ചെന്നൈ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളില്‍ ദളിതരെ പൂജാരിയായി നിയമിച്ച പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് ദക്ഷിണേന്ത്യന്‍ രാഷ്ട്രീയ ലോകം. തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാവും ഡി.എം.കെ വര്‍ക്കിങ്ങ് പ്രസിഡന്റുമായ എം.കെ സ്റ്റാലിന്‍ സുപ്രധാന ചുവടുവെയ്പ്പാണ് പിണറായി സര്‍ക്കാര്‍ നടത്തിയതെന്ന് ട്വീറ്റ് ചെയ്തു.
ദളിതരടക്കമുള്ള അബ്രാഹ്മണരെ പൂജാരിമാരായി നിയമിച്ച പിണറായി, സര്‍ക്കാരിന് അഭിനന്ദനങ്ങളെന്നായിരുന്നു സ്റ്റാലിന്റെ ട്വീറ്റ്. നേരത്തെ തെലുങ്കാനയിലെ ദളിതര്‍ പിണറായിയുടെ ചിത്രത്തില്‍ മാലയിട്ടും നടപടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
ദളിതരെ പൂജാരിയാക്കാനുള്ള തീരുമാനത്തിന് വലിയ സ്വീകാര്യതയാണ് രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും ലഭിക്കുന്നത്. തെലുങ്കാനയിലെ ദളിത് സംഘടന പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തില്‍ മാലയിട്ട് പാലഭിഷേകം നടത്തിയായിരുന്നു നടപടിയെ സ്വീകരിച്ചത്.
ഇതിനു പിന്നാലെയാണ് തമിഴ്‌നാട് പ്രതിപക്ഷ നേതാവിന്റെ ട്വീറ്റ്. സ്റ്റാലിന്റെ ട്വീറ്റിനടിയിലും നിരവധിപ്പേര്‍ പിണറായിയുടെ നടപടിയെ അഭിനന്ദിച്ച രംഗത്തെത്തിയിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ നിയമനത്തില്‍ അഞ്ചു ദളിതര്‍ക്കാണ് ശാന്തി നിയമനം ലഭിച്ചിരിക്കുന്നത്.