കൊവിഡിന് ശേഷം അത്ര നല്ല കാലമല്ല ബോളിവുഡിന്. ഇറങ്ങുന്ന ഭൂരിപക്ഷം സിനിമകളും വമ്പന്‍ പരാജയങ്ങളാകുന്നതിന് പുറമേ ബോയ്‌കോട്ട് ഭീഷണിയും ബോളിവുഡ് നേരിടുന്നു. ഭൂല്‍ ഭുലയ്യ 2, ഗംഗുഭായ് കത്തിയവാഡി, ബ്രഹ്‌മാസ്ത്ര എന്നിങ്ങനെ ചുരുക്കം ചില സിനിമകളാണ് തിയേറ്ററുകളില്‍ ഓടിയത്. ആ നിരയിലേക്ക് ദൃശ്യം 2വും എത്തിയിരിക്കുകയാണ്. ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ദൃശ്യം 2വിന്റെ റീമേക്കാണ് ഇത്. ദൃശ്യം ഒന്നാം ഭാഗവും ഇത്തരത്തില്‍ റീമേക്ക് ചെയ്തിരുന്നു. ഹിറ്റിനൊപ്പം റീമേക്ക്‌വുഡ് എന്ന ചീത്തപ്പേര് ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതാണ് ദൃശ്യം രണ്ടാം ഭാഗത്തിന്റെ വിജയം.
ലാല്‍ സിങ് ഛദ്ദ, ജെഴ്‌സി, വിക്രം വേദ, കട്ട്പുട്‌ലി തുടങ്ങിയവ അടുത്തിടെ ഹിന്ദിയില്‍ പുറത്തിറങ്ങിയ റീമേക്ക് ചിത്രങ്ങളാണ്. എന്നാല്‍ ബോളിവുഡില്‍ നിന്നും റീമേക്ക് ചെയ്‌തെത്തി ശ്രദ്ധ നേടുകയോ ചര്‍ച്ചയാവുകയോ ചെയ്ത സൗത്ത് ഇന്ത്യന്‍ ചിത്രങ്ങളുമുണ്ട്. അത്തരത്തിലുള്ള ചില സിനിമകള്‍ നോക്കാം.
ബോളിവുഡില്‍ നിന്നും സൗത്തിലേക്ക് എത്തിയ ഏറ്റവും നല്ല റീമേക്കുകളിലൊന്നാണ് നേര്‍കൊണ്ട പാര്‍വൈ. അജിത്ത്, ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ശ്രദ്ധ ആര്യ, ആന്‍ഡ്രിയ താരിയാങ് എന്നിവര്‍ അഭിനയിച്ച ചിത്രം 2016ല്‍ പുറത്തിറങ്ങിയ പിങ്ക് എന്ന അമിതാഭ് ബച്ചന്‍ ചിത്രത്തിന്റെ റീമേക്കാണ്. കണ്‍സെന്റിന്റെ പ്രധാന്യത്തെ പറ്റി ചര്‍ച്ച ചെയ്ത സിനിമ ശക്തമായ സത്രീപക്ഷ രാഷ്ട്രീയമാണ് മുന്നോട്ട് വെച്ചത്. ഭാര്യ ആണെങ്കിലും ലൈംഗിക തൊഴിലാളി ആണെങ്കിലും നോ എന്നാല്‍ നോ ആണെന്നത് പിങ്ക് അടിവരയിട്ട് പറഞ്ഞു. ഹിന്ദിയില്‍ വളരെ റിയലിസ്റ്റാക്കി പറഞ്ഞ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ അജിത്തിന്റെ ചില ആക്ഷന്‍ രംഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരുന്നു. ആരാധകരെ തൃപ്തിപ്പെടുത്താന്‍ ഇത്തരം ചില പൊടിക്കൈകള്‍ ചെയ്‌തെങ്കിലും അജിത്തിനെ പോലെ വലിയ ആരാധക വൃന്ദവും സ്വധീനവുമുള്ള താരം ഇത്തരം സിനിമകള്‍ ചെയ്യുന്നത് നല്ല മാതൃകയാണ്.
ബോളിവുഡില്‍ നിന്നും തെന്നിന്ത്യയിലേക്ക് ചെയ്ത ഏറ്റവും നല്ല റീമേക്കുകളിലൊന്നാണ് നന്‍പന്‍. ബോളിവുഡിലെ എക്കാലത്തേയും വലിയ വിജയങ്ങളിലൊന്നായ ആമീര്‍ ഖാന്‍ ചിത്രം ത്രി ഇഡിയറ്റ്‌സിന്റെ റീമേക്കില്‍ വിജയ് ആണ് കേന്ദ്രകഥാപാത്രമായെത്തിയത്. മാധവന്‍, ഷര്‍മാന്‍ ജോഷി, കരീന കപൂര്‍ എന്നിവരുടെ കഥാപാത്രങ്ങള്‍ തമിഴില്‍ യഥാക്രമം ശ്രീകാന്ത്, ജീവ, ഇല്യാന ഡിക്രൂസ് എന്നിവരാണ് അവതരിപ്പിച്ചത്. സാധാരണ ഗതിയില്‍ ഒറിജിനലുമായി താരതമ്യപ്പെടുത്തുമ്പോള്‍ റീമേക്കുകള്‍ അത്രപോര എന്ന അഭിപ്രായങ്ങള്‍ വരാറുണ്ട്. എന്നാല്‍ ഒറിജിനല്‍ ചിത്രത്തോട് നീതി പുലര്‍ത്തിയ റീമേക്കായി നന്‍പനെ കണക്കാക്കാം.
വിദ്യ ബാലന്‍ നായികയായ സൂപ്പര്‍ ഹിറ്റ് ഹിന്ദി ചിത്രം കഹാനിയുടെ റീമേക്കാണ് അനാമിക. നയന്‍താരയാണ് ചിത്രത്തില്‍ നായികയായത്. കല്‍ക്കത്ത നഗരത്തിന്റെ സംസ്‌കാരവും ജീവിതവും കൂടി പകര്‍ത്തിയ കഹാനി ഫീമെയ്ല്‍ ലീഡില്‍ 100 കോടി ക്ലബ്ബില്‍ കയറിയ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ്. അനാമിക എന്നായിരുന്നു തെലുങ്ക് റീമേക്കിന്റെ പേര്. ഭര്‍ത്താവിനെ തെരഞ്ഞെത്തുന്ന സ്ത്രീകളെ തന്നെയാണ് ഇരുചിത്രങ്ങളും കാണിച്ചതെങ്കിലും ക്ലൈമാക്‌സിലുള്‍പ്പെടെ അനാമിക മാറ്റം വരുത്തിയിരുന്നു. വിദ്യാ ബാലന്റെ കഥാപാത്രം വ്യാജഗര്‍ഭവുമായിട്ടാണ് ചിത്രത്തിലെത്തിയതെങ്കില്‍ നയന്‍താരക്ക് ഗര്‍ഭമില്ലായിരുന്നു. ഹിന്ദിയില്‍ ഭര്‍ത്താവിനെ കൊന്നവരോട് പ്രതികാരം വീട്ടുകയാണെങ്കില്‍ തെലുങ്കില്‍ ഒടുവില്‍ നായിക ഭര്‍ത്താവിനെ തന്നെ കൊല്ലുകയായിരുന്നു.
ആയുഷ്മാന്‍ ഖുറാനയുടെ പ്രകടനം കൊണ്ടും കണ്ടന്റിലെ ക്വാളിറ്റി കൊണ്ടും വലിയ രീതിയില്‍ സെലിബ്രേറ്റ് ചെയ്ത സിനിമയാണ് അന്ധാദുന്‍. ആ വര്‍ഷം ബോക്‌സ് ഓഫീസില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ ചിത്രങ്ങളിലൊന്നുകൂടിയാണ് അന്ധാദുന്‍. ഈ ചിത്രം തെലുങ്കിലേക്ക് മെയ്‌സ്‌ട്രോ എന്ന പേരിലും മലയാളത്തില്‍ ഭ്രമമെന്ന പേരിലും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. തെലുങ്കില്‍ നിധിന്‍ നായകനായപ്പോള്‍ തബുവിന്റെ വേഷം അവതരിപ്പിച്ചത് തമന്ന ആയിരുന്നു. ഭ്രമത്തില്‍ പൃഥ്വിരാജ്, മംമ്ത മോഹന്‍ദാസ്, റാഷി ഖന്ന എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായത്. സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ച ഭ്രമത്തിന് അന്ധാദുനുമായി താരതമ്യപ്പെടുത്തി വലിയ വിമര്‍ശനങ്ങളും വന്നിരുന്നു.
സല്‍മാന്‍ ഖാന്‍ നായകനായ ദബാങ്ങിന് സൗത്ത് ഇന്ത്യയില്‍ രണ്ട് റീമേക്കുകളുണ്ടായിരുന്നു. തെലുങ്കില്‍ പവന്‍ കല്യാണ്‍ നായകനായ ഖബ്ബര്‍ സിങ്ങും തമിഴില്‍ ചിമ്പു നായകനായ ഒസ്തിയും. തെലുങ്കില്‍ 150 കോടി കളക്ട് ചെയ്ത ഖബ്ബര്‍ സിങ്ങിലെ അഭിനയത്തിന് പവന്‍ കല്യാണിന് 59ാമത് ഫിലിം ഫെയര്‍ അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചു. അതേസമയം ഒസ്തിക്ക് കാര്യമായ ചലനം ഉണ്ടാക്കാന്‍ സാധിച്ചില്ല.
Content Highlight: south indian remake movies from bollywood