ന്യൂദല്‍ഹി: വയനാട് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദക്ഷിണേന്ത്യയെ തഴയുന്നവര്‍ക്കുള്ള മറുപടിയാണ് തന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വം എന്നായിരുന്നു രാഹുലിന്റെ മറുപടി.
ദക്ഷിണേന്ത്യയെ പ്രധാനമന്ത്രി നരേന്ദ്രമോദി തഴഞ്ഞു. ദക്ഷിണേന്ത്യക്കാരെ പല ഘട്ടത്തിലും മോദി മാറ്റിനിര്‍ത്തി. ഞാന്‍ അവര്‍ക്കൊപ്പമുണ്ടെന്ന പ്രഖ്യാപനമാണ് തന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ നല്‍കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാജ്യത്തെ സുപ്രധാന വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്നും അതിലൊന്നും തങ്ങള്‍ വീഴില്ലെന്നും രാഹുല്‍ പറഞ്ഞു.
ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടെന്ന് തന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ഉറപ്പിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ തുടക്കം മുതല്‍ ബി.ജെ.പി രംഗത്തെത്തിയിരുന്നു. അമേഠിയിലെ തോല്‍വി ഭയന്നാണ് രാഹുല്‍ വയനാട്ടിലേക്ക് പോകുന്നത് എന്നായിരുന്നു വിമര്‍ശനം. രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ വര്‍ഗീയ വത്ക്കരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു.
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെയായിരുന്നു മോദിയുടെ വര്‍ഗീയ പരമാര്‍ശം. ഹിന്ദു മേഖലകളില്‍ മത്സരിക്കാതെ കോണ്‍ഗ്രസ് നേതാക്കള്‍ മറ്റിടങ്ങളിലേക്കു മത്സരിക്കാന്‍ പോവുകയാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പേരു നേരിട്ടു പരാമര്‍ശിക്കാതെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തെ മോദി പരിഹസിച്ചത്.
ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള മണ്ഡലങ്ങളിലേക്കാണ് ചില നേതാക്കള്‍ അഭയാര്‍ഥികളെപ്പോലെ പോകുന്നതെന്നും പ്രധാനമന്ത്രി പരിഹസിച്ചിരുന്നു.