ലോക്‌സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തുന്നത്. മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയത്തിന് പിന്നിലെ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്താണെന്ന് തുറന്നുക്കാട്ടുമെന്ന് സ്റ്റാലിന്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്നു.
സ്റ്റാലിന്‍ ഉയര്‍ത്തുന്ന പ്രതിരോധത്തിന് പിന്തുണ അറിയിച്ചുകൊണ്ട് മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും രംഗത്തുവരുന്നു. ഇത്തരത്തില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ ശബ്ദം ഉയരാനുള്ള കാരണം എന്തായിരിക്കും?
മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം വഴി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളുടെ എണ്ണം കുറയുന്നു എന്നതാണ് പ്രധാന വിമര്‍ശനം. എന്നാല്‍ ബി.ജെ.പിക്ക് സ്വാധീനമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകുന്നു എന്നത് ആദ്യത്തേതിനേക്കാള്‍ ആശങ്ക ഉയര്‍ത്തുന്നു.
കഴിഞ്ഞ ദിവസം മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയത്തെ തുടര്‍ന്ന് ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങള്‍ പഠിക്കാന്‍ എം.കെ. സ്റ്റാലിന്‍ സര്‍വകക്ഷി യോഗം വിളിക്കുകയുണ്ടായി. മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയത്തിനെതിരെ ആദ്യഘട്ടം മുതല്‍ സ്റ്റാലിന്‍ രംഗത്തുണ്ട്. ജനസംഖ്യാ നിയന്ത്രണം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഒന്നെല്ലങ്കില്‍ മറ്റൊരു രീതിയില്‍ തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്ന് സ്റ്റാലിന്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
ലോക്‌സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയത്തിനെതിരെ പ്രമേയം പാസാക്കിയ ഏക സംസ്ഥാനം കൂടിയാണ് തമിഴ്‌നാട്. 1971ലെ ജനസംഖ്യ സെന്‍സസ് മാനദണ്ഡമാക്കിയായിരിക്കണം പുനര്‍നിര്‍ണയമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. 71ലെ സെന്‍സസിന് ശേഷം മണ്ഡലങ്ങളുടെ അതിര്‍ത്തികളില്‍ മാറ്റം വരുത്തിയെങ്കിലും ലോക്‌സഭാ, നിയമസഭാ സീറ്റുകളുടെ എണ്ണത്തില്‍ മാറ്റം വരുത്തിയിരിന്നില്ല.
അതേസമയം മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സീറ്റുകളില്‍ കുറവുണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നു. എന്നാല്‍ ഉത്തരേന്ത്യയിലെ സീറ്റ് വര്‍ധനവില്‍ അമിത് ഷാ മൗനം പാലിക്കുകയും ചെയ്യുന്നു.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, അടുത്ത വര്‍ഷം കേന്ദ്ര സര്‍ക്കര്‍ നടത്താനിരിക്കുന്ന മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം എങ്ങനെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ബാധിക്കുമെന്ന് പരിശോധിക്കാം.
ഉദാഹരണമായി പുനര്‍നിര്‍ണയത്തോടെ കേരളത്തില്‍ ഒരു സീറ്റിന്റെ കുറവുണ്ടാകും. അതേസമയം ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ലോക്‌സഭാ സീറ്റുകള്‍ ഇരട്ടിയാകും.
കേരളത്തില്‍ ആകെ 20 ലോക്‌സഭാ മണ്ഡലങ്ങളാണ് ഉള്ളത്. എന്നാല്‍ പുനര്‍നിര്‍ണയം നടക്കുന്നതോടെ ഇത് 19 ആയി കുറയും. ദക്ഷിണേന്ത്യയില്‍ ആകെയുള്ളത് 129 മണ്ഡലങ്ങളാണ്. ഇന്ത്യയിലാകെ 543 മണ്ഡലങ്ങളും. മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം നടക്കുന്നതോടെ ഇത് 753 ആയി വര്‍ധിക്കും. പക്ഷെ ദക്ഷിണേന്ത്യയില്‍ വര്‍ധിക്കുക 15 മണ്ഡലങ്ങള്‍ മാത്രം.
എന്നാല്‍ യു.പിയില്‍ മാത്രമായി വര്‍ധിക്കുന്നത് 48 സീറ്റുകളും. അതായത് യു.പിയില്‍ നിലവിലുള്ള 80 സീറ്റുകള്‍ 128 ആകും. എന്‍.ഡി.എ ഭരണത്തിലിരിക്കുന്ന ബീഹാറില്‍ 40 സീറ്റുകള്‍ 70 ആയും ഗുജറാത്തില്‍ 26 മണ്ഡലങ്ങള്‍ 39 ആയും വര്‍ധിക്കും. മധ്യപ്രദേശില്‍ നിലവിലെ സീറ്റുകളുടെ എണ്ണം 29 ആണ്. എന്നാല്‍ പുനര്‍നിര്‍ണയം പൂര്‍ത്തിയാകുന്നതോടെ ഇത് 47 ആകും.
മഹാരാഷ്ട്രയില്‍ 48 സീറ്റുകള്‍ 68 ആയി വര്‍ധിക്കുമ്പോള്‍ രാജസ്ഥാനില്‍ 24 ലോക്‌സഭാ മണ്ഡലങ്ങള്‍ 44 ആയി ഉയരുകയും ചെയ്യും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെല്ലാം സീറ്റുകളില്‍ വര്‍ധനവ് ഉണ്ടാകുന്നുണ്ട്. കര്‍ണാടകയിലെ 28 മണ്ഡലങ്ങള്‍ 36 ആയും ആന്ധ്രാപ്രദേശില്‍ നിലവിലുള്ള 25 സീറ്റുകള്‍ 28 ആയും വര്‍ധിക്കുന്നതാണ്.
തെലങ്കാനയില്‍ 17 സീറ്റുകളുള്ളത് 20 ആയി വര്‍ധിക്കുകയും ചെയ്യും. കേരളത്തിലും പഞ്ചാബിലുമാണ് മണ്ഡലങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാകുക. പഞ്ചാബില്‍ ആകെയുള്ള 13 സീറ്റ് 12 ആയി കുറയുകയാണ് ചെയ്യുക.
എന്നാല്‍ തമിഴ്നാടിന് പുറമെ മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ തെലങ്കാനയും കര്‍ണാടകയും പ്രതിഷേധത്തിലുണ്ട്. തമിഴ്നാടിന്റെ നിലപാടിനെ പിന്തുണച്ച് തെലങ്കാനയിലെ ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രതിപക്ഷമായ ബി.ആര്‍.എസും രംഗത്തെത്തി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ വിഷയത്തില്‍ സംസ്ഥാന കോണ്‍ഗ്രസിനേക്കാള്‍ കേന്ദ്രത്തിനെതിരെ ബി.ആര്‍.എസ് ശക്തമായി ഗ്രൗണ്ടിലുണ്ട്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ, 148 കോടി. ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി ക്യാമ്പയിനിലൂടെയും ബോധവത്ക്കരണത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും കൃത്യമായ ജനനസംഖ്യ നിയന്ത്രണ പദ്ധതികള്‍ നടപ്പിലാക്കിയ സംസ്ഥാനങ്ങളാണ് ദക്ഷിണേന്ത്യയിലേത്. ഈ നയപരിപാടികളാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ തിരിച്ചടിക്കുന്നത്.
20 ലക്ഷം പേര്‍ക്കായി ഒരു മണ്ഡലം എന്നതാണ് സാങ്കേതികമായ കണക്ക്. എന്നാല്‍ ഇവിടെ ആശങ്ക ഉയര്‍ത്തുന്ന വിഷയം, മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം സാധ്യമാക്കാനുള്ള ഘടകങ്ങളെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസാരിക്കുന്നില്ല എന്നതാണ്. ഓരോ സെന്‍സസിന് ശേഷവും രേഖപ്പെടുത്തുന്ന ജനസംഖ്യാനുപാതമാണ് മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയത്തിന്റെ പ്രധാന ഘടകം. പക്ഷെ കേന്ദ്രം പറയുന്നത് മാനദണ്ഡങ്ങള്‍ ഇനിയുമുണ്ടെന്നാണ്.
ഈ വ്യക്തതക്കുറവ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്നു. ഈ വിഷയത്തില്‍ എന്‍.ഡി.എ ഘടകകക്ഷിയായ തെലുഗു ദേശം പാര്‍ട്ടി ഭരണത്തിലിരിക്കുന്ന ആന്ധ്രാപ്രദേശില്‍ നിന്ന് പ്രത്യക്ഷമായി ശബ്ദമുയര്‍ന്നിട്ടില്ല.
യഥാര്‍ത്ഥത്തില്‍ ഭൂപരമായും സംസ്ഥാനങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളുടെ അടിസ്ഥാനത്തിലും ഓരോ സംസ്ഥാനവും കേന്ദ്രത്തിന് നല്‍കുന്ന ധനവിഹിതത്തിനും ആനുപാതികമായിട്ടായിരിക്കണം മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം നടക്കേണ്ടത്.
എന്നാല്‍ ഇവിടെ സെന്‍സസ് നടപടികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയത്തിനായി കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തുമ്പോള്‍ സംശയിക്കേണ്ടിയിരിക്കുന്നു, പ്രത്യേക അജണ്ടകളെ മുന്‍നിര്‍ത്തിയുള്ള നീക്കങ്ങള്‍ കൂടുതല്‍ സേഫ് സോണിലേക്ക് മാറാനുള്ള കേന്ദ്രത്തിന്റെ മറ്റൊരു തന്ത്രമാണെന്ന്.
Content Highlight: south indian states against Centre amid delimitation row