| Thursday, 16th April 2020, 2:16 pm

കൊവിഡിനെ തളച്ചു; ദക്ഷിണകൊറിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മൂണ്‍ജേ ഇന്നിന്റെ പാര്‍ട്ടിക്കു തിളക്കമാര്‍ന്ന വിജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോകമെങ്ങും കൊവിഡ്-19 പ്രതിസന്ധിയിലായിരിക്കെ ദക്ഷിണകൊറിയയില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് തിളക്കമാര്‍ന്ന വിജയം. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ജേ ഇന്നിന്റെ ഡെമോക്രാറ്റിക് പാര്‍ട്ടി 163 സീറ്റുകള്‍ നേടി വിജയിച്ചു. 300 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സഹപാര്‍ട്ടിയായ പ്ലാറ്റ്‌ഫോം പാര്‍ട്ടി 17 സീറ്റുകള്‍ നേടി. ഇവരുടെ സീറ്റുകള്‍ കൂടി ലഭിക്കുന്നതിനാല്‍ 180 സീറ്റുകള്‍ പാര്‍ലമെന്റില്‍ നേടാനാവും. 35 പാര്‍ട്ടികള്‍ മത്സരരംഗത്തുണ്ടായിരുന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് പാര്‍ട്ടിയും യുണൈറ്റഡ് ഫ്യൂച്ചര്‍ പാര്‍ട്ടിയും തമ്മിലായിരുന്നു പ്രധാനമത്സരം.

കൊവിഡ്-19 നില്‍ മൂണ്‍ ജേ ഇന്‍ എടുത്ത കൃത്യമായ നടപടികളാണ് വിജയത്തിന് കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. ജനുവരിയില്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ തിരിച്ചടികളുണ്ടായിരുന്നു. ഒപ്പം ഉത്തരകൊറിയയുമായുള്ള ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. ഇതിനാല്‍ ജനങ്ങള്‍ക്ക് ഭരണത്തില്‍ അസംതൃപ്തിയുണ്ടായിരുന്നു.

എന്നാല്‍ ഫെബ്രുവരിയില്‍ ഒരു ദിവസം 900 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നിടത്തു നിന്നും ദിവസം 30 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന തരത്തില്‍ മികച്ച സുരക്ഷാ നടപടികളാണ് ദക്ഷിണകൊറിയന്‍ സര്‍ക്കാര്‍ സ്വീകരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കടുത്ത സുരക്ഷാ മുന്‍കരുതലിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പനിയും ചുമയും ഉള്ളവര്‍ക്ക് വോട്ടിംഗിനായി പ്രത്യേക സൗകര്യമൊരുക്കി. ഇവര്‍ ഓരോരുത്തരും വോട്ട് ചെയ്ത് കഴിയുമ്പോഴും സ്ഥലം അണുവിമുക്തമാക്കി. വോട്ടര്‍മാര്‍ ബൂത്തുകളില്‍ കൃത്യമായി അകലം പാലിക്കുകയും സുരക്ഷാ മുന്‍കരുതല്‍ എടുക്കുകയും ചെയ്തു.

ഒപ്പം ജനസംഖ്യയുടെ 26 ശതമാനം പോസ്റ്റ്ല്‍ സര്‍വീസിലൂടെയും മറ്റും നേരത്തെ തന്നെ വോട്ടിംഗ് രേഖപ്പെടുത്തി. കൊവിഡ് സ്ഥിരീരികരിച്ചവര്‍ക്ക് കര്‍ശന സുരക്ഷ ഒരുക്കി പ്രത്യേക വോട്ടിംഗിന് അവസരം നല്‍കി.

ചരിത്രത്തിലിന്നുവരെയും ദക്ഷിണകൊറിയ പൊതു തെരഞ്ഞെടുപ്പ് മാറ്റി വെച്ചിട്ടില്ല. 1952 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത് കൊറിയന്‍ യുദ്ധത്തിനിടയിലായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more