| Tuesday, 21st February 2023, 8:46 am

ഞാന്‍ നിരീശ്വര വാദിയാണ്, സഹമനുഷ്യരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു, അവരെയാണ് ദൈവമായി കാണുന്നത്: വൈറലായി വിജയ് സേതുപതിയുടെ വാക്കുകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യര്‍ താരം വിജയ് സേതുപതിയുടെ പഴയ വീഡിയോ വൈറലാവുന്നു. താന്‍ നിരീശ്വര വാദിയാണെന്നും എന്നാല്‍ മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കുന്നുവെന്നുമാണ് വിജയ് പറയുന്നത്. സഹമനുഷ്യരെ താന്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെന്നും അവരെയാണ് ദൈവമായി കാണുന്നതെന്നും വിജയ് പറഞ്ഞു.

‘ഞാന്‍ ഒരു നിരീശ്വര വാദിയാണ്. നിങ്ങള്‍ ഭസ്മം തന്നാലും ഞാന്‍ വാങ്ങും. തീര്‍ത്ഥം തന്നാലും ഞാന്‍ വാങ്ങും. കാരണം ഞാന്‍ നിങ്ങളെ ബഹുമാനിക്കുന്നു. എന്നോടുള്ള സ്‌നേഹം കൊണ്ടല്ലേ അത് എനിക്ക് തരുന്നത്. ഞാന്‍ മറ്റൊരാളുടെ മേലെ ഒന്നും അടിച്ചേല്‍പ്പിക്കില്ല, അത് എന്റെ ചിന്തയാണ്. ഇതാണ് ശരിയെന്ന് ആരോടും തര്‍ക്കിക്കുകയുമില്ല. ഞാന്‍ സഹമനുഷ്യരെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. അവരെയാണ് ഞാന്‍ ദൈവമായി കാണുന്നത്. എനിക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ മനുഷ്യനെ സഹായിക്കാന്‍ വരികയുള്ളൂ.

അമ്മയോട് അമ്പലത്തില്‍ പോവാന്‍ പറയാറുണ്ട്. അവിടെ പോയാല്‍ സമാധാനം കിട്ടും, അവിടെ പോയി ഇരിക്കാന്‍ പറയും. ഒന്നും ആവശ്യപ്പെടാതെ ഒന്നും പ്രതീക്ഷിക്കാതെ സമാധാനത്തോടെ പോയി ഇരുന്നിട്ട് വരാന്‍ പറയും. ഞാന്‍ അതിനെ മറ്റൊരു തരത്തിലാണ് നോക്കുന്നത്. വിശ്വാസമുള്ളത് നല്ലതാണ്. അത് വലിയ ആശ്വാസമാണ്,’ വിജയ് സേതുപതി വീഡിയോയില്‍ പറഞ്ഞു.

സുരേഷ് ഗോപിയുടെ വിദ്വേഷ പ്രസംഗം വിവാദമായതിനെ തുടര്‍ന്നാണ് വിജയ് സേതുപതിയുടെ പഴയ വീഡിയോ വീണ്ടും പ്രചരിച്ചത്. അവിശ്വാസികള്‍ക്ക് സര്‍വനാശം വരട്ടെ എന്നാണ് ശിവരാത്രിയോട് അനുബന്ധിച്ച് ആലുവയില്‍ നടന്ന പരിപാടിയില്‍ വെച്ച് സുരേഷ് ഗോപി പറഞ്ഞത്.

എന്റെ മതത്തെ ഞാന്‍ സ്നേഹിക്കുന്നുണ്ടെങ്കില്‍ മറ്റ് മതസ്ഥരുടെ വിശ്വാസത്തേയും സ്നേഹിക്കാന്‍ സാധിക്കണം. ഖുര്‍ആനേയും ബൈബിളിനേയും മാനിക്കാന്‍ കഴിയണം. സ്നേഹവും അങ്ങനെ തന്നെയാണെന്നും തന്റെ ഈശ്വരന്മാരെ സ്നേഹിക്കുന്നത് പോലെ ലോകത്തുള്ള വിശ്വാസികളായ എല്ലാ മനുഷ്യരെയും താന്‍ സ്നേഹിക്കും. എന്നാല്‍ അവിശ്വാസികളോട് ഒട്ടും തന്നെ സ്നേഹമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

വിശ്വാസികളുടെ അവകാശത്തിലേക്ക് ധ്വംസന രൂപേണ വരുന്ന ഒരു ശക്തിയോടും പൊറുക്കില്ലെന്നും അവരുടെ സര്‍വ്വ നാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുന്നില്‍ നിന്ന് പ്രാര്‍ത്ഥിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

Content Highlight: South Indian actor Vijay Sethupathi’s old video about atheism is going viral

We use cookies to give you the best possible experience. Learn more