദർശനത്തിന് ഒരുക്കിയിരുന്നു.
സിനിമ, പോപ്പ് സംഗീതം തുടങ്ങിയ മേഖലകളിലെ കുതിപ്പിന് ശേഷം ലോകത്തെ 1.8 ബില്യൺ മുസ്‌ലിങ്ങളുടെ ഭക്ഷ്യ, ജീവിത ശൈലി ആവശ്യങ്ങൾക്കായി ആഗോള ഹലാൽ വ്യവസായത്തിലേക്ക് ചുവട് വെക്കുകയാണ് ദക്ഷിണ കൊറിയയെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ജനസംഖ്യയുടെ 0.4 ശതമാനം മാത്രമാണ് ദക്ഷിണ കൊറിയയിൽ മുസ്‌ലിങ്ങളുള്ളത്.
കൊറിയൻ പോപ്പ് സംസ്‍കാരത്തിന്റെ വളർച്ചക്ക് പിന്നാലെ കൊറിയൻ ഭക്ഷണത്തിനും പലഹാരങ്ങൾക്കും ദക്ഷിണ കിഴക്കൻ ഏഷ്യയിൽ ആവശ്യം ഉയരുകയാണ്. ഇതൊരു മികച്ച അവസരമായി വിനിയോഗിക്കുകയാണ് കൊറിയ.
ഗവേഷണ സ്ഥാപനമായ ദിനാർ സ്റ്റാൻഡേർഡിന്റെ കണക്കനുസരിച്ച് 2021ൽ ഹലാൽ ഭക്ഷണത്തിൽ മാത്രം മുസ്‌ലിങ്ങൾ 1.27 ട്രില്യൺ യു.എസ് ഡോളറാണ് ചെലവഴിച്ചത്. 2025ഓടെ ഇത് 1.67 ട്രില്യൺ ഡോളറായി ഉയരുമെന്നാണ് കരുതുന്നത്.
2015ൽ ഹലാൽ ഭക്ഷണം ഉൾപ്പെടെയുള്ള ബിസിനസുകൾ വിപണിയിൽ പ്രോത്സാഹിപ്പിക്കുന്നതിന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് പാർക്ക് ജൂൺ ഹിയെ യു.എ.ഇയുമായി കരാറിൽ ഒപ്പുവെച്ചിരുന്നു.
കൊറിയയിലെ നാലാമത്തെ വലിയ നഗരമായ ഡെയ്ഗിൽ ഹലാൽ സർട്ടിഫൈഡ് കമ്പനികൾ വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ ‘ഹലാൽ ഫുഡ് ആക്ടിവേഷൻ പ്രോജക്ട്’ എന്ന പദ്ധതി നടപ്പിലാക്കി വരുന്നു. ഇങ്ങനെ 2028 ഓടെ 200 മില്യൺ ഡോളറിന്റെ കയറ്റുമതി നടത്താനാണ് ഉദ്ദേശിക്കുന്നത്.
അവസാനിക്കാൻ കഴിയാത്ത അവസരമാണ് ഹലാൽ വിപണിയെന്ന് ഡെയ്ഗ് മേയർ ഹോങ് ജൂൻ പ്യോ പറഞ്ഞു.
ഭക്ഷ്യ മേഖലയ്ക്ക് പുറമേ, കോസ്മെറ്റിക്സിലും ഹലാൽ ഉത്പന്നങ്ങൾക്ക് പ്രാധാന്യം നൽകുന്നുണ്ട്. സിയോൾ ആസ്ഥാനമായ കോസ്മാക്സ്, 2016 മുതൽ ഇന്തോനേഷ്യയിലെ തങ്ങളുടെ കേന്ദ്രങ്ങളിൽ ഹലാൽ ഉത്പന്നങ്ങൾ നിർമിക്കുന്നുണ്ട്.
അതേസമയം മുസ്‌ലിം ലോകവുമായി ബിസിനസിന് താത്പര്യം പരസ്യപ്പെടുത്തുമ്പോഴും മുസ്‌ലിങ്ങളോടും ഇസ്‌ലാമിക സംസ്കാരത്തോടുമുള്ള കൊറിയക്ക് പ്രതികൂല മനോഭാവമാണുള്ളത്.
കൊറിയയിൽ മുസ്‌ലിങ്ങളെ ഉദാസീനമായും ഭയത്തോടെയുമാണ് കാണുന്നതെന്ന് ദക്ഷിണ കൊറിയയിലെ ഇസ്‌ലാമിനെ കുറിച്ച് ഗവേഷണം നടത്തുന്ന കെയിംയങ് സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ഫറ ഷെയ്ഖ് അൽ ജസീറയോട് പറഞ്ഞു.
ഹലാൽ ഉത്പന്നങ്ങളെ ഇസ്‌ലാമിന് കൊറിയൻ സമൂഹത്തിലേക്ക് അതിക്രമിച്ചുകയറാനുള്ള മാർഗമായാണ് അവർ കാണുക എന്നും ഫറ ചൂണ്ടിക്കാട്ടി.
Content Highlight: South Korea loves pork and booze. It wants to be the next halal powerhouse