തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൂര്യക്കും ബോളിവുഡ് താരം കജോളിനും ഓസ്‌കാര്‍ കമ്മിറ്റിയിലേക്ക് ക്ഷണം. സൗത്ത് ഇന്ത്യയില്‍ നിന്നും ഓസ്‌കാര്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ താരമാണ് സൂര്യ. ഓസ്‌കര്‍ അക്കാദമി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സൂര്യക്ക് അഭിനന്ദങ്ങളുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും രംഗത്തെത്തി.
സംവിധായിക റീമ കാഗ്തി, സുഷ്മിത് ഘോഷ്, ദല്‍ഹി മലയാളിയായ റിന്റു തോമസ്, ആദിത്യ സൂദ്, പി.ആര്‍. ആയ സോഹ്നി സെന്‍ഗുപ്ത എന്നിവരാണ് അംഗങ്ങളിലെ മറ്റ് ഇന്ത്യക്കാര്‍.
കമ്മിറ്റിയിലെ അംഗങ്ങള്‍ അവാര്‍ഡിനായി തെരഞ്ഞെടുത്ത സിനിമകള്‍ക്ക് വോട്ട് ചെയ്യും. ഏറ്റവുമധികം വോട്ട് ലഭിക്കുന്ന സിനിമകള്‍ക്കും നടനും നടിക്കും ഓസ്‌കാര്‍ അവാര്‍ഡ് ലഭിക്കും.
ഓരോ വര്‍ഷവും ഓസ്‌കാര്‍ കമ്മിറ്റിയിലെ അംഗങ്ങള്‍ മാറാറുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ളവരാണ് ഓസ്‌കാര്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 397 അംഗങ്ങളാണ് അവാര്‍ഡ് കമ്മിറ്റിയിലുണ്ടാവുക. ഇതില്‍ അഭിനേതാക്കളുടെ ലിസ്റ്റിലാണ് സൂര്യ ഇടംപിടിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയില്‍ നിന്ന് ഇതാദ്യമായാണ് ഒരു അഭിനേതാവിന് അക്കാദമിയുടെ ഭാഗമാകാന്‍ ക്ഷണം ലഭിക്കുന്നത്. നേരത്തെ സൂര്യ നായകനായ ജയ് ഭീം ഓസ്‌കാറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
അഭിനേതാക്കളായ ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, അമിതാഭ് ബച്ചന്‍, നടിമാരായ മാധുരി ദീക്ഷിത്, വിദ്യാ ബാലന്‍, പ്രിയങ്ക ചോപ്ര, ഏകതാ കപൂര്‍, സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാന്‍ എന്നിവരെ നേരത്തെ ഓസ്‌കാര്‍ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തിട്ടുണ്ട്.
Content Highlight: South Indian superstars Surya and Kajol invited to Oscar committee